Thursday, June 30, 2011

അമ്മ

                                                                           അമ്മ

                                                 അമ്മ എന്നെന്നും എന്റെ നന്മ
                                                 അകലെയാണെങ്കിലും എപ്പോഴും
                                                                                         അരികത്തുണ്ട് 
                                              ഒരു സ്വന്ത്വനമായ് ഒരു സ്നേഹ സ്പര്‍ശമായി

പുഴ

                                                                          പുഴ

                                                ഒഴുകാന്‍ കൊതിക്കുന്നൂ പുഴ
                                                 ഏതോ പൂര്‍വ്വ സ്മരണയില്‍ മുങ്ങി
                                                ഒഴുകാന്‍ കൊതിക്കുന്നു പുഴ  
                                                വീണ്ടും കടലിലിയാന്‍   കൊതിക്കുന്നു
                                                  എങ്കിലും ഏതോ നഷ്ട സ്വപ്നം  പോലെ  
                                                                                                 പുഴ അറിയുന്നു
                                             താനിനി ഒഴുകില്ലെന്ന സത്യം

സ്വപ്നങ്ങള്‍

                                                 സ്വപ്നങ്ങള്‍

                      സ്വപ്‌നങ്ങള്‍ കാണാന്‍ ഏവര്‍ക്കും  ഇഷ്ടമാണ്.പക്ഷെ അവയൊന്നും നിറവേറണമെന്നില്ല.എങ്കിലും അവ നല്‍കുന്ന അനുഭൂതി ഒന്ന് വേറെ തന്നെയല്ലേ ...?
എങ്കിലും നടക്കാത്ത സ്വപ്‌നങ്ങള്‍ കാണാതിരിക്കാനാണ്‌ എനിക്കിഷ്ടം . 
                        പണ്ടൊക്കെ സ്വപ്‌നങ്ങള്‍ എന്റെ കൂട്ടുകാരായിരുന്നു.ഇന്നതൊക്കെയും എവിടെക്കോപോയ് മറഞ്ഞിരിക്കുന്നു.അന്നൊക്കെ ഞാന്‍ എല്ലാ രാത്രികളിലും എന്തെങ്ങിലും സ്വപ്നം കാണും .പുലര്‍ച്ചേ ഓര്‍ക്കുന്നതൊക്കെ വല്യമ്മച്ചിയോട് പറയും.
ചില സ്വപ്നങ്ങളൊക്കെ ഫലിച്ചിട്ടുമുണ്ട്.
                                 സ്വപ്‌നങ്ങള്‍ക്കപ്പുറത്തെ അര്‍ത്ഥങ്ങള്‍ പലപ്പോഴും ഞാന്‍ തേടി .പക്ഷെ ഒന്നും കണ്ടെത്തിയില്ല .ഇന്നും ഞാന്‍ ആ അര്‍ത്ഥങ്ങള്‍ തേടി എന്റെ സങ്കല്പലോകത്ത് അലയാറുണ്ട്.വെറുതെ.....

നീ

                                                                        നീ
                                               നീ എന്റെ സ്വരമാണ്
                                        എന്റെ മനസ്സില്‍ ഊറിവന്ന നോവും
                                                നീ തന്നെയാണ്  
                                             ഇന്ന് നിനക്കു നല്കാന്‍
                                             എന്റെ കയ്യില്‍ ഒന്നുമില്ല  
                                       ഹൃദയത്തില്‍ വിരിഞ്ഞ രക്തപുഷ്പം മാത്രം

ബാല്യകാലമേ നിന്നെ പിരിയുവാന്‍ വയ്യാതെ ......

                    ബാല്യകാലമേ നിന്നെ പിരിയുവാന്‍ വയ്യാതെ ......
                      
