Tuesday, November 29, 2011

നീയെന്നെ അറിയാഞ്ഞതെന്തേ ...?

ചിലരുടെ മിഴികള്‍ നനയാന്‍ മാത്രം വിധിക്കപ്പെട്ടതാണ്
ചിലരുടെ ഹൃദയങ്ങള്‍ നഷ്ടമറിയാന്‍   വിധിക്കപ്പെട്ടതും
എന്‍റെ സ്വപ്നങ്ങളും അങ്ങനെയാണ്
എന്തിനാണ് വൈരുധ്യങ്ങള്‍ മാത്രം നിറഞ്ഞ നിന്നെ ഞാന്‍
എന്‍റെ സ്വപ്നത്തിലെ നായകനാക്കിയത് ...?
സുഹൃത്തുക്കള്‍ പറഞ്ഞിട്ടോ ...? അല്ല
അവര്‍ അറിയുന്നതിനും എത്രയോ മുമ്പ്
നീ കുടിയിരുന്നതാണെന്നില്‍
ഒരു പക്ഷെ ജന്മങ്ങള്‍ക്ക് മുന്നേ .....
എന്നിട്ടും നീയെന്നെ അറിയാഞ്ഞതെന്തേ ...?
നനയില്ലെന്നു  ശബധം ചെയ്ത