Monday, October 24, 2011

പ്രണയം

  പ്രണയം ......ആത്മാവിന്‍റെ വിങ്ങലാണ്. ഉരുകിത്തീരുന്ന ഹൃദയത്തിന്‍റെ വേദനയാണ്. ബ്ലെസ്സിയുടെ    "പ്രണയം"   ആത്മാവിന്‍റെ ആഴങ്ങളെ തഴുകിക്കടന്നു പോയി.അച്യുതമേനോന്‍ , ഗ്രേസ് , മാത്യൂസ് എന്നിവരിലൂടെ പ്രണയത്തിന്‍റെ വിവിധ തലങ്ങള്‍ ബ്ലെസ്സി വരച്ചു കാട്ടുന്നു. 
      അച്യുതമേനോന്‍റെ അനശ്വര പ്രണയവും,അതിനായുള്ള കാത്തിരിപ്പും മനസ്സില്‍ വിങ്ങലായി നില്‍ക്കുന്നു. ഗ്രേസ് പ്രണയത്തിന്‍റെ രണ്ടു മുഖങ്ങളിലൂടെ കടന്നു പോകുന്നു. ഗ്രേസിന്‍റെ വേദന ഒരു പക്ഷെ പലരുടെയും വേദനയാവും.....
അനുപം ഖേറും ജയപ്രദയും അവരുടെ കഥാപാത്രങ്ങളില്‍ ജീവിക്കുകയായിരുന്നു . 
    മോഹന്‍ലാലിന്‍റെ മാത്യൂസ് അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ് .
 ഈ  ചിത്രത്തിലെ ഒരു കഥാപാത്രവും അതിന്‍റെ ആത്മാവില്‍ നിന്ന് വ്യതിചലിക്കുന്നില്ല. 
   അച്യുതമേനോന്‍റെയും ഗ്രേസിന്‍റെയും  മകന്‍ സുരേഷ് അനൂപ്‌ മേനോന്‍റെ കയ്യില്‍ ഭദ്രമായിരുന്നു.അമ്മയെ കാണാതെ വളരേണ്ടി വന്ന ഒരു മകന്‍റെ തീവ്ര വേദന പ്രേക്ഷകനും ഏറ്റുവാങ്ങി.
         പ്രണയം ഒരിക്കലും മരിക്കുന്നില്ല എന്ന്‍ ബ്ലെസ്സി കാണിച്ചു തരുന്നു. പ്രണയത്തിനു പ്രായഭേദങ്ങളില്ല.അത് മനുഷ്യനെ ജീവിപ്പിക്കുന്ന ഊര്‍ജ്ജമാണ് , ശക്തിയാണ് ...മാത്യൂസിന്‍റെ തളര്‍ച്ചയിലും താങ്ങാവുന്നത് ഗ്രേസിന്‍റെ ഹൃദയത്തില്‍ അയാളോടുള്ള അടങ്ങാത്ത പ്രണയമാണ്. എല്ലാവരുടെയും പ്രണയം ഒരിക്കല്‍ അവരുടെ ആദ്യ പ്രണയത്തിലേക്ക് തിരിച്ചു ചെല്ലുമെന്ന് ബ്ലെസ്സി പറയുന്നു. പക്ഷെ എല്ലാ പ്രണയവും പവിത്രമല്ലേ ...?
      ഒരാള്‍ക്കും ജീവിതത്തില്‍ ഒരാളെ മാത്രം പ്രണയിക്കാനാവില്ല. ഒരു പ്രണയത്തിന്‍റെ അന്ത്യം മറ്റൊരു പ്രണയത്തിന്‍റെ ആരംഭമാണ്. 
        ദൈവത്തിന്‍റെ കരസ്പര്ശമാണ് ഒരാളെ പ്രണയിപ്പിക്കുന്നത്. വിരഹത്തിന്റെ കടലിലേക്ക് തള്ളപ്പെടുമ്പോഴും  ഉണര്‍ത്തുന്നതും ഉയിരു പകരുന്നതും പ്രണയമാണ്.
    മാത്യൂസ് പറയുന്നു സ്വപ്നങ്ങളെക്കാള്‍  മനോഹരമാണ് ജീവിതം ....ജീവിക്കാനറിയാമെങ്കില്‍.....
       അത് തന്നെയാണ് സത്യം ....ജീവിക്കാനറിയുമെങ്കില്‍ , കൂടെ ജീവിക്കുന്നവര്‍ക്ക് നമ്മളെ അറിയുമെങ്കില്‍ ജീവിതത്തെക്കാള്‍ മനോഹരമായി മറ്റെന്തുണ്ട് ....?പ്രണയമല്ലാതെ ...?

1 comment:

  1. pranayam kandu illee...:) :) :)..nic dearr...keep gng..my hearty congrats

    ReplyDelete