                                    കഴിഞ്ഞു പോയ ഏതെങ്കിലും നാള്‍ തിരിച്ചു വന്നാല്‍ 
അത് ബാല്യകാലമാവണം.എത്ര ആസ്വദിച്ചിട്ടും മതിവരാത്ത ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി പുനര്‍ജനിച്ചെങ്കില്‍....
                                    സ്നേഹം കൊണ്ട് സമ്പന്നമായ ഞങ്ങളുടെ തറവാട്ടിലായിരുന്നു എന്റെ ബാല്യം.കൂടെ കളിയ്ക്കാന്‍ കൊച്ചനുജന്മാര്‍,
വാത്സല്യം ചൊരിഞ്ഞുകൊണ്ട്‌ വല്യമ്മച്ചിയും ,ചാച്ചനും,കൂടാതെ കിങ്ങിണിയമ്മ ,ചേച്ചി ,അച്ചാച്ചന്‍ ,കൊച്ചച്ചന്‍ എല്ലാവരും ഉണ്ടായിരുന്നു.
എന്റെ അച്ചയും അമ്മച്ചിയും അന്നേ എന്റെ കൂട്ടുകാരായിരുന്നു.ആ
സന്തോഷമൊന്നും ഇനിയൊരിക്കലും തിരിച്ചെ ത്തില്ല.
                                      മാറ്റം വന്നത് ഒരിക്കലും എന്റെ വീടിനല്ല.എനിക്കാണ് .
ജീവിതത്തില്‍ മാറ്റം അനിവാര്യമാണെങ്കില്‍ കൂടി ഞാന്‍ കുഞ്ഞാകാന്‍
കൊതിച്ചു .അതുകൊണ്ടാവണം വല്യമ്മച്ചി ഇപ്പോഴും എന്നെത്തന്നെ കൊഞ്ചിക്കുന്നത്.കൊച്ചച്ചന്റെ ചെറിയ മോള്‍ കുഞ്ചു പോലും  എന്നേക്കാള്‍ മുതിര്‍ന്നതാണെന്നാണ് വല്യമ്മച്ചിയുടെ ഭാവം .
                                       പക്ഷെ ചിലപ്പോഴൊക്കെ ഞാന്‍ വല്യേച്ചി ആവാറുണ്ട്.എന്നാലും ഉള്ളിന്റെ ഉള്ളില്‍ ഞാന്‍ ബാല്യകാലത്തെ കൊതിക്കുന്നു .അന്നത്തെ പോലെ 
മരം കയറാനും ,കഞ്ഞിയും കറിയും കളിക്കാനും ,ഒക്കെ ഇന്നും കൊതിയാവുന്നു .
                              അന്നൊക്കെ  വീട്ടില്‍ ധാരാളം പണിക്കാര്‍ വരുമായിരുന്നു .അവര്‍ക്കൊക്കെ 
എന്നോട് വലിയ സ്നേഹവും .വീട്ടില്‍ പശുവിനെ നോക്കാന്‍ സുപ്രന്‍ എന്ന് പേരുള്ള 
ഒരു  തമിഴനുണ്ടായിരുന്നു . അയാളുടെ അമ്മ ഇടയ്ക്കിടെ അയാളെ കാണാന്‍ വീട്ടില്‍ വരും.അവരുടെ മൂക്ക് പകുതി മാത്രമേ ഉണ്ടായിരുന്നുള്ളു .അവരുടെ ഭര്‍ത്താവ്‌ വഴക്കുണ്ടാക്കിയപ്പോള്‍ മുറിച്ച താണത്രെ അത് .
                           ചെറുപ്പത്തില്‍ വീട്ടില്‍ ഒരു അപ്പൂപ്പന്‍ വരുമായിരുന്നു.തേങ്ങാപ്പഴം അപ്പൂപ്പന്‍ എന്നായിരുന്നു ഞാന്‍ ആ അപ്പൂപ്പനെ വിളിച്ചിരുന്നു.ആ അപ്പൂപ്പനെ വളര്‍ന്നപ്പോള്‍ ഞാന്‍ കണ്ടിട്ടേ ഇല്ല .
                           ചെറുപ്പത്തില്‍ മഴക്കാലമായിരുന്നു എനിക്കേറെ ഇഷ്ടം .വല്യമ്മച്ചിയുടെ പുതപ്പിനടിയില്‍ 
മയങ്ങിയിരുന്ന  ആ കാലം അതി മനോഹരമായിരുന്നു .കോടമഞ്ഞിറങ്ങുന്ന ആ പുലര്‍കാലങ്ങളില്‍ 
  സുന്ദര സ്വപ്‌നങ്ങള്‍ കണ്ടു ഞാന്‍ ഉണര്‍ന്നു .ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്ന ആ കാലം വെറുതെ  ഞാനൊന്ന് ഓര്‍ത്തു പോയി .

