Saturday, October 29, 2011

മുല്ലപ്പൂക്കള്‍

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൂക്കളില്‍ ഒന്നാണ് മുല്ലപ്പൂ .....അതെന്‍റെ ബാല്യകാലത്തിന്‍റെ ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്. അന്നൊക്കെ  മുല്ലപ്പൂക്കള്‍ പറിച്ചെടുക്കാനും മാല കെട്ടാനുമെല്ലാം ഭയങ്കര ഇഷ്ടമായിരുന്നു. ഇന്നും ആ കാലം ഓര്‍മ്മകളില്‍ സുഗന്ധം പരത്തുന്നു.......
            ഞങ്ങളുടെ തറവാടിനു മുറ്റത്തെ ആ മുല്ലചെടികള്‍ ഇന്നില്ല. പുതിയ വീട് പണിതപ്പോള്‍ അതെല്ലാം കളയേണ്ടി വന്നു.ഞങ്ങളുടെ വീട്ടിലെ  മുല്ലപ്പൂ പോരാഞ്ഞിട്ട് കിങ്ങിണിയമ്മയുടെ  വീട്ടിലും പുളിക്കല്‍ക്കാരുടെ വീട്ടിലുമെല്ലാം പോയി മുല്ലമൊട്ട് പറിക്കും. പൂജാമുറിയിലെ ഫോട്ടോകളില്‍ വച്ചതിന്‍റെ ബാക്കി സ്കൂളില്‍ ടീച്ചര്‍മാര്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെ കൊണ്ടുപോയി കൊടുക്കും.
      അതൊക്കെ ഒരു രസമായിരുന്നു. ഇന്ന്‍ മുല്ലപ്പൂ കെട്ടാനും ചൂടാനുമൊന്നും നേരമില്ല. മാത്രമല്ല മുല്ലപ്പൂ വക്കുന്നതൊക്കെ ഇന്ന്‍  ഇഷ്ടമല്ലാതായിരിക്കുന്നു. കാലത്തിനു നമ്മുടെ ഇഷ്ടങ്ങളില്‍ ഒരുപാടു മാറ്റം വരുത്താനാകും.  
     അന്നത്തെ സ്വപ്നം കല്യാണപ്പെണ്ണാകുന്നതായിരുന്നു .ഇന്നതൊക്കെയോര്‍ത്താല്‍ ചിരി വരും.കാലങ്ങള്‍ കടന്നു പോകുമ്പോള്‍ ഇന്നത്തെ ഇഷ്ടങ്ങളും ഇല്ലാതാവുമായിരിക്കും. എങ്കിലും ഒന്നുറപ്പാണ് അന്നും കാണും ഒരുപാടിഷ്ടങ്ങള്‍.......ഇഷ്ടങ്ങളില്ലാതെ  എങ്ങനെ ജീവിക്കാന്‍ ...?

ഒരു നേര്‍ത്ത തെന്നലായ്......

എന്‍റെ മോഹങ്ങള്‍ തന്‍ പുതുവസന്തതിലൊരു 
പൂമ്പാറ്റയായ്‌ വന്നു നീ 
എന്‍റെ പ്രേമ പുഷ്പത്തിന്‍ മധുരം  നുകര്‍ന്നു നീ 
എങ്ങോ പകര്‍ന്നു പോയി....
അറിയില്ല നീയിന്ന്‍ എവിടെയെന്നോ -
തുവാന്‍ അറിവുള്ളോരാരുമിന്നരികിലില്ല ......
അകലെയൊരു കാറ്റിന്‍റെ മൃദു രവമുണരുമ്പോള്‍
അറിയാതെ നിന്നെത്തിരഞ്ഞു പോകും 
ക്ഷമയറ്റു ഭൂമിയില്‍ ഞാന്‍ തളര്‍ന്നുറങ്ങുമ്പോള്‍
ഒരു നേര്‍ത്ത തെന്നലായ് നീയുണര്‍ത്തും

Monday, October 24, 2011

പ്രണയം

  പ്രണയം ......ആത്മാവിന്‍റെ വിങ്ങലാണ്. ഉരുകിത്തീരുന്ന ഹൃദയത്തിന്‍റെ വേദനയാണ്. ബ്ലെസ്സിയുടെ    "പ്രണയം"   ആത്മാവിന്‍റെ ആഴങ്ങളെ തഴുകിക്കടന്നു പോയി.അച്യുതമേനോന്‍ , ഗ്രേസ് , മാത്യൂസ് എന്നിവരിലൂടെ പ്രണയത്തിന്‍റെ വിവിധ തലങ്ങള്‍ ബ്ലെസ്സി വരച്ചു കാട്ടുന്നു. 
      അച്യുതമേനോന്‍റെ അനശ്വര പ്രണയവും,അതിനായുള്ള കാത്തിരിപ്പും മനസ്സില്‍ വിങ്ങലായി നില്‍ക്കുന്നു. ഗ്രേസ് പ്രണയത്തിന്‍റെ രണ്ടു മുഖങ്ങളിലൂടെ കടന്നു പോകുന്നു. ഗ്രേസിന്‍റെ വേദന ഒരു പക്ഷെ പലരുടെയും വേദനയാവും.....
അനുപം ഖേറും ജയപ്രദയും അവരുടെ കഥാപാത്രങ്ങളില്‍ ജീവിക്കുകയായിരുന്നു . 
    മോഹന്‍ലാലിന്‍റെ മാത്യൂസ് അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ് .
 ഈ  ചിത്രത്തിലെ ഒരു കഥാപാത്രവും അതിന്‍റെ ആത്മാവില്‍ നിന്ന് വ്യതിചലിക്കുന്നില്ല. 
   അച്യുതമേനോന്‍റെയും ഗ്രേസിന്‍റെയും  മകന്‍ സുരേഷ് അനൂപ്‌ മേനോന്‍റെ കയ്യില്‍ ഭദ്രമായിരുന്നു.അമ്മയെ കാണാതെ വളരേണ്ടി വന്ന ഒരു മകന്‍റെ തീവ്ര വേദന പ്രേക്ഷകനും ഏറ്റുവാങ്ങി.
         പ്രണയം ഒരിക്കലും മരിക്കുന്നില്ല എന്ന്‍ ബ്ലെസ്സി കാണിച്ചു തരുന്നു. പ്രണയത്തിനു പ്രായഭേദങ്ങളില്ല.അത് മനുഷ്യനെ ജീവിപ്പിക്കുന്ന ഊര്‍ജ്ജമാണ് , ശക്തിയാണ് ...മാത്യൂസിന്‍റെ തളര്‍ച്ചയിലും താങ്ങാവുന്നത് ഗ്രേസിന്‍റെ ഹൃദയത്തില്‍ അയാളോടുള്ള അടങ്ങാത്ത പ്രണയമാണ്. എല്ലാവരുടെയും പ്രണയം ഒരിക്കല്‍ അവരുടെ ആദ്യ പ്രണയത്തിലേക്ക് തിരിച്ചു ചെല്ലുമെന്ന് ബ്ലെസ്സി പറയുന്നു. പക്ഷെ എല്ലാ പ്രണയവും പവിത്രമല്ലേ ...?
      ഒരാള്‍ക്കും ജീവിതത്തില്‍ ഒരാളെ മാത്രം പ്രണയിക്കാനാവില്ല. ഒരു പ്രണയത്തിന്‍റെ അന്ത്യം മറ്റൊരു പ്രണയത്തിന്‍റെ ആരംഭമാണ്. 
        ദൈവത്തിന്‍റെ കരസ്പര്ശമാണ് ഒരാളെ പ്രണയിപ്പിക്കുന്നത്. വിരഹത്തിന്റെ കടലിലേക്ക് തള്ളപ്പെടുമ്പോഴും  ഉണര്‍ത്തുന്നതും ഉയിരു പകരുന്നതും പ്രണയമാണ്.
    മാത്യൂസ് പറയുന്നു സ്വപ്നങ്ങളെക്കാള്‍  മനോഹരമാണ് ജീവിതം ....ജീവിക്കാനറിയാമെങ്കില്‍.....
       അത് തന്നെയാണ് സത്യം ....ജീവിക്കാനറിയുമെങ്കില്‍ , കൂടെ ജീവിക്കുന്നവര്‍ക്ക് നമ്മളെ അറിയുമെങ്കില്‍ ജീവിതത്തെക്കാള്‍ മനോഹരമായി മറ്റെന്തുണ്ട് ....?പ്രണയമല്ലാതെ ...?

