Tuesday, November 22, 2011

കിളിക്കൂട് ....

ഇരുളുന്നോരീരാവില്‍ വിരഹത്തിന്‍ ചൂടുമായ്
എവിടേക്കു പായുന്നു കൂടുതേടി ...?
തളരാത്ത ചിറകുകള്‍ വാനില്‍ വിരിച്ചു നീ
എവിടേക്കു പായുന്നു കൂടുതേടി

അകലെയാ മാവിന്‍റെ കൊമ്പിലെ കൂട്ടില്‍ നിന്‍
കുഞ്ഞുണ്ടോ കുഞ്ഞിനായ് തൊട്ടിലുണ്ടോ ...?
പറയാതെ പോവുന്നതെന്തേ നീ കിളി
എന്തിനായ് കാട്ടുന്നതീ തിടുക്കം ...?

കൊക്കുകള്‍ മെല്ലെ തുറന്നു നിന്‍ കുഞ്ഞിതാ
മെല്ലെ വിതുമ്പുന്നു ചൂട് തേടി
പ്രിയനവന്‍ എന്നോ പറന്നു പോയെങ്കിലും
കുഞ്ഞില്ലേ കുഞ്ഞിനായ് അമ്മയില്ലേ ...?

മെല്ലെ വീശും കാറ്റ് താരാട്ട് പാടുന്ന
ചന്ദ്രിക തൂകുന്ന നീല രാത്രി
അകലെയാ മാവിന്‍റെ കൊമ്പിലായ് എന്‍ കിളി
മെല്ലെ മയങ്ങുന്നു കുഞ്ഞുമായി


No comments:

Post a Comment