Tuesday, June 28, 2011

മുഖം

                                                                        മുഖം

                        മുഖം മനസിന്റെ കണ്ണാടിയാണെന്നാണ് വെപ്
                        എന്നാല്‍ അത് തെറ്റാണെന്ന് തെളിയിക്കുകയായിരുന്നു  നീ
                        ഹൃദയം കൊണ്ട് ഞാന്‍ പറഞ്ഞ വാക്കുകള്‍ക്ക്
                        പൊള്ളയായ വാക്കുകള്‍ മറുപടി തരികയായിരുന്നു നീ
                         ശവം തീനി പൂക്കള്‍ കാണിച്ചു നീ
                        പിച്ചകപ്പൂവെന്നു ചൊല്ലിയില്ലേ ...?
                        എന്റെ മിഴികളില്‍ നോക്കി നീ ചൊല്ലിയതൊക്കെയും
                         സത്യമെന്ന് ധരിച്ചത് ഞാന്‍ ചെയ്ത തെറ്റ് 
                         കപടതയുടെ മുഖം മൂടി  നിനക്ക് പരിചിതമല്ലെന്നു
                        വെറുതെ നിനച്ചതും എന്റെ തെറ്റ്
                        മഞ്ഞുവീണ വഴിത്താരകളില്‍ കൊഴിഞ്ഞു വീണ പൂക്കള്‍
                       എന്റെ സ്വപ്നങ്ങളായിരുന്നു
                       നിന്റെ കാല്‍പാദങ്ങള്‍ അവയിലമരുമ്പോഴും
                       ഒന്ന് തേങ്ങാന്‍ പോലുമാകാതെ ഞാന്‍
                       നോവ്‌ തിന്നതും അറിഞ്ഞില്ല നീ
                        ഞാന്‍ പിന്നിട്ട വഴികളില്‍ എന്നോ കണ്ട പേക്കിനവാണ് നീ
                       ഇന്ന് ഞാന്‍ മറക്കുകയാണ് നിന്നെ
                       മറവിയുടെ മുഖംമൂടി എനിക്ക് ചേരില്ലെന്നറിഞ്ഞിട്ടും

പുഴ

                                                                        

                                                     ഞാനും ഒരു പുഴയാണ് 
                                         എന്നിലൂടെ ഒഴുകി കടന്നു പോയത്    
                                                    ഒരു ജന്മമായിരുന്നു  
                                           ആ ജന്മത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്ക്
                                                   സാക്ഷിയായത്‌ നീയാണ്
                                 ഇന്ന് വറുതിയില്‍ വറ്റി വരളുകയാണ് ഞാന്‍
                             നീ കാണുന്നില്ലേ എന്റെ വേവും നിലക്കാത്ത
                                                                                                        തേങ്ങലും
                                         കഴിഞ്ഞു പോയ ജന്മങ്ങളില്‍
                                നീ കതോര്തിരുന്നത് എന്റെ കരയിലാവണം 
                                  അതാവാം എന്റെ ഹൃദയം ഇന്നും
                                  നിന്നെ തിരയുന്നത്
                      നഷ്ടപ്പെട്ടതിനായി ഞാനിന്നു തിരയാറില്ല
                     കാരണം നിന്നെ ഒരിക്കലും നേടാനാവില്ലെന്നു
                              ഞാന്‍ തിരിച്ചറിയുന്നു
                    എങ്കിലും എന്റെ അഗാധ ഗര്‍ത്തങ്ങളില്‍
                               നിന്നെക്കുറിച്ചുള്ള നോവുകള്‍
                                                             അലയടിക്കാറുണ്ട്
                      ആ കണ്ണുനീര്‍ മുത്തുകള്‍ ഇന്നൊരു
                             പുഴയായ് പുനര്‍ജനിച്ചിരിക്കുന്നു