Saturday, October 22, 2011

ജീവിത യാത്രകള്‍

മറയുന്ന മഴമേഘ സന്ധ്യകളെ ....
മായാത്ത മൌനരാഗ മോമ്പരമേ ...
മനസിന്റെ നൊമ്പര പെയ്ത്തിനൊപ്പം
പടിയിറങ്ങിപ്പോയ കവിതകളെ ....
കരയുന്ന രാവുകളില്‍
കദനത്തിന്‍ രാവുകളില്‍
അറിയാതെയെന്നെ അറിയുന്ന നീയാര്
അറിയുവാനാശിപ്പു ഞാന്‍
കണ്ണു നീരൊരുപിടി കവിതകള്‍ തന്നത്
കാലത്തിന്നപ്പുറത്തല്ലേ......?
ഇന്നെന്റെ കവിതകള്‍ കണ്ണീരിലൊഴുകിയ
കഥ നിങ്ങളും കേട്ടുവോ ...?
കൊഴിയുന്ന പൂവുകള്‍
ഇടറുന്ന വാക്കുകള്‍
കൊഴിയുന്ന കണ്ണുനീര്‍  മുത്തുകള്‍
പിന്നെ തുടരുന്ന ജീവിത യാത്രകള്‍

എന്‍റെ പൗര്‍ണ്ണമി

അപരാധമാണ് ഞാന്‍ ചെയ്തതെങ്കില്‍
അറിയാതെയാണെന്‍ കണ്ണാ
അറിയാതെ നിന്നെ ഞാന്‍ പ്രണയിച്ചു പോയെങ്കില്‍
അതിനെന്നെ പഴിക്കല്ലേ കണ്ണാ
നീയെന്നരികിലുണ്ടായിരുന്നപ്പോള്‍
നിഴലും നിലാവായിരുന്നു
ഇന്ന് നീയകന്നപ്പോള്‍ പൌര്‍ണ്ണമി പോലും
അമാവാസിയായ് തീര്‍ന്നല്ലോ
ഞാന്‍ നിനക്കന്യയാണെങ്കിലും കണ്ണാ
നീയെന്റെയെല്ലാമല്ലേ ...?
എന്നെ നീ ഒരു നാള്‍ മറന്നുപോയെന്നാലും
എന്നോര്‍മ്മയില്‍ നീ മാത്രമല്ലേ...?
പലവട്ടമെന്നെ നീ അറിഞ്ഞെന്നു കരുതി ഞാന്‍
നിന്‍ മിഴിപ്പൂ ക്കളില്‍ പുളകിതയായി ഞാന്‍
ഇനിയൊരു നാളും നീ വരില്ലെന്നറിഞ്ഞിട്ടും
വെറുതേ നിന്നെ കാത്തിരിക്കുന്നു ഞാന്‍








ജീവിതമെന്ന പേരയ്ക്ക

ഏറെ ഗുണമുള്ള ഒരു ഫലമാണ് പേരയ്ക്ക ......പേരയ്ക്ക കഴിക്കുമ്പോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട് കുരുവൊ ഴികെ   ബാക്കിയുള്ള   ഭാഗങ്ങള്‍ മാത്രം മതിയായിരുന്നു
യിരുന്നു അതിലെന്ന് . പേരയ്ക്കയിലെ കുരുക്കള്‍ കടിച്ചുപൊട്ടിക്കുന്നത്    അതിന്റെ  മധുരം അനായാസം നുകരുന്ന സുഖത്തിന് ഭംഗം വരുത്തുന്നു. എന്നാല്‍  ആ കുരുക്കളെ ഓര്‍ത്ത്   ആരും പേരയ്ക്ക ഉപേക്ഷിക്കുന്നില്ല. ഏറെ ഗുണം  കിട്ടുമ്പോള്‍ ചെറിയ ബുദ്ധിമുട്ടുകളെ എല്ലാവരും അവഗണിക്കും.അതുപോലെ തന്നെയാണ് ജീവിതവും. ജീവിതത്തിലെ ചെറിയ ചെറിയ ബുദ്ധിമുട്ടുകളെ നമ്മള്‍ അവഗണിച്ചാല്‍ മാത്രമേ ആ മധുരമുള്ള പേരയ്ക്ക തിന്നു തീര്‍ക്കാനാവൂ .......

ആര്‍ക്കു വേണ്ടി ...?

ഹൃദയം ഉരുകുകയാണ്
എന്തിനെന്നറിയില്ല ......
ആര്‍ക്കോ വേണ്ടി എന്തിനാണിങ്ങനെ
                                                                       നീറുന്നതെന്ന്‍
സ്വയം ചോദിച്ചു
ഉത്തരമില്ല
കണ്ണുനീര്‍ വരാത്തതെന്തേ...?
ഹൃദയം മുറിഞ്ഞാല്‍ എങ്ങനെയാണ്
                                                           കണ്ണുനീര്‍  വരിക ...?
രക്തമല്ലേ വരിക ...?
പ്രണയത്തിന്റെ മുള്ളുകൊണ്ട്
എന്തിനാണ് നീ എന്നെ വീണ്ടും വീണ്ടും
കുത്തി മുറിവേല്പ്പിക്കുന്നത്
അല്ലെങ്കിലും നീയല്ല തെറ്റുകാരന്‍
ഞാന്‍ തന്നെയാണ് .......
നിന്‍റെ സൌഹൃദത്തെ പ്രണയമായ്
                                                          ഞാന്‍ തെറ്റിദ്ധരിച്ചു
അല്ലെങ്കിലും നിന്‍റെ പ്രണയത്തിന് ഞാനര്‍ഹയല്ല  എന്ന്‍
                       തിരിച്ചറിഞ്ഞത് ഇപ്പോഴാണ്
എന്‍റെ പ്രണയത്തിന് നീയും .....
ജീവന്‍ പോലും നല്‍കിയുള്ള 
                                               എന്‍റെ പ്രണയം
ഹൃദയമില്ലാത്ത നിനക്കുള്ളതല്ല...
എന്‍റെ കണ്ണില്‍ തെളിയുന്ന ഹൃദയത്തെ
ഇനിയും കാണാത്ത നിന്നെ ഞാന്‍
                                                     പ്രണയിച്ചിട്ടെന്തു ഫലം...?
അതുകൊണ്ട് അടര്‍ത്തുകയാണ് ഞാന്‍  നിന്നെ
എന്‍റെ ഹൃദയത്തില്‍ നിന്നും
അതൊരു പാഴ്ശ്രമമാണെന്നറിഞ്ഞുകൊണ്ട്‌ തന്നെ.....







Friday, October 21, 2011

നീയല്ലേ ...?

ഇരുള്‍ മൂടുമെന്നുടെ ഹൃദയത്തിലൊരുതിരി
വെട്ടം പകര്‍ന്നതു നീയല്ലേ ..?
കയ്പിന്‍ രുചി മാത്രം രുചിച്ചോരെന്‍നാവി-
ലൊരു തുള്ളി മധുരം പകര്‍ന്നതും നീയല്ലേ ..?

നിറമുള്ള സ്വപ്‌നങ്ങള്‍ നെയ്യുവാനെന്‍ കയ്യില്‍
വര്‍ണ്ണ നൂലുകള്‍ തന്നതും നീയല്ലേ ..?
കനിവിന്റെ മര്‍മ്മരം സ്വരമായെന്‍ കാതില്‍
മെല്ലെ മൊഴിഞ്ഞതും നീയല്ലേ ..?

