ഓര്‍മ്മയില്‍ വിരിഞ്ഞു നില്‍ക്കുന്ന പനിനീര്‍പ്പൂക്കള്‍ ....
ബാംഗ്ലൂര്‍ നഗരത്തിന്‍റെ നരച്ച ഓര്‍മ്മകള്‍ ...ഞാനെന്തിനാണ് ആ നഗരത്തില്‍ മാസങ്ങള്‍ ചെലവിട്ടതെന്ന്‍ ഓര്‍ത്തു പോവും .അവിടെ എനിക്കിന്ന്‍ പ്രിയപ്പെട്ടവര്‍ ആരുമില്ല. എങ്കിലും ചില ഓര്‍മ്മകള്‍ ആ നഗരവും എനിക്ക് സമ്മാനിച്ചിട്ടുണ്ട്. 
വേദന നിറഞ്ഞ ഒരോര്‍മ്മയാണ് ആ നഗരത്തിന്‍റെ തിരക്കുകള്‍ക്കിടയിലെ പൂക്കാരി സീത എനിക്ക് സമ്മാനിച്ചത്. ദിനവും ചുവന്ന റോസാപ്പൂക്കള്‍ അവള്‍ എനിക്ക് നേരെ നീട്ടുമായിരുന്നു. സീത ദിവസവും അതി രാവിലെ വരും കൂടെ അവളുടെ മകനും ഒരു നായക്കുട്ടിയും കാണും. അവള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല എന്നറിഞ്ഞപ്പോള്‍ എനിക്ക് ദുഃഖം തോന്നി. അവള്‍ക്ക് സ്വന്തമായി ആരുമുണ്ടായിരുന്നില്ല. ആരോ സമ്മാനിച്ചതായിരുന്നു ആ കുഞ്ഞിനെ. സീത എനിക്ക് മുന്നില്‍ ഒരു ചോദ്യ ചിഹ്നമായിരുന്നു. ആരുമില്ലെങ്കിലും അവള്‍ ജീവിക്കുന്നു. വൈകല്യം മറന്നും തന്‍റെ കുഞ്ഞിനെ പോറ്റുന്നു. അവളും അമ്മയാണ് ....അതിനുള്ള പ്രായമോ പക്വതയോ ഇല്ലെങ്കിലും . കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം സീത വരാതെയായി. ഞാന്‍ ആ തെരുവില്‍ പലപ്പോഴും അവളെ തിരഞ്ഞു....... കണ്ടില്ല.......പിന്നീട് ഞാന്‍ തിരിച്ചു പോരുന്ന ദിവസവും അവളെപറ്റി അന്വേഷിച്ചു.ആര്‍ക്കും അറിയില്ലായിരുന്നു അവളെവിടെയെന്ന്....അല്ലെങ്കിലും ആ തിരക്കേറിയ നഗരത്തില്‍ ആര്‍ക്കാണ് അവളെപ്പോലെ ഒരു മിണ്ടാപ്രാണിയെ അന്വേഷിക്കാന്‍ സമയം ...?ഇന്നും ഞാന്‍ വെറുതെ ഓര്‍ക്കും സീത അന്ന്‍ എവിടെക്കാണ് പോയത്......?അവള്‍ നീട്ടിയ പനിനീര്‍പ്പൂകള്‍ അപ്പോള്‍ വേദനയോടെ പുഞ്ചിരിക്കും ...
No comments:
Post a Comment