കൈത്താങ്ങ്

                                                           കൈത്താങ്ങ്
                      വാര്‍ധക്യം ഏവര്‍ക്കും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് .എന്നാല്‍ അതിനെക്കുറിച്ച് ഓര്‍മയുള്ളവര്‍ തീരെ കുറച്ചും .ദിനവും പത്രങ്ങളില്‍ കാണുന്ന ഓരോ വാര്‍ത്തകള്‍ മനസു മടുപ്പിക്കുന്നവയാണ്.ഇന്ന് വയസായവരെ ആര്‍ക്കും വേണ്ട.എല്ലാവര്‍  ക്കും പണമാണ് പ്രധാനം.
                                          വീടിന്റെ വിളക്കായിരുന്നു ഒരു കാലത്ത് അച്ഛനമ്മമാര്‍.എന്നാല്‍ ഇന്നവരെ വീടിന്റെ പിന്നാമ്പുറങ്ങളില്‍ ഉപേക്ഷിക്കുന്നു.ദിനംപ്രതി വര്‍ധിക്കുകയാണ് അനാഥാലയങ്ങള്‍.അവിടെ അച്ഛനമ്മമാര്‍ക്ക് വിരുന്നൊരുക്കുകയാണ് മക്കള്‍.            
                                             ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നാമെല്ലാം ഓര്‍ക്കേണ്ട ഒന്നുണ്ട് .നമ്മളും നാളെ വൃദ്ധരാകും.അത് പ്രകൃതി നിയമമാണ്.  

നിനക്കുവേണ്ടി

                                                                 നിനക്കുവേണ്ടി

                                                   എന്റെ ഹൃദയം തുടിച്ചിരുന്നത്
                                                          നിനക്ക് വേണ്ടിയായിരുന്നു
                                                   ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍
                                                         നിന്നെക്കുറിച്ചായിരുന്നു
                                                  എന്റെ കണ്ണുകള്‍ തിരഞ്ഞത്
                                                           നിന്നെയായിരുന്നു
                                                   ഞാന്‍ പാടിയ രാഗങ്ങള്‍
                                                            നിന്നെയോര്‍ത്തായിരുന്നു
                                                 അകലെയാണെങ്കിലും നീ
                                                         ഇന്നുമെന്നരികിലുണ്ട്
                                                   ഒരോര്‍മയുടെ നനുത്ത നൊമ്പരമായി

Monday, June 27, 2011

പ്രണയം

                                                            
                                                  ഞാന്‍ പ്രണയിക്കുകയാണ്‌
                 അതിന്റെ രാഗ താളങ്ങള്‍ ഞാന്‍ അറിഞ്ഞു തുടങ്ങിയിരിക്കുന്നു
                                                   മനസിലെ വേലിയേറ്റങ്ങള്‍
                                                        എന്റെ ശ്വസോച്ച്വാസത്തെ
                                                      ദ്രുത ഗതിയിലാക്കുന്നു
                                 എന്റെ നടപ്പിലും നോട്ടത്തില്‍ പോലും
                                 ഏറെ മാറ്റമുണ്ടെന്ന് കൂട്ടുകാര്‍ പറയുന്നു
                                 എന്റെ മാറ്റം നീ അറിയാത്തതെന്തേ ...?
                       അകലെ നിന്ന് നിന്നെ ആരാധിച്ചവളാണ് ഞാന്‍
                         എന്നാല്‍ ഇന്ന് നീ എന്നരികത്താണ്  
                         എന്നാലും ഒരിക്കലും ചേരാനാവാത്ത വിധം
                            നമ്മള്‍ അകലെയാണ്
അടുക്കാന്‍ ശ്രമിച്ചാലും അടുക്കാനാവാത്തത്ര അകലെ

Wednesday, June 22, 2011

നഷ്ട വസന്തങ്ങള്‍

                        
                          നഷ്ട വസന്തങ്ങള്‍ വിരിയിച്ചതാണെന്‍റെ
                                                                            ചുണ്ടിലൂറുന്ന പുഞ്ചിരി  

                         നഷ്ടവസന്തങ്ങള്‍ പകര്‍ന്നതാണെന്‍റെ 
                                                                         മിഴിയിലൂറിയ ചുടുനീര്‍കണം
                         നഷ്ടവസന്തങ്ങള്‍ ചൊരിഞ്ഞതാണെന്‍റെ   
                                                                       മനസ്സില്‍ പൂത്ത പൊന്‍ താരകള്‍ 
                        എങ്കിലും നോവുന്നു ഞാന്‍ എന്തിനോ  
                                                            പൂക്കാത്ത മൊട്ടുകളെ തേടി 
                        കേള്‍ക്കാത്ത രാഗങ്ങള്‍ തേടി     