അകലെ നിന്നൊരുനോക്കു കൊണ്ടെന്‍ മനസ്സില്‍
വസന്തം വിരിയിച്ചതും നീയല്ലേ ..?
അരികിലണയാതെ ഒരു പുഞ്ചിരിയാല്‍
എന്നെ സ്വന്തമാക്കിയതും നീയല്ലേ ..?

നിശ്ശബ്ദ പ്രണയത്തിനഴകുണ്ടെന്ന്
പറയാത്ത പ്രണയം പവിത്രമെന്ന്‍
 അതിന്നന്തരംഗങ്ങളില്‍ തിളയ്ക്കുന്ന ലാവയുണ്ടെന്ന്
എന്നെ പഠിപ്പിച്ചത് നീയല്ലേ ...?

ഉറപ്പുകളില്ലാതെ കാത്തിരിക്കാന്‍
നിന്നെയോര്ത്തെന്നഴല്‍ പതിമായ്ക്കാന്‍
എന്നെന്നും നിന്നെ നിനവിലോര്‍ക്കാന്‍
എന്നോട് മൌനത്താല്‍ മന്ത്രിച്ചതും നീയല്ലേ ...?

എങ്കില്‍

            എന്നും സന്തോഷം മാത്രമുള്ള ഒരു ജീവിതമായിരുന്നെങ്കില്‍ ......
ഈ ലോകം മുഴുവന്‍ കപടതയാണ്...എവിടെയും നാട്യം മാത്രം. അഭിനയത്തികവിന്‍റെ മൂര്‍ത്തീ ഭാവങ്ങളായി ഓരോരുത്തരും അഭിനയിക്കുന്നു.
            എന്തിനോ ഞാന്‍ വെറുതെ സ്വപ്നം കാണുന്നു ഒരു നല്ല നാളെയെ.എല്ലാവര്ക്കും സന്തോഷവും,സമാധാനവും,ഐശ്വര്യവുമുള്ള , രോഗങ്ങളോ,  വേദനകളോ,മരണമോ ഇല്ലാത്ത, തമ്മില്‍ കലഹിക്കാത്ത ,പരസ്പരം കൊല ചെയ്യാത്ത ഒരു ലോകമായിരുന്നെങ്കില്‍.....
       ആര്‍ക്കും വേണ്ടാത്ത മനുഷ്യ ജന്മങ്ങള്‍ ഇനി പിറക്കാതിരുന്നങ്കില്‍  ........!
സ്ത്രീകളുടെ കണ്ണുനീര്‍ ഒഴുകാതിരുന്നെങ്കില്‍...!എല്ലാവരും  പരസ്പരം സ്നേഹിച്ചിരുന്നെങ്കില്‍ .....ജാതിമതങ്ങള്‍ ഇല്ലാതായെങ്കില്‍ ....
ഇതെല്ലാം എന്റെ  സ്വപ്നം മാത്രമാണ്. നല്ലൊരു ലോകത്തെപ്പറ്റി സ്വപ്നം കണ്ടുറങ്ങിയാലും ഞാന്‍ വീണ്ടും ഉണരുന്നത് കാപട്യത്തിന്റെ ലോകത്തേക്ക് തന്നെ ......... 

Monday, October 17, 2011

പ്രിയം

ജീവിതത്തിലെ നഷ്ട വസന്തങ്ങള്‍ക്കു മുന്നില്‍
വക്കുകയാണ് ഞാന്‍ 
എന്‍റെ സ്വപ്‌നങ്ങള്‍ കരിഞ്ഞ പൂക്കള്‍ 
ഒരിക്കലും വിടരാതെ അവ കൊഴിഞ്ഞു പോയി 
എങ്കിലും എനിക്കോര്‍ക്കാന്‍ പ്രിയം 
ആ നല്ല ദിവസങ്ങളാണ് 
എന്‍റെ സ്വപ്നങ്ങള്‍ക്ക് വെള്ളമൊഴിച്ചവര്‍
ഇന്ന് അകലെയാണ് ......
എന്‍റെ നോവുകള്‍ ആരും അറിയുന്നുമില്ല 
ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ പുനര്ജ്ജനിചെങ്കില്‍....!
വെറുതെ മോഹിക്കുകയാണ് ഞാന്‍   .......
അത് നഷ്ട മായെന്നറിഞ്ഞിട്ടു കൂടി .....

മഴയില്‍ ........

                                           മഴയില്‍ ........

                    മഴ ....... മഴപോലെ ഹൃദയത്തെ ആര്‍ദ്രമാക്കുന്ന മറ്റെന്തുണ്ട് ...?
അറിയില്ല ......എന്നാലും മഴ എല്ലാ ഹൃദയങ്ങളെയും കുളിര്‍പ്പിക്കുന്നു. ...എന്‍റെ മനസു മുഴുവന്‍ കുട്ടിക്കാലത്തെ എന്‍റെ മഴക്കാലങ്ങളാണ്.എന്തൊരു രസമായിരുന്നു അന്നൊക്കെ .......!
          പുള്ളിക്കുടയുമായി സ്കൂളില്‍ പോയിരുന്ന ആ കാലം അതിമനോഹരം ....അന്നൊക്കെ ഇടിവെട്ടി മഴപെയ്യുമ്പോള്‍ പെണ്‍കുട്ടികളെല്ലാം കാതിലെ സ്വര്‍ണ്ണക്കമ്മല്‍ പൊത്തിപ്പിടിക്കും .എന്നിട്ടാണ് ഓട്ടം.അതിനിടയില്‍ കുടമാറി മഴമുഴുവന്‍ നനയും .പനി എന്നൊരു രോഗത്തെപറ്റി കുട്ടികളാരും അന്ന്‍ ആകുലപ്പെട്ടതേയില്ല.
      ഞങ്ങള്‍ വരുന്ന വഴിയില്‍  ഒരു കണ്ടമുണ്ട്. വികൃതികളായ ആണ്‍കുട്ടികള്‍ ആ കണ്ടത്തിലേക്ക് പരസ്പരം തള്ളിയിടും.ഞാന്‍ അവരുടെ അടുത്തൊക്കെ വളരെ ഭയഭക്തിയോടെയെ നില്‍ക്കൂ .....
ഞാനായിരുന്നു സ്കൂള്‍ സെക്രട്ടറി .അതുകൊണ്ടാവും എന്നെ കുട്ടികള്‍ക്ക് പേടിയായിരുന്നു. സ്കൂളില്‍ പോയി ഞാന്‍ പറഞ്ഞു കൊടുക്കുമെന്ന് അവര്‍ രഹസ്യമായി ഭയപ്പെട്ടിരുന്നു.ഒരിക്കലും ബാല്യകാലത്തിന്‍റെ രസങ്ങളൊന്നും അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.
       വീട്ടില്‍ ഞാന്‍ മൂത്ത കുട്ടിയായിരുന്നു.സ്കൂളില്‍ എപ്പോഴും ലീഡറും. അതുകൊണ്ട് എല്ലാവര്‍ക്കും മാതൃകയാകണം എന്നൊരു ഉത്തരവാദിത്വം എന്‍റെ മേല്‍ ചെറുപ്പത്തിലേ വന്നു ചേര്‍ന്നു. .....
        മഴക്കാലങ്ങളില്‍ കുട കയ്യിലുണ്ടെങ്കിലും ഞാന്‍ മഴനനയുമായിരുന്നു.ഇന്നും അങ്ങനെ തന്നെ ....
        ബാല്യകാലം കടന്നു പോയപ്പോള്‍ മഴ എനിക്ക് സമ്മാനിച്ചത് കവിതകളായിരുന്നു .എല്ലാവരും ഉറങ്ങുമ്പോള്‍ മഴയുടെ സംഗീതം കേട്ട് ഞാന്‍ കവിതകളെഴുതി.മഴക്കാലത്ത്‌ നേരം വെളുക്കരുതേ എന്ന് പ്രാര്‍ഥിച്ച് ഞാന്‍ കിടന്നുറങ്ങി ......
മഴയെ നോക്കിക്കൊണ്ട് ഉമ്മറത്തിരിക്കാന്‍ നല്ല രസമാണ്.
ഇന്ന് എനിക്കെല്ലാം അന്യമാണ് .....ഈ നഗരത്തില്‍ മഴ പെയ്യാറില്ല.......എന്നും ഞാനോര്‍ക്കും ഒരു മഴ പെയ്തെങ്കിലെന്ന്....!കൊടും ചൂടില്‍ തളര്‍ന്നു വീഴുമ്പോഴും ഉണര്‍ത്തുന്നത് കണ്ടുതീര്‍ത്ത ആ മഴക്കാലങ്ങളാണ്.പെയ്തു തോര്‍ന്ന എന്‍റെ മോഹങ്ങളാണ് ......

