Monday, October 17, 2011

മഴയില്‍ ........

                                           മഴയില്‍ ........

                    മഴ ....... മഴപോലെ ഹൃദയത്തെ ആര്‍ദ്രമാക്കുന്ന മറ്റെന്തുണ്ട് ...?
അറിയില്ല ......എന്നാലും മഴ എല്ലാ ഹൃദയങ്ങളെയും കുളിര്‍പ്പിക്കുന്നു. ...എന്‍റെ മനസു മുഴുവന്‍ കുട്ടിക്കാലത്തെ എന്‍റെ മഴക്കാലങ്ങളാണ്.എന്തൊരു രസമായിരുന്നു അന്നൊക്കെ .......!
          പുള്ളിക്കുടയുമായി സ്കൂളില്‍ പോയിരുന്ന ആ കാലം അതിമനോഹരം ....അന്നൊക്കെ ഇടിവെട്ടി മഴപെയ്യുമ്പോള്‍ പെണ്‍കുട്ടികളെല്ലാം കാതിലെ സ്വര്‍ണ്ണക്കമ്മല്‍ പൊത്തിപ്പിടിക്കും .എന്നിട്ടാണ് ഓട്ടം.അതിനിടയില്‍ കുടമാറി മഴമുഴുവന്‍ നനയും .പനി എന്നൊരു രോഗത്തെപറ്റി കുട്ടികളാരും അന്ന്‍ ആകുലപ്പെട്ടതേയില്ല.
      ഞങ്ങള്‍ വരുന്ന വഴിയില്‍  ഒരു കണ്ടമുണ്ട്. വികൃതികളായ ആണ്‍കുട്ടികള്‍ ആ കണ്ടത്തിലേക്ക് പരസ്പരം തള്ളിയിടും.ഞാന്‍ അവരുടെ അടുത്തൊക്കെ വളരെ ഭയഭക്തിയോടെയെ നില്‍ക്കൂ .....
ഞാനായിരുന്നു സ്കൂള്‍ സെക്രട്ടറി .അതുകൊണ്ടാവും എന്നെ കുട്ടികള്‍ക്ക് പേടിയായിരുന്നു. സ്കൂളില്‍ പോയി ഞാന്‍ പറഞ്ഞു കൊടുക്കുമെന്ന് അവര്‍ രഹസ്യമായി ഭയപ്പെട്ടിരുന്നു.ഒരിക്കലും ബാല്യകാലത്തിന്‍റെ രസങ്ങളൊന്നും അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.
       വീട്ടില്‍ ഞാന്‍ മൂത്ത കുട്ടിയായിരുന്നു.സ്കൂളില്‍ എപ്പോഴും ലീഡറും. അതുകൊണ്ട് എല്ലാവര്‍ക്കും മാതൃകയാകണം എന്നൊരു ഉത്തരവാദിത്വം എന്‍റെ മേല്‍ ചെറുപ്പത്തിലേ വന്നു ചേര്‍ന്നു. .....
        മഴക്കാലങ്ങളില്‍ കുട കയ്യിലുണ്ടെങ്കിലും ഞാന്‍ മഴനനയുമായിരുന്നു.ഇന്നും അങ്ങനെ തന്നെ ....
        ബാല്യകാലം കടന്നു പോയപ്പോള്‍ മഴ എനിക്ക് സമ്മാനിച്ചത് കവിതകളായിരുന്നു .എല്ലാവരും ഉറങ്ങുമ്പോള്‍ മഴയുടെ സംഗീതം കേട്ട് ഞാന്‍ കവിതകളെഴുതി.മഴക്കാലത്ത്‌ നേരം വെളുക്കരുതേ എന്ന് പ്രാര്‍ഥിച്ച് ഞാന്‍ കിടന്നുറങ്ങി ......
മഴയെ നോക്കിക്കൊണ്ട് ഉമ്മറത്തിരിക്കാന്‍ നല്ല രസമാണ്.
ഇന്ന് എനിക്കെല്ലാം അന്യമാണ് .....ഈ നഗരത്തില്‍ മഴ പെയ്യാറില്ല.......എന്നും ഞാനോര്‍ക്കും ഒരു മഴ പെയ്തെങ്കിലെന്ന്....!കൊടും ചൂടില്‍ തളര്‍ന്നു വീഴുമ്പോഴും ഉണര്‍ത്തുന്നത് കണ്ടുതീര്‍ത്ത ആ മഴക്കാലങ്ങളാണ്.പെയ്തു തോര്‍ന്ന എന്‍റെ മോഹങ്ങളാണ് ......

No comments:

Post a Comment