ഹൃദയം നിറച്ച വിനോദയാത്ര

                                ഹൃദയം നിറച്ച വിനോദയാത്ര

                                   
                                                  ഒരിക്കലും പങ്കാളിയാവുമെന്നു കരുതിയില്ലെങ്കിലും  ആ യാത്രയില്‍ പങ്കെടുക്കാന്‍ എനിക്കും യോഗമുണ്ടായിരുന്നു.അതുകൊണ്ടാവണം തലേദിവസം  ഞാനും 
സിജിയും രജനിയും അര്‍ച്ചനയുടെ നിര്‍ബന്ധത്തിനു വഴങ്ങി
ടൂര്‍ പോവാന്‍ സമ്മതിച്ചത്.യാത്ര തുടങ്ങിയ സമയം തന്നെ 
അതു നഷ്ടപ്പടുത്താതിരുന്നത്  നന്നായി എന്ന് തോന്നി.യാതൊരുവിധ 
മുഖം മൂടികളും ആര്‍ക്കും ഉണ്ടായിരുന്നില്ല .എല്ലാവരും  ഒന്നുതന്നെ എന്ന് 
വിളിച്ചു ചൊല്ലുന്ന ഒരു യാത്ര .ഗൌരി  സര്‍ എല്ലാവര്ക്കും ഒരു നല്ല കൂട്ടുകാരനായിരുന്നു.സാറിന്റെ മോന്‍ അപ്പുവും ഞങ്ങള്‍ക്ക് നല്ലൊരു
കൂട്ടായിരുന്നു .കാഴ്ചകള്‍ പുതുമകളുള്ളവയായിരുന്നെങ്കിലും അതിനെക്കാളുപരി ഡാന്‍സും പാട്ടുമായി ഞങ്ങളുടെ ലോകത്തായിരുന്നു
എല്ലാവരും .സത്യത്തില്‍  പലകുട്ടികളെയും പരിചയപ്പെട്ടത്‌ അന്നാണ് .അവരെയൊക്കെ നേരത്തെ തന്നെ പരിചയപ്പെടേണ്ടിയിരുന്നു
എന്ന് തോന്നി.ഒരിക്കല്‍ പോലും ടൂര്‍ വേളയില്‍   ഞാന്‍ ഡാന്‍സ് കളിച്ചിട്ടില്ല.സീരിയസ് ആയി മിണ്ടാതിരുന്നിരുന്ന ഞാന്‍ വല്ലാതെ മാറിയിരിക്കുന്നു എന്ന് മനസിലാക്കിയ നിമിഷമായിരുന്നു അത്‌.ഓരോ നിമിഷവും കടന്നുപോവുമ്പോള്‍ ഈ യാത്രയും തീരുകയാണെന്നു മനസ്
വേദനിച്ചു .ഒരു ജന്മം മുഴുവന്‍ ഓര്‍ക്കാന്‍ ഈ വിനോദയാത്ര എന്നുമെന്റെ ഹൃദയത്തിലുണ്ടാവും.കന്യാകുമാരിയിലെ കടല്‍ തിരമാലകള്‍ എന്നെ ഓര്‍മിപ്പിച്ചത് നഷ്ടമാവുമെങ്കിലും  നേടാന്‍ ഒരുപാട്
ഓര്‍മ്മകള്‍ ഉണ്ടെന്നാണ്.ഈ യാത്ര ഇത്രയും മനോഹരമാക്കിയ എല്ലാ
കൂട്ടുകാര്‍ക്കും നന്ദി.എക്കാലവും ഓര്‍ക്കും ഞാന്‍ ഈ യാത്രയും നിങ്ങള്‍ ഓരോരുത്തരുടെയും സൌഹൃദവും .

Friday, June 17, 2011

കുട


                                                                            