ചില ചോദ്യങ്ങള്‍

                                              
          ശരീരത്തുനിന്നും രക്തം ഊറ്റിക്കുടിക്കുന്ന 
          കൊതുകിനെ നിങ്ങള്‍ തച്ചു കൊല്ലുമോ ...?
         ആഹാരത്തില്‍ വന്നിരിക്കുന്ന ഈച്ചയെ 
                                                        ആട്ടിയകറ്റുമോ.....?
        സദസ്യര്‍ക്കിടയിലിറങ്ങിവന്നു  
                           വിഡ്ഢിത്തം പുലമ്പുന്ന  ഭ്രിത്യനെ
          നിങ്ങള്‍ ശാസിക്കുമോ ....?  
       ശരീരത്തില്‍ സുഖമായി കടിച്ചു രസിക്കുന്ന 
                                      പുളിയുറുമ്പിനെ നിങ്ങള്‍ 
                                                                   തൂത്തു കൊല്ലുമോ ...?
          അതെ എന്നാണ് ഉത്തരമെങ്കില്‍ 
                                           നിങ്ങളൊരു മനുഷ്യനാണ് 
          ഇനി അല്ലെങ്കില്‍ നിങ്ങളൊരു യോഗിയാണ് 
                               ഹിമാലയത്തിന്‍റെ താഴ്വരകള്‍  തേടി 
             നിങ്ങള്‍ക്ക് പോവാനുള്ള സമയമായി ....

Saturday, October 15, 2011

കണ്ണാ .....

               കണ്ണാ .....  നിന്റെ വേണുഗാനം കേട്ടാണ് ഇന്നലെയും ഞാന്‍ ഞെട്ടിയുണര്‍ന്നത് .....
ഞാനെന്‍റെ ജാലകങ്ങള്‍ തുറന്നപ്പോഴേക്കും നീ എങ്ങു പോയ്‌ മറഞ്ഞു ...?നിന്നെ തിരഞ്ഞു ഞാന്‍ അലയുമ്പോള്‍ മറഞ്ഞു നിന്ന് ചിരിക്കുകയായിരുന്നുവോ നീ ...?നിന്‍റെ കള്ളത്തരങ്ങളില്‍ ഇന്നും എന്നെ മയക്കുകയാണോ നീ ...?
ഒരിക്കലെന്കിലും എന്‍റെ മുന്നില്‍ ഒന്നുവരാന്‍ നീ മടിക്കുന്നതെന്തേ ...?അകലെ കടമ്പു മരങ്ങള്‍  നമുക്കായി പൂവിടര്‍ത്തിയത് നീ കാണുന്നില്ലേ ...?യമുനാനദിയുടെ തീരങ്ങള്‍ നമ്മെ വിളിക്കുന്നത് നീ കേള്‍ക്കുന്നില്ലേ ...?
            എന്‍റെ ജല്പനങ്ങള്‍ നിന്നെ ബുദ്ധിമുട്ടിക്കുന്നുവോ കണ്ണാ ...?പിന്നിട്ട വഴിയിലെല്ലാം നിന്‍റെ വേണുഗാനം കതോര്‍ത്താണ് ഞാന്‍ ഇവിടെയെത്തിയത്.എന്നാല്‍ നീ എന്നെ തിരിച്ചറിഞ്ഞില്ല .മറ്റേതോ ഗോപികമാര്‍ക്കിടയില്‍ നീ പാവം രാധയെ മറന്നു പോയി ......നിന്‍റെ മുന്നില്‍ പലവട്ടം വന്നിട്ടും നീ തിരിച്ചറിയാഞ്ഞതെന്തേ ...?
          ഏതോ ശാപവും പേറി ഈ  രാധ വീണ്ടും കാത്തിരിക്കുന്നു...... ആ നല്ല നാളുകള്‍ തിരിച്ചെത്താന്‍ .....ഒരിക്കലും കണ്ണനെ നഷ്ടപ്പെടാതിരിക്കാന്‍ .......

ഞാന്‍

പലപ്പൊഴും എനിക്ക് എന്നെ മനസിലാവുന്നില്ല ........
ഞാന്‍ ഒരുപാട് മാറിപ്പോയി ........എന്റെ നിഷ്കളങ്കതയും കുട്ടിത്തവും കൂടെയുള്ളപ്പോള്‍ മാത്രമേ ഞാന്‍ ഞാനാവൂ......
എനിക്ക് പണ്ടേ  ഗൌരവമുള്ളവരെ ഇഷ്ടമായിരുന്നില്ല.പക്ഷെ ഇപ്പൊ ഗൌരവം എന്നെയും ബാധിക്കുന്നുവോ ...?
വേണ്ട ....എനിക്കിതില്‍ നിന്നും പുറത്തുവരണം ......
നടക്കാത്ത ചില സ്വപ്‌നങ്ങള്‍ കണ്ടതാണോ എന്റെ മാറ്റത്തിനു കാരണം ...?അറിയില്ല .......
ഇന്ന് ഞാന്‍ പുതിയൊരു തീരുമാനം എടുക്കുന്നു .....എന്റെ വിധി ദൈവം നിശ്ചയിക്കട്ടെ .......അതില്‍ ഞാനെന്തിനു തലയിടണം.....?     
അറിവിന്‍റെ ദീപം മനസ്സില്‍ തെളിയട്ടെ ......ഞാന്‍ ഇനിയെന്‍റെ പുതിയ വഴിയെ സഞ്ചരിക്കട്ടെ........

