Thursday, June 30, 2011

ബാല്യകാലമേ നിന്നെ പിരിയുവാന്‍ വയ്യാതെ ......

                    ബാല്യകാലമേ നിന്നെ പിരിയുവാന്‍ വയ്യാതെ ......
                      
                                    കഴിഞ്ഞു പോയ ഏതെങ്കിലും നാള്‍ തിരിച്ചു വന്നാല്‍ 
അത് ബാല്യകാലമാവണം.എത്ര ആസ്വദിച്ചിട്ടും മതിവരാത്ത ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി പുനര്‍ജനിച്ചെങ്കില്‍....
                                    സ്നേഹം കൊണ്ട് സമ്പന്നമായ ഞങ്ങളുടെ തറവാട്ടിലായിരുന്നു എന്റെ ബാല്യം.കൂടെ കളിയ്ക്കാന്‍ കൊച്ചനുജന്മാര്‍,
വാത്സല്യം ചൊരിഞ്ഞുകൊണ്ട്‌ വല്യമ്മച്ചിയും ,ചാച്ചനും,കൂടാതെ കിങ്ങിണിയമ്മ ,ചേച്ചി ,അച്ചാച്ചന്‍ ,കൊച്ചച്ചന്‍ എല്ലാവരും ഉണ്ടായിരുന്നു.
എന്റെ അച്ചയും അമ്മച്ചിയും അന്നേ എന്റെ കൂട്ടുകാരായിരുന്നു.ആ
സന്തോഷമൊന്നും ഇനിയൊരിക്കലും തിരിച്ചെ ത്തില്ല.
                                      മാറ്റം വന്നത് ഒരിക്കലും എന്റെ വീടിനല്ല.എനിക്കാണ് .
ജീവിതത്തില്‍ മാറ്റം അനിവാര്യമാണെങ്കില്‍ കൂടി ഞാന്‍ കുഞ്ഞാകാന്‍
കൊതിച്ചു .അതുകൊണ്ടാവണം വല്യമ്മച്ചി ഇപ്പോഴും എന്നെത്തന്നെ കൊഞ്ചിക്കുന്നത്.കൊച്ചച്ചന്റെ ചെറിയ മോള്‍ കുഞ്ചു പോലും  എന്നേക്കാള്‍ മുതിര്‍ന്നതാണെന്നാണ് വല്യമ്മച്ചിയുടെ ഭാവം .
                                       പക്ഷെ ചിലപ്പോഴൊക്കെ ഞാന്‍ വല്യേച്ചി ആവാറുണ്ട്.എന്നാലും ഉള്ളിന്റെ ഉള്ളില്‍ ഞാന്‍ ബാല്യകാലത്തെ കൊതിക്കുന്നു .അന്നത്തെ പോലെ 
മരം കയറാനും ,കഞ്ഞിയും കറിയും കളിക്കാനും ,ഒക്കെ ഇന്നും കൊതിയാവുന്നു .
                              അന്നൊക്കെ  വീട്ടില്‍ ധാരാളം പണിക്കാര്‍ വരുമായിരുന്നു .അവര്‍ക്കൊക്കെ 
എന്നോട് വലിയ സ്നേഹവും .വീട്ടില്‍ പശുവിനെ നോക്കാന്‍ സുപ്രന്‍ എന്ന് പേരുള്ള 
ഒരു  തമിഴനുണ്ടായിരുന്നു . അയാളുടെ അമ്മ ഇടയ്ക്കിടെ അയാളെ കാണാന്‍ വീട്ടില്‍ വരും.അവരുടെ മൂക്ക് പകുതി മാത്രമേ ഉണ്ടായിരുന്നുള്ളു .അവരുടെ ഭര്‍ത്താവ്‌ വഴക്കുണ്ടാക്കിയപ്പോള്‍ മുറിച്ച താണത്രെ അത് .
                           ചെറുപ്പത്തില്‍ വീട്ടില്‍ ഒരു അപ്പൂപ്പന്‍ വരുമായിരുന്നു.തേങ്ങാപ്പഴം അപ്പൂപ്പന്‍ എന്നായിരുന്നു ഞാന്‍ ആ അപ്പൂപ്പനെ വിളിച്ചിരുന്നു.ആ അപ്പൂപ്പനെ വളര്‍ന്നപ്പോള്‍ ഞാന്‍ കണ്ടിട്ടേ ഇല്ല .
                           ചെറുപ്പത്തില്‍ മഴക്കാലമായിരുന്നു എനിക്കേറെ ഇഷ്ടം .വല്യമ്മച്ചിയുടെ പുതപ്പിനടിയില്‍ 
മയങ്ങിയിരുന്ന  ആ കാലം അതി മനോഹരമായിരുന്നു .കോടമഞ്ഞിറങ്ങുന്ന ആ പുലര്‍കാലങ്ങളില്‍ 
  സുന്ദര സ്വപ്‌നങ്ങള്‍ കണ്ടു ഞാന്‍ ഉണര്‍ന്നു .ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്ന ആ കാലം വെറുതെ  ഞാനൊന്ന് ഓര്‍ത്തു പോയി .

No comments:

Post a Comment