എന്തിനാണ് കുട ...........?
മഴ നനയാതിരിക്കാനോ ..?വെയിലേല്‍ക്കാതിരിക്കാനോ ..?
അതോ സ്വയം മുഖം മറക്കാനോ ...?
അന്തിവെയിലിന്റെ ചെന്തീനാളം
മുഖത്തു തട്ടുമ്പോള്‍
ഞാനെന്റെ കുട മറക്കുന്നു
എങ്കിലും സായാഹ്ന നേരത്തെ
ഇളം തെന്നലില്‍ പോലും നീ കുട മറക്കുന്നില്ല
എന്നില്‍ നിന്നും ഒരു കുടയില്‍ മറഞ്ഞ്
എത്ര ദൂരം .......?
കവിതയുടെ കാണാക്കയങ്ങളിലേക്ക് ഊളിയിട്ട്
ഇന്ന് ഞാനും ഒരു കുടയില്‍ മറയുന്നു
പരസ്പരം ഒരു കുടക്കീഴില്‍ കഴിയുവനാകാതെ
രണ്ടു കുടകള്‍ നാം ഇരുവരും തേടുന്നു
കൊടുങ്കാറ്റിലും മഴയിലും നിന്റെ കുട ഇളകാതിരിക്കട്ടെ
നീ മഴ നനയാതിരിക്കട്ടെ
കൊടും താപത്തില്‍ നീ വാടാതിരിക്കട്ടെ
ഇതെന്റെ പ്രാര്‍ത്ഥന മാത്രം
കുടയാല്‍ മറയ്ക്കാന്‍ മനസില്ലയെങ്കിലും
ഇന്ന് ഞാനും തേടുന്നു ഒരു കുട
എന്നെ മറയ്ക്കാന്‍ നിന്നില്‍ നിന്നകലാന്‍

Wednesday, June 15, 2011

എന്‍റെ സ്വന്തം

                                                             
                        എന്‍റെ  സ്വന്തമാണ്  ഈ ലോകവും നിങ്ങളും

                        നിങ്ങള്‍ തന്ന നോവും വിങ്ങുന്ന വാക്കുകളും

                       ആ വാക്കിന്റെയുള്ളിലെ നിലക്കാത്ത വിങ്ങലും         
                       അതിലെ അടങ്ങാത്ത ദാഹവും

                     എല്ലാം എന്‍റെ സ്വന്തമാണ്

                    എന്തിനാണ് നിങ്ങള്‍ എന്നെമാത്രം വേട്ടയാടുന്നത്

                     നിങ്ങളുടെ ക്രൂരതക്ക് പാത്രമാകാന്‍

                     നിങ്ങള്‍ തിരഞ്ഞെടുത്ത ഇരയോ ഞാന്‍

                     കരയുന്ന കണ്ണുകളില്‍ കാണുന്നത് രൌദ്രമല്ല

                    എന്റെ നോവിന്‍റെ  തിളക്കമാണ്

                    കരയുന്നുവെങ്കിലും ചിരിക്കാന്‍ കൊതിക്കുന്ന

                     എന്‍റെ  മനസ്  ഇനിയെങ്കിലും കാണൂ ലോകമേ ......

Tuesday, June 14, 2011

വാക്ക്

          

                                          ചിതറിത്തെറിച്ച സ്വപ്നങ്ങളെ തിരിച്ചെടുക്കാന്‍ ഞാന്‍ മെനക്കെട്ടില്ല ;കൈവിട്ടതിനെ തിരികെ നേടാനും .

ചിന്ത

                                                      

                            നമ്മളെല്ലാം ആത്മാക്കള്‍ തന്നെ ;

                           വസിക്കാന്‍ കിട്ടിയ വീടാണ് ശരീരം

                           അത് പുരുഷ-സ്ത്രീ  ശരീരങ്ങള്‍

                         ആയതില്‍ അഭിമാനമോ അപമാനമോ വേണ്ട.



                        എവിടെ വസിച്ചാലും നമ്മള്‍ ഒന്നു തന്നെ  

ചിന്ത

                         

                         ഇന്നത്തെ ലോകത്ത് ഒരു "മനുഷ്യനായ് " ജീവിക്കുക എന്നതാണ് ഏറ്റവും ദുഷ്കരം .

പിരിയുവാനാകാതെ........

                                 

                        
                        
പിരിയുവാന്‍ വയ്യ മലര്‍കളെ നിങ്ങളെ
                     
 പിരിയുവാന്‍ വയ്യ ആ സൌരഭത്തെയും
 പിരിയുവാന്‍ വയ്യ ഈ നാടിനെ

 എന്നത്മാവായ് വിളങ്ങിയ നന്മയെ                     
കനിവിന്‍റെ കൈത്തിരി  കൈകളിലേന്തിയീ                 
 ഉലകിന്‍റെ  അറ്റത്തെ ഉയിരുകള്‍ തേടി                   
 തുടങ്ങുന്നു ഞാന്‍ യാത്ര -വഴിയില്‍ വിളക്കായ്                   
തെളിയുക നിങ്ങളെന്‍ നന്മകളെ .....