100 posts

       ഏറെ സന്തോഷമുണ്ട് ........ഇന്ന് എന്റെ ബ്ലോഗില്‍ 100  പോസ്റ്റ്‌ തികയുന്നു.നന്ദി പറയേണ്ടത് അനില്‍ സാറിനോട് മാത്രം .......
    ബ്ലോഗുമായി യാതൊരു പരിചയവുമില്ലാത്ത ഞാന്‍ ഒരു ബ്ലോഗ്‌ തുടങ്ങിയത് ജേര്‍ണലിസം ക്ലാസിലെ ന്യൂ മീഡിയ എന്ന സബ്ജെക്ടിനു  വേണ്ടി മാത്രം.പിന്നീടത് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.ആരും വായിക്കണമെന്ന് ആഗ്രഹിക്കുന്നില്ല......വായിച്ചാല്‍ സന്തോഷം ....അത്രമാത്രം ......ഇതെന്‍റെയൊരു സന്തോഷം .........
    എന്‍റെ ബ്ലോഗിന് വായനക്കാരെ കൂട്ടാത്തത് എനിക്ക് അത് നല്ലതാണെന്നുള്ള വിശ്വാസം ഇല്ലാഞ്ഞിട്ടാണ്...പിന്നെ പോസ്റ്റ്‌ ചെയ്യുന്നത് ചുമ്മാ ഒരു രസം.......ആരെങ്കിലുമൊക്കെ  വായിക്കുന്നെങ്കില്‍ സന്തോഷം ....ഒരിക്കല്‍ ഞാനറിയാത്ത ഒരു സുഹൃത്ത് എനിക്ക് മെയില്‍ ചെയ്തു .എന്‍റെ കവിതകള്‍ ഒരു ഫേസ്  ബുക്ക്‌ പ്രൊഫൈലില്‍ കണ്ടെന്നും ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോഴാണ് അത് എന്റെ ബ്ലോഗിലെ വരികളാണെന്ന് മനസിലായതെന്നുമാണ് അയാള്‍ പറഞ്ഞത്.മറ്റാരോ എന്‍റെ വരികള്‍ കൊണ്ട് 
പ്രശസ്തനാവുന്നെന്ന്‍ അയാള്‍ പറഞ്ഞു.അതാരാണെന്ന ചോദ്യത്തിന് അയാള്‍ മറുപടി അയച്ചില്ല.
ആദ്യം ദേഷ്യം തോന്നിയെങ്കിലും പിന്നീടോര്‍ത്തു അത് എന്‍റെ കവിതക്ക് കിട്ടിയ ഒരു അംഗീകാരം തന്നെയാണെന്ന്........ഒരുപാട് കവിതകള്‍ എഴുതിയെങ്കിലും അവയൊന്നും വെളിച്ചം കാണിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല .....
എന്നെ ആദ്യമൊക്കെ ബ്ലോഗ്‌ ചെയ്യാന്‍ സഹായിച്ചിരുന്നത് അച്ചുക്കുട്ടനാണ്.അവന്‍ എന്‍റെ മായ ചേച്ചിയുടെ മകനാണ്.വീട്ടില്‍ വരുന്ന എന്‍റെ ഫ്രണ്ട്സിനോടൊക്കെ അവന്‍ അഭിമാനപൂര്‍വ്വം പറയും ..."ശ്രുതി ആന്റിയുടെ ഹെല്‍പര്‍ ആരാന്നോ...?ഞാനാ....."അത് കേള്‍ക്കുന്നത് എനിക്ക് വല്യ ഇഷ്ടാണ് .....
വലിയ എഴുത്തുകാരിയാവണമെന്ന ആഗ്രഹമൊന്നും എനിക്കില്ല ......എന്റെ സ്വന്തം സങ്കല്പ ലോകത്ത് ആരെയും ബുദ്ധിമുട്ടിക്കാതെ കഴിഞ്ഞാല്‍ മാത്രം മതി ......

Friday, October 14, 2011

ഓര്‍മ്മയിലെന്നും

                                              
     ഒന്നാം ക്ലാസ് എല്ലാവര്ക്കും ഓര്‍ക്കാന്‍ ഏറെ  ഇഷ്ടമായിരിക്കും.എനിക്കുമതെ...എന്നെ ഒന്നാം ക്ലാസില്‍ പഠിപ്പിച്ച ഷീജ ടീച്ചറാണ് അതിനു കാരണം.ടീച്ചര്‍ നന്നേ ചെറുപ്പമായിരുന്നു.സുന്ദരിയും .......
എന്നോട് ടീച്ചര്‍ക്ക്  പ്രത്യേക സ്നേഹമായിരുന്നു.എനിക്ക് ടീച്ചറോടും.വലുതാവുമ്പോ ടീച്ചറെപ്പോലെ ആവണമെന്ന് അന്നേ കരുതി.ടീച്ചര്‍  ഒരു കൂട്ടുകരിയെപോലെ എന്നെ കരുതി.വിശേഷങ്ങള്‍ പറഞ്ഞു.മറ്റു കുട്ടികള്‍ക്ക് നല്‍കാത്ത പരിഗണന തന്നു. അതൊക്കെ എന്തിനായിരുന്നു ....?അറിയില്ല ........
ടീച്ചര്‍ ഞാന്‍ രണ്ടാം ക്ലാസില്‍ എത്തിയ  കൊല്ലം സ്ഥലം മാറിപോയി.മംഗലം ഡാമിലേക്ക് ......പിന്നെ ഞാന്‍ ടീച്ചറെ കണ്ടിട്ടേ ഇല്ല .
ടീച്ചര്‍   സ്കൂളില്‍ നിന്ന് പോയശേഷവും സ്കൂളിലേക്ക് എനിക്ക് കത്തയക്കുമായിരുന്നു. ഞാനും ടീച്ചറുടെ സ്കൂളിലേക്ക് മറുപടികളും അയച്ചിരുന്നു .പിന്നെ എപ്പഴോ അത് നിന്ന് പോയി .അന്ന് ഞാന്‍ അതറിഞ്ഞില്ല.ടീച്ചറെ ഇനിയും കാണുമെന്ന്‍ കരുതി.പക്ഷെ കണ്ടില്ല.ഇന്നും കാത്തിരിക്കുന്നു എവിടെയെങ്കിലും വച്ച് കണ്ടുമുട്ടാന്‍.

നീ

ഇനിയുമെന്‍  പ്രണയം  നീ കാണുന്നില്ലെങ്കില്‍ 
നീയോരന്ധനാണ്.....
ഇനിയുമെന്‍ ഹൃദയ രാഗത്തിന്‍ മൂക വേദനയില്‍  നിന്നൂറുന്ന 
പ്രണയഗാനം നീ കേള്‍ക്കുന്നില്ലെങ്കില്‍ 
നീയൊരു ബധിരനാണ്
എന്നോടനുരാഗമുണ്ടെങ്കിലും 
അത് ചൊല്ലാതെ നീ മറയുന്നുവെങ്കില്‍
നീയൊരു മൂകനാണ്
എന്റെ സ്നേഹത്തിന്റെ രാഗതാളങ്ങള്‍ 
ഇനിയും നീ അറിയുന്നില്ലെങ്കില്‍ 
നീയൊരു അരസികനാണ് 

ബലൂണ്‍

                                                   ബലൂണ്‍  
പ്രണയം ഒരു ബലൂണ്‍ പോലെയാണ് ...........
ആരൊക്കെയോ ചേര്‍ന്ന്‍ അത് ഊതി വീര്‍പ്പിക്കുന്നു ....... 
ഒടുവില്‍ ഒരു സൂചി മുനയുടെ കുത്തേറ്റ് ഒരിക്കലും ഊതിവീര്‍പ്പിക്കാന്‍ കഴി യാത്തവണ്ണം അത് മനസിലേക്ക് ചുരുങ്ങിപ്പോകുന്നു.......

വിധീ ....നിന്നെ പഴിക്കാതെ

                           വിധീ  ....നിന്നെ പഴിക്കാതെ 

എല്ലാവര്‍ക്കും സ്വന്തം തെറ്റുകള്‍ക്ക് പഴിക്കാന്‍ ഉള്ള ശക്തിയാണോ  വിധി ...?അല്ലെന്നു കരുതാനാണെനിക്കിഷ്ടം. ........
    തകരാന്‍ തുടങ്ങുന്ന എന്റെ സ്വപ്നങ്ങളെയും ഞാന്‍ വിധിക്ക് വിടുകയാണ് ......
സ്വപ്‌നങ്ങള്‍ കാണാനാണെനിക്കിഷ്ടം .എന്നാല്‍ ഒരിക്കലും അവയുടെ പൂര്‍ത്തീകരണത്തിനായി ഞാന്‍ ശ്രമിച്ചിട്ടേയില്ല.
                 എന്റെ മനസ് ഒരിക്കലും കാണാത്ത നിന്നോട് എനിക്ക് പരിഭവമില്ല കൂട്ടുകാരാ....എന്റെ നോവുകള്‍ക്കപ്പുറം നിന്റെ സന്തോഷമാണ് എനിക്ക് പ്രിയം.നിന്റെ നന്മക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ ഇഷ്ടം നടത്തണേ എന്നേ പ്രാര്‍ഥിക്കാറുള്ളൂ.......
കഴിഞ്ഞ ജന്മങ്ങളിലെങ്ങോ നിന്നെ കൊതിച്ചതാണ് ഞാന്‍.എന്നാല്‍ എന്റെ വഴി തേടി നീ വന്നില്ല.അകലനാണെങ്കില്‍ എന്തിനാണ് പ്രിയാ ഈ ജന്മവും നീ എന്റെ മുന്നില്‍ വന്നത് ...?
                കരയാന്‍ ഇന്നെനിക്ക് ഇഷ്ടമല്ല.ദൈവം എനിക്കായി ഒരു നന്മ കരുതിവച്ചി ട്ടുണ്ടെന്നു കരുതുകയാണ് ഞാന്‍ .....ഇനി വരുന്ന ജന്മമെങ്കിലും നീ എന്റെ സ്വന്തമായെങ്കില്‍......
          എന്റെ ഹൃദയത്തോട് ഏറെ അടുത്ത് നിന്നിട്ടും നീ എന്നെ അറിയാഞ്ഞതെന്തേ  .....?അതോ അറിഞ്ഞില്ലെന്നു മനപ്പൂര്‍വം നടിച്ചതാണോ ...?
നിനക്കായ്‌ എന്ത് പ്രതിബന്ധവും നേരിടാന്‍ ഞാന്‍ ഒരുക്കമായിരുന്നിട്ടും നീ എന്തേ എന്നെ  കണ്ടില്ല ...?

