Thursday, November 17, 2011

പൊട്ടുന്ന താലിച്ചരടുകള്‍.....

കേരളത്തില്‍ വിവാഹ മോചനങ്ങള്‍ വര്‍ദ്ധിക്കുകയാണ്‌.....
കുടുംബ കോടതികള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്നത് കുട്ടികളാണ്. ദയയില്ലാതെ പിരിയുന്ന മാതാപിതാക്കളില്‍  ആരുടെ കൂടെ പോവണമെന്നറിയാതെ പ്രതിസന്ധിയിലാവുന്ന കുഞ്ഞുങ്ങളുടെ വേദന കാണാതെ മാതാപിതാക്കള്‍ ഇരുവഴിക്കു പിരിയുന്നു. പലപ്പോഴും നിസ്സാരപ്രശ്നങ്ങളാണ് ദമ്പതികളെ കോടതി മുറികളില്‍ എത്തിക്കുന്നത് .
                  ഇന്ന്‍ സ്ത്രീയും പുരുഷനും സാമ്പത്തികമായി സ്വതന്ത്രരാണ്.അതുകൊണ്ടു തന്നെ പരസ്പരം ആശ്രയിക്കേണ്ടി വരുന്നില്ല.ആരുമില്ലെങ്കിലും ജീവിക്കാനറിയാം എന്ന ധാര്‍ഷ്ട്യമാണ് ഈ വികാരത്തിന് പിന്നില്‍.പരസ്പരം സ്നേഹിക്കാനോ ക്ഷമിക്കാനോ ആരും തയ്യാറല്ല.അവനവനെത്തന്നെയാണ് എല്ലാവരും സ്നേഹിക്കുന്നത്.
                ഭാരതസ്ത്രീകള്‍   ജീവനേക്കാള്‍ വില നല്‍കിയിരുന്നത് താലിക്കാണ്. അത് പൊട്ടുന്നത് ഒരിക്കലും സഹിക്കാനും ആവുമായിരുന്നില്ല. സതി ഒരു ദുരാചാരമായിരുന്നെങ്കില്‍ക്കൂടി  അത് വെളിവാക്കുന്നത് ഭര്‍തൃ സ്നേഹമാണ്. അത്തരം സ്നേഹം ഇന്നാവശ്യമില്ലെങ്കില്‍ക്കൂടി ദാമ്പത്യത്തില്‍ സ്നേഹത്തിന് ഏറെ പ്രാധാന്യമുണ്ട്.
               ഭര്‍ത്താവിന്‍റെ വീട്ടുകാരെ പലപ്പോഴും വധു അന്യരായി കണക്കാക്കുന്നു . മരുമകളെ അന്യയായിക്കാണുന്ന ഭര്‍തൃ വീട്ടുകാരും കുറവല്ല. ഇത് കുടുംബത്തില്‍ നിരന്തര പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുന്നു. സ്നേഹമില്ലാത്ത കുടുംബാന്തരീക്ഷം കുടുംബത്തിലെ വെളിച്ചം തല്ലിക്കെടുത്തുന്നു .
                വിവാഹമോചനങ്ങള്‍ പെരുകുന്ന ഈ കാലഘട്ടത്തെ നാം ആശങ്കയോടെ കാണേണ്ടിയിരിക്കുന്നു. പൊരുത്തം നോക്കി നടത്തിയ വിവാഹങ്ങള്‍ പൊരുത്തമില്ലാതെ പിരിയുന്നു. ജാതക പൊരുത്തത്തിനപ്പുറം മനപ്പൊരുത്തമാവട്ടെ പ്രധാനം. പ്രണയ വിവാഹങ്ങളും പരാജയത്തിന്‍റെ രുചി നുകരുമ്പോള്‍ ആശങ്കയിലാവുന്നത് യുവജനതയാണ്. അവരാണെങ്കില്‍ ലിവിംഗ് ടുഗദറിനെപ്പറ്റിപ്പോലും  ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.കേരളത്തിന്‍റെ സംസ്കാരത്തിനു തന്നെ അപചയം വന്നിരിക്കുന്നു. വിലപിക്കേണ്ടതിനപ്പുറം ഇതിനൊരു പരിഹാരം കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

No comments:

Post a Comment