                   അകലെയല്ല ഞാന്‍ അരികത്തു തന്നെ -

                          യുണ്ടെന്നും നിലക്കാത്ത ഗാനമായി

                     അകലുവാന്‍ വയ്യ നിങ്ങളില്‍ നിന്നുമാകന്നാ -

                   ലൊരിക്കലും ഉണര്‍വുമില്ല

           എന്‍റെയിരവുകള്‍ക്ക് നാദമായ് വന്ന രാത്രിമഴേ ...

                പിരിയുവാനാകില്ലെനിക്കു നിന്നെ

          എന്‍റെ  മോഹങ്ങള്‍ക്ക് ചായം തേച്ചൊരു സായം സന്ധ്യേ....

                പിരിയുവാനാകില്ലെനിക്കു നിന്‍റെ 

               മുഗ്ധ ലാവണ്യത്തിനെ

         രാഗം പൊഴിക്കുന്ന കടാക്ഷങ്ങളേകി എന്നില്‍

         പ്രണയം വിടര്‍ത്തിയ കാര്‍മുകില്‍  വര്‍ണ്ണനെ 

            മധുവൂറും വേണുഗാനമെന്‍ കാതിലേക്കൊഴുക്കിയ

         നിന്നെ പിരിയുവാനാകുമോ ഈ  രാധക്ക് കണ്ണാ .....?

           പിരിയുവാ നാകില്ലെന്നറിഞ്ഞിട്ടും

          പിരിയുവാനൊരുങ്ങുന്നു ഞാന്‍

       ഈ വേര്‍പാടിന്‍ നോവൂറും ഹൃദയത്തില്‍

   കുറിക്കാനൊരുങ്ങുന്നു ഞാന്‍ പുതിയൊരു കവിത

ഈ ലോകത്തിനായ് ലോക നന്മക്കായ് .....


chinda

                       വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നെന്റെ വാടിയില്‍ നഷ്ട വസന്തം വിരുന്നു വന്നു .നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ എന്നോട് സംസാരിക്കുമ്പോള്‍ നിന്റെ ഹൃദയത്തില്‍ എന്നെ തിരയുകയായിരുന്നുവോ....?
                            
                          കാല്പനികതയുടെ അതിര്‍ വരമ്പുകള്‍ക്കപ്പുറത്തെ യാഥാര്‍ത്ഥ്യമാണ് ജീവിതം

Tuesday, June 7, 2011

സങ്കല്പങ്ങള്‍

                                                               സങ്കല്പങ്ങള്‍


                        സന്ധ്യകള്‍ എന്റെ സങ്ക ല്പതിന്റെ    കൂട്ടുകാര്‍
                            എന്നെ ചിരിപ്പിക്കുന്ന കരയാത്ത കൂട്ടുകാര്‍
                     എങ്കിലും നിങ്ങള്‍ എന്നോട് പറയാത്ത നോവിന്റെ ചിന്തകള്‍
                            എന്നെ കരയിപ്പിക്കാറുണ്ട്
                      വെറുതെ ഞാന്‍ നിങ്ങള്‍ക്കായ്‌ സ്വപ്ന വാതില്‍ തുറന്നിടുന്നു
                       കടന്നു    വരിക എന്നരികത്തിരിക്ക
                    എന്റെ മോഹങ്ങള്‍ക്ക് കാവലാവുക

Ormayile mazhakkalam (orma )