നഷ്ട പ്രണയമേ നിനക്കായ്

                             നഷ്ട പ്രണയമേ നിനക്കായ്  

       നഷ്ട പ്രണയമേ.....
       നിന്നെ നഷ്ടപ്പെടുത്തുവാന്‍ ആവില്ലെനിക്ക് 
      നോവുവിങ്ങുന്ന ഹൃദയത്തിലിന്നും തേങ്ങുകയാണ് നീ 
                                                                              പുനര്‍ജ്ജനിച്ചീടുവാന്         
       മറക്കാന്‍ തുടങ്ങുമ്പോള്‍ ഓര്‍മ്മയായെത്തുന്ന
                                                       മൌനപ്രണയമേ
      എന്തിനെന്‍ പ്രാണനില്‍ തീയെരിച്ചീടുവാന്‍
                          പ്രണയമായ് നീ വീണ്ടും വന്നു ....?

Saturday, October 8, 2011

എന്‍റെ ആമിക്ക്

                                                          എന്‍റെ   ആമിക്ക്

മാധവിക്കുട്ടി എന്റെ മനസിലെ തീരാത്ത നൊമ്പരമാണ്.പലരും ചോദിച്ചു എന്താണിത്ര തീവ്രമായ ആരാധനയെന്ന്‌.പറയാന്‍ കാരണങ്ങള്‍ ഒന്നല്ല,ഒരുപാടാണ്‌.
    ആമി നടന്ന വഴിയെ നടക്കണമെന്നുണ്ട്.പക്ഷെ അതിനെന്റെ കാലുകള്‍ക്ക് ശക്തിയില്ല.സ്നേഹത്തിന്റെ കൂട്ടുകാരിയായിരുന്നു അവര്‍. സ്നേഹം തേടി അലഞ്ഞു നടന്നിട്ടും കിട്ടാഞ്ഞ ആമിയോട് വിളിച്ചു പറയണമെന്നുണ്ട് ഞാന്‍  അവരെ ഏറെ ഇഷ്ടപ്പെടുന്നുവെന്ന്‍. പക്ഷെ എന്‍റെ സ്വരം ചെന്നെത്താനാവാത്തത്ര അകലെയാണെങ്കിലും ഞാന്‍ എന്നും പറയുന്നുണ്ട് അമ്മേ......ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്ന്.
       ആരെല്ലാം കുറ്റപ്പെടുത്തിയാലും കേരളമെന്നല്ല ഇന്ത്യകണ്ട ഏറ്റവും വലിയ എഴുത്തുകാരിയാണവര്‍.മരണശേഷം അവരെ ഓര്‍ത്തിട്ടും അനുശോചനം അറിയിച്ചിട്ടും എന്ത് പ്രയോജനം ...?
എല്ലാവരെയും സ്നേഹിച്ചിരുന്ന അവര്‍ കൊതിച്ചതും കിട്ടാതെ പോയതും പ്രണയമാണ്.പാവം ......അവര്‍ പറഞ്ഞു വിരഹിണിയായ രാധയാവാനാണെനിക്കിഷ്ടം.ഞാനും അത് തന്നെ പറഞ്ഞു ഒരിക്കല്‍.പിന്നീട് മാധവിക്കുട്ടി എഴുതിയത് വായിച്ചപ്പോള്‍ അദ്ഭുതപ്പെട്ടുപോയി .അവരുടെ വാക്കുകള്‍ എങ്ങനെ എന്‍റെ ഹൃദയത്തിലും വന്നു....?
എന്നും എന്‍റെ ഹൃദയത്തില്‍ മാധവിക്കുട്ടിയുണ്ടാവും.പാളയത്തെ അവരുടെ ഖബറിടത്തില്‍ നിന്നപ്പോള്‍ അടര്‍ന്നു വീണ കണ്ണുനീര്‍ തുള്ളികള്‍ പറഞ്ഞതും അത് തന്നെയാണ്.

സങ്കല്പങ്ങള്‍

പരിചിതമായ കാലടികള്‍ അകന്നു പോകുമ്പോള്‍,കൊതിക്കുന്ന ശബ്ദം കേള്‍ക്കാതെയാവുമ്പോള്‍,മോഹിക്കുന്ന സ്പര്‍ശം തട്ടിയകറ്റുമ്പോള്‍ മനസ് തേങ്ങുന്നു.പറയാത്ത മൌനനുരാഗം മനസ്സില്‍ ഒരു മുത്തുപോലെ സൂക്ഷിക്കുമ്പോള്‍ ഹൃദയത്തില്‍ കവിതയൂറുന്നത് സ്വാഭാവികം മാത്രം. കണ്ണീരിന്റെ ഉപ്പു കലര്‍ന്ന എന്റെ കവിതകള്‍ക്കും പറയാന്‍ ഒരുപാട്‌ കഥകള്‍ ഉണ്ടാവാം.നഷ്ട പ്രണയത്തിന്റെ,വിരഹ നൊമ്പരത്തിന്റെ,മൌന രാഗത്തിന്റെ അങ്ങനെ പലതും.ഇതെല്ലാം എന്റെ സങ്കല്പങ്ങള്‍ മാത്രം.

ഒരു നിമിഷമെങ്കിലും എനിക്കായ് തരൂ.....

       നീയെന്റെ മനസിലെ പുതുവസന്തമാണ് ......നിനക്ക് വേണ്ടിയാണെന്റെ വരികളെല്ലാം......ഞാന്‍ ജീവിക്കുന്നത് പോലും നിന്നെ കാണുവാന്‍ വേണ്ടിയാണ്‌...... എന്നാല്‍ നീയോ പ്രിയാ എന്നെ അറിയുന്നേയില്ല.അതോ നീ അറിഞ്ഞില്ലെന്നു നടിക്കുകയാണോ ....?ഇനിയെങ്കിലും നിന്റെ മൂകതയില്‍ നിന്നുണരൂ...... ഒരു നിമിഷമെങ്കിലും എനിക്കായ് തരൂ...
      നിന്നോടെനിക്ക് പ്രണയമാണോ ....?അറിയില്ല .....ജന്മാന്തരങ്ങള്‍ക്കപ്പുറത്ത് നാം കണ്ടുമുട്ടിയിട്ടുണ്ട്.അന്ന് നാം കൈമാറിയ പ്രണയത്തിന്റെ മധുരം നീ മറന്നു പോയതെന്തേ .....?ഞാന്‍ നിനക്കായ് കാത്തുനിന്നിരുന്ന വഴിയോരങ്ങള്‍ ഇന്ന്‍ ഏറെ അകലെയാണ് .പ്രണയം ജനിച്ച കാളിന്തീ തീരവും അങ്ങകലെയാണ്.പ്രണയ മുരളി കേട്ട് കോരിത്തരിച്ച കാലിക്കൂട്ടങ്ങള്‍ എങ്ങോ പോയ് മറഞ്ഞു.
        അമ്പാടി ഉറങ്ങിപോയി. ഇനിയെന്നാണ് കണ്ണാ നീ മടങ്ങിയെത്തുക ....?ഈ ജന്മവും നിന്നെപിരിയാന്‍ എന്നോട് പറയരുത് ......എന്റെ പ്രണയത്തിന്റെ തീവ്ര വേദന നീ മാത്രമെന്തേ കണ്ണാ അറിഞ്ഞില്ലെന്നു നടിപ്പൂ ......?

ഞാന്‍

         ചിതറിത്തെറിച്ച സ്വപ്നങ്ങളെ
         തിരിച്ചെടുക്കാന്‍ ഞാന്‍ മെനക്കെട്ടില്ല;
         കൈവിട്ടതിനെ തിരികെ നേടാനും

Friday, October 7, 2011

രാത്രീ ....

                                       രാത്രീ ....

    രാത്രി എത്രയോ സുന്ദരമാണ് .....ഒഴുകി വരുന്ന ഏതോ ഈരടികള്‍ക്കൊപ്പം ഞാന്‍ രാത്രിയുടെ സംഗീതത്തിനും കാതോര്‍ക്കുന്നു. രാത്രി ഭീകരമെന്ന് പലപ്പോഴും തോന്നിയിരുന്ന ആ ബാല്യകാലം അകന്നു പോയപ്പോള്‍ ഇന്ന് ഞാന്‍ രാത്രിയുടെ നീലിമയെ ഇഷ്ടപ്പെടുന്നു.ആ നിശബ്ദ സംഗീതത്തിനു കാതോര്‍ക്കുന്നു.മനസിലെ കാര്‍മേഘം പെയ്തൊഴിയുമ്പോള്‍ എന്റെ ലോകത്ത് ഞാന്‍ മാത്രമാവുമ്പോള്‍ രാത്രീ നീയെന്റെ സഖിയാവുന്നു.
                  ഇന്ന് ഞാനെന്റെ ജനാലക്കിടയിലൂടെ രാത്രിയെ നോക്കി നക്ഷത്രങ്ങളോട് സംസാരിച്ചിരിക്കുന്നു.അപ്പോള്‍  അറിയുന്ന സുഖം വാക്കുകള്‍ കൊണ്ട് ഞാനെങ്ങനെ പറയാന്‍ ...?രാത്രി നീയാണിന്നെന്റെ പ്രിയ സഖി.ഏതോ ആത്മബന്ധം നമ്മെ ചേര്‍ത്ത് നിര്‍ത്തുന്നില്ലേ ....?സഖീ നിന്റെ കണ്ണിലെ അഗാധ നീലിമയില്‍ ഞാന്‍ എന്നെത്തന്നെയല്ലേ കാണുന്നത് ....?

പ്രണയ നിലാവില്‍ (കവിത

                                    പ്രണയ നിലാവില്‍ ............

                        ഇനിയെത്ര വസന്തങ്ങള്‍ വന്നു ചേര്‍ന്നാലും 
                        ഈ വസന്തം തന്നെയെല്ലാം 
                        ഈ പ്രണയ വസന്തം തന്നെയെല്ലാം .....

                                                  ഇനിയെത്ര മഴകള്‍ പെയ്തു വീണാലും 
                                                  ഈ മഴ തന്നെയാണെല്ലാം 
                                                  ഈ പ്രണയ മഴ തന്നെയെല്ലാം ....

                       ഇനിയെത്ര പുലരികള്‍ വന്നാലും 
                       ഇന്നത്തെ പുലരിയാണെല്ലാം 
                      ഈ കല്യാണ പുലരിയാണെല്ലാം 

                                                   ഇനിയെത്ര നോവുകള്‍ വന്നാലും 
                                                   ഈ മധുവൂറും നോവാണെല്ലാം 
                                                   ഈ പ്രണയത്തിന്‍ നോവാണെല്ലാം 
                    
                   ഇനിയെത്ര നിലാവുകള്‍ ഉദിച്ചാലും 
                   ഇന്നത്തെ നിലാവാണെല്ലാം 
                  ഈ പ്രണയത്തിന്‍ നിലാവാണെല്ലാം 


ഓര്‍മ്മച്ചെപ്പ്

                                                

                                 മറന്നു പോയ ഓര്‍മ്മകള്‍ക്ക് 
                                          
                                                                നീയിന്ന് ഓര്‍മ്മച്ചെപ്പ് 
                         
                            മാഞ്ഞു പോയ സന്ധ്യകള്‍ക്ക് 

                                                                നീയിന്നൊരു കാവല്‍ക്കാരന്‍ 

                              ഈ ആകാശ  നീലിമയ്ക്ക്      ചോട്ടില്‍ 

                                                             നീയിന്നെന്റെ കൂട്ടുകാരന്‍ 

                           എന്റെ നോവിലും എന്നെ ചിരിപ്പിക്കുന്ന 

                                                           അകലങ്ങളില്ലാത്ത കൂട്ടുകാരന്‍ 

Thursday, October 6, 2011

മയില്‍‌പ്പീലി

                                                                                                    ..

ഓര്‍മ്മകള്‍ മയില്‍‌പ്പീലി പോലെയാണ്.വിടരാനായി പുസ്തകങ്ങള്‍ക്കിടയില്‍  കാത്ത് വയ്ക്കുന്ന മാനം കാണാത്ത മയില്‍ പ്പീലി.വിടര്‍ന്നില്ലെങ്കിലും മയില്‍     പ്പീലിക്കുഞ്ഞുങ്ങളെ പ്രസവിച്ചി ല്ലെങ്കിലും ആ മയില്‍പ്പീലികള്‍ നമുക്കെന്നും പ്രിയങ്കരങ്ങളാണ്.

ആറ്റുകാലമ്മ

                                                          ആറ്റുകാലമ്മ     

                                    മധുര തരമൊരു മന്ത്രമുണര്‍ത്തും
                                    മഹിതന്നധിപതിയാം ദേവീ  നിന്‍ നടയില്‍
                                    മിഴികള്‍ കൂമ്പി നില്‍ക്കുന്നു ഞാനമ്മേ
                                    മനം നിറയെ നിന്നനുഗ്രഹം നേടുവാന്‍
                                                       അറിവില്ലാത്തോരെന്‍  മനതാരില്‍
                                                       അക്ഷരപ്പൂക്കളാലത്‌ഭുതം തീര്‍ത്തതും
                                                       ആശ്രിത വത്സല ആറ്റുകാലമ്മ
                                                       അന്പോടു ചെയ്ത നന്മയല്ലോ ....
                                കരുണയോടെന്നെ കൈപിടിച്ചമ്മ
                                കദനത്തിന്‍ കടലില്‍ നിന്നുമുയര്‍ത്തി
                                കരളുരുകി കരഞ്ഞോരെന്‍
                                കണ്ണീരൊപ്പി ചേര്‍ത്തണച്ചു
                                                         ആദിപരാശക്തിയമ്മ എന്റെ
                                                          അന്ന പൂര്‍ണേശ്വരിയമ്മ
                                                          അറിവിന്‍ പൊരുളാമമ്മ
                                                           ആറ്റുകാലില്‍ വാഴുമെന്നമ്മ

പ്രണയം

                                                 പ്രണയം   

വൈരുദ്ധ്യങ്ങളില്‍ നിന്നും ഉടലെടുക്കുന്നതാണ്  പ്രണയംഅതിന്റെ ഭാവങ്ങള്‍ വ്യത്യസ്തമാണ് .പൂവിലും പുഴുവിലും പൂക്കളില്‍ പോലും പ്രണയത്തിന്റെ ഭാവങ്ങള്‍ കാണാം .അല്ലെങ്കില്‍ത്തന്നെ ഈ ലോകം നിലനിര്‍ത്തുന്നത് പ്രണയമല്ലേ....?