                                                       ഓര്‍മയിലെ മഴക്കാലം
മഴ എനിക്കെന്നും ആര്‍ദ്രമായ ഓര്‍മകളാണ് സമ്മാനിക്കാറ്. എന്റെ സ്വപ്നങ്ങളെ തളിര്പ്പിച്ചത്ഒരു മഴക്കാലമാണ് .എന്റെ സ്വപ്നങ്ങളില്‍ പൂ വിടര്‍ത്തിയതും മഴക്കാലമാണ്.
                                    മഴ എന്റെ കണ്ണീരിനെ മായ്ച്ചു കളഞ്ഞിരുന്നു.തന്റെ തണുത്ത വിരലുകള്‍ കൊണ്ട് എന്നെ തലോടിയിരുന്നത് മഴക്കാലമാണ് . 
പറയാതെ മറന്ന ഒരു നോവിന്റെ വിങ്ങല്‍ അടര്‍ത്തി മാറ്റിയതും മഴ തന്നെയാണ് .അങ്ങനെയുള്ള ഈ മഴക്കാലം ഇന്നെനിക്കു വിരഹമാണ് .എന്റെ വീട്ടില്‍ നിന്നുമുള്ള    വേര്‍പാടിന്റെ      നേര്‍ത്ത വിങ്ങല്‍ ഈ മഴക്കാലവും  ഉള്ളില്‍    ഏ റ്റു ന്നുവോ....?

Friday, June 3, 2011

FILM REVIEW (karutha pakshikal)

                      കറുത്ത പക്ഷികള്‍ (കമല്‍ ) തിരക്കഥ

                                                     എന്തുകൊണ്ടോ എനിക്ക് കാണാന്‍ തോന്നാതിരുന്ന സിനിമ .തീരെ പാവങ്ങളുടെയും തെരുവിന്റെ ദുഖങ്ങളുടെയും കഥയില്‍ മനസ് വേദനിക്കണ്ട എന്ന് കരുതിയാവണം.മമ്മൂട്ടിയുടെയും പദ്മപ്രിയയുടെയും സൗന്ദര്യം ഇല്ലാത്ത രൂപങ്ങളെയും മീനയുടെ ദുഖം നിറഞ്ഞ മുഖവും കാണാന്‍ തോന്നിയില്ല.
                                        തിരക്കഥ വായിച്ചതു സിനിമ കണ്ടതുപോലെ തന്നെയായി.ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു.ഇപ്പോള്‍ തോന്നുന്നു ആ സിനിമ കാണേണ്ടതായിരുന്നു എന്ന്,ഇനി കാണുമെന്ന്‌.തെരുവിലെ പെണ്‍കുട്ടികളെ പകല്‍ വെളിച്ചത്തില്‍ വിവാഹം കഴിക്കാന്‍ ആരും ഒരുക്കമല്ല.എന്നാല്‍ രാത്രിയില്‍ അവരുടെ മാംസം തിരഞ്ഞു പോകുന്ന കഴുകന്മാര്‍ .അവരോടു ദേഷ്യം തോന്നി .
                                      ആ പാവപ്പെട്ട കുഞ്ഞിനു തന്റെ കണ്ണുകള്‍ നല്‍കണമെന്ന് നിസ്വാര്‍ത്ഥയായ സുവര്‍ണ്ണ ആഗ്രഹിച്ചെങ്കിലും അവളുടെ ഭര്‍ത്താവിന്റെ ഇടുങ്ങിയ മനസ് അത് അനുവദിച്ചില്ല.

kavitha (poem)

                                                                         കവിത

                                     കവിത എന്റെ സ്വപ്നമായിരുന്നു
                                     മനസ്സില്‍ താലോലിച്ച  ഒരു മോഹം പോലെ
                                      കവിത എനിക്ക് നിന്റെ ചിരിപോലെ ആയിരുന്നു
                                        അത്രമേല്‍ പ്രിയമേറിയത്
                                   കവിത എനിക്കെന്റെ മോഹമായിരുന്നു 
                                      എത്രയായാലും അടങ്ങാത്ത മോഹം  
                                   ഇന്ന് കവിതയുടെ തീരത്ത്
                               ആ ആഴക്കടലിലേക്ക് കണ്‍നട്ടിരിക്കുമ്പോള്‍
                     ഞാനറിയുന്നു കവിതേ നീ എന്നെ അറിഞ്ഞില്ല എന്ന്

mazha (poem)

                                                                            മഴ

                                                             മഴ അര്‍ദ്രമാണ്
                                                  എന്റെ മോഹങ്ങള്‍ പോലെ
                                                            മഴ നിറമുള്ളതാണ്
                                                    എന്റെ സ്വപ്‌നങ്ങള്‍ പോലെ
                                                         മഴ തണുപ്പുള്ളതാണ്
                                                 നിന്റെ നിശ്വാസം പോലെ
                                                        മഴ രുചിയുള്ളതാണ്
                                                   എന്റെ കണ്ണീരുപോലെ