നവരാത്രി

                 നവരാത്രി 

                    ഇന്ന് മഹാനവമി . ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്ന്‍ ആദ്യാക്ഷരം കുറിച്ചത് . പൂജവെയ്പ് എല്ലാ കുട്ടികള്‍ക്കും ഏറെ ഇഷ്ടമാണ്.എനിക്കും അങ്ങനെ ആയിരുന്നു. വീട്ടുകാര്‍ പഠിക്കാന്‍ പറയാത്ത ദിവസങ്ങള്‍ ഇവ മാത്രമാണ്  . അതുകൊണ്ട് തന്നെ പൂജയുടെ അവധി തീരല്ലേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന.
                  അതൊക്കെ കഴിഞ്ഞു പോയ കാലം.പൂജ  വക്കലും എടുക്കലുമെല്ലാം ഇന്നോര്‍മ്മയാണ്.കഴിഞ്ഞു പോയ കാലത്തിന്റെ മധുരമുള്ള ഓര്‍മ്മകള്‍.ഇന്ന് ആദ്യാക്ഷരം കുറിച്ച എല്ലാ കുരുന്നുകള്‍ക്കും ഈ ചേച്ചിയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍.

Wednesday, October 5, 2011

ഉണ്ടായിരിക്കാം ( കവിത)

                                                             ഉണ്ടായിരിക്കാം ..............

                        നീലാകാശത്തിനപ്പുറം മറ്റൊരു
                                                                            നീലിമയുണ്ടായിരിക്കാം
                        ഈയിളം കാറ്റിനപ്പുറം നിന്നുടെ
                                                                    നിശ്വാസ മുണ്ടായിരിക്കാം
                       ഏഴു കടലിനുമപ്പുറം മറ്റൊരു
                                                                  മഹാനദി ഉണ്ടായിരിക്കാം
                      ഒരുപാടു മോഹങ്ങള്‍ക്കൊടുവില്‍
                                                                    മോഹ ഭംഗങ്ങളുണ്ടായിരിക്കാം
                        കാര്‍മേഘ ജാലത്തിനപ്പുറം മറ്റൊരു
                                                                  വെണ്‍മേഘമുണ്ടായിരിക്കാം  
                   ഇരുട്ടിന്നാഴത്തിലെങ്ങോ നമുക്കായ്
                                                               ഒരു ദീപമുണ്ടായിരിക്കാം
                   ഒരുപാടു മറവികള്‍ക്കിടയില്‍
                                                       നിന്നെക്കുറിച്ചുള്ളോരോര്‍മ്മകള്‍ ഉണ്ടായിരിക്കാം
                   ഈ വിരഹത്തിനപ്പുറം മറ്റൊരു
                                                                                                      
                                                             സംഗമമുണ്ടായിരിക്കാം



കാത്തിരിക്കാം...................

                                                കാത്തിരിക്കാം...................   
                 എനിക്കായ് ഒരു നിമിഷം കാത്തിരിക്കാന്‍
                                                                     നീ തയ്യാറല്ലെങ്കിലും
                  നിനക്കായ് ഒന്നല്ല ഒരായിരം ജന്മങ്ങള്‍ കാത്തിരിക്കാന്‍
                                                                    ഞാനൊരുക്കമാണ്

മൗനം (കവിത )

                                                  മൗനം ................

                            മൗനത്തിന്റെ വിലയെന്ത് ........?
                           ഏറെ നാള്‍ കൂടി നാം കാണുമ്പോഴും 
                           ഏറെ അടുത്ത് നാം നില്‍ക്കുമ്പോഴും 
                           എന്നോടൊന്നും മിണ്ടാതെ നീ 
                           എന്തിനു മൗനം നടിച്ചിടുന്നു ....?

                                                         
                                                         എന്റെ  മൗന  പ്രണയവും 
                                                         നിന്റെ മൗന സമ്മതങ്ങളും
                                                        പിന്നെ മൗനമായി മിഴികള്‍ കൈമാറും
                                                        പ്രണയ ലേഖനങ്ങളും
                                                         എന്നും ഞാനോര്‍ക്കുന്നു
                        
                         നീ അകന്നുപോയ ദിക്കു നോക്കി
                         നിന്റെ വരവും കാത്തിരിക്കുമ്പോള്‍ 
                         എന്നിലൂടെ കടന്നുപോയ വര്‍ഷങ്ങള്‍
                         എനിക്ക് നിമിഷങ്ങള്‍ മാത്രമായിരുന്നു
                                                        
                                                     പ്രണയത്തിന്റെ കൈത്തിരി നാളവുമായി
                                                     ഏകാന്തതയുടെ ചുടുകാട്ടിലൂടെ
                                                   ഏകയായ് നടക്കുമ്പൊഴും
                                                   നീ മാത്രമായിരുന്നു എന്റെ മുന്നില്‍

                      അകല്‍ച്ചയുടെ മരണമണിയും
                      എന്റെ തേങ്ങലുകളുടെ ചുടു നിശ്വാസവും
                      ഇടയ്ക്കു പൊട്ടിത്തകര്‍ന്ന മോഹമാല്യവും
                      ഇന്നും എന്നെ എന്തെല്ലാമോ ഓര്‍മിപ്പിക്കുന്നു
                                                 കാലങ്ങള്‍ക്കപ്പുറത്ത് കൈവിട്ട പ്രണയം
                                                വാര്‍ദ്ധക്യത്തില്‍ വീണ്ടും വന്നണഞ്ഞപ്പോള്‍
                                                 നിന്നോട് ഞാന്‍ പറയുന്നു
                                                അന്നു നീ എന്നെ കൈവിട്ടെങ്കിലും
                                                 ഇന്നു ഞാന്‍ നിനക്കൊരു കൈത്താങ്ങ്

Tuesday, October 4, 2011

ശുഭരാത്രി ( കവിത)

                                                  ശുഭരാത്രി ...

                 എന്റെ ജനലിനപ്പുറത്ത് മരങ്ങള്‍ക്കിടയില്‍ നിന്ന്‍
                    പൊന്നമ്പിളി   പുഞ്ചിരിക്കുന്നു 
                         നക്ഷത്രമില്ലാത്ത ആകാശത്ത്‌
                     അത് ഒറ്റക്കാണ് 
                 ഈ ഭൂമിയില്‍ ആയിരങ്ങള്‍ക്കിടയില്‍ 
                        ഞാനും ഒറ്റക്കാണ് 
               മരത്തിന്റെ ചില്ലകള്‍ക്കിടയിലൂടെ 
                                                               പാളി നോക്കി 
                 അത് എന്നോട് പറയുന്നത് 
                 ശുഭരാത്രി എന്നാണോ ...?

നിനക്ക് വേണ്ടി ( കവിത )

                                                  നിനക്ക് വേണ്ടി ...
                       ഏകാന്തമായ എന്റെ വഴിത്താരകളില്‍ 
                       ഞാന്‍ കാത്തു നിന്നത് നിനക്ക് വേണ്ടിയായിരുന്നു 
                       ഓരോ നിമിഷവും ഞാന്‍ കാതോര്‍ത്തത്
                        നിന്റെ വേണുഗാനമായിരുന്നു 
                        പക്ഷെ ഒരിക്കലും എന്റെ വഴി തേടി 
                                                                                     നീ വന്നില്ല 
                       ഞാന്‍ നിനക്കായ് കാത്തുവച്ച 
                                                                 പനിനീര്‍പൂക്കള്‍
                       ദിനവും ഇതള്‍ കൊഴിഞ്ഞ് ഉതിര്‍ന്നു വീണു 
                       എന്റെ സ്വപ്‌നങ്ങള്‍ വീണടിഞ്ഞത് 
                                                      നിന്റെ പാദങ്ങളിലാണ് 
                      എങ്കിലും നീ അറിഞ്ഞില്ല അതെന്റെ ജീവിതമാണെന്ന് 
                    അവയെ ചവിട്ടിയരച്ചു നിന്റെ വഴിക്ക് നീ നീങ്ങിയപ്പോള്‍ 
                     ഞാന്‍ അറിയാതെ തേങ്ങിപ്പോയി 
                  എന്റെ കണ്ണുനീര്‍ നിന്റെ പാദങ്ങളില്‍
                                                                                    പടര്‍ന്നിട്ടും 
                  അതൊന്നുമറിയാതെ നീ അകന്നു നീങ്ങിയപ്പോള്‍ 
                  തകര്‍ന്നുപോയത് ഞാന്‍ തന്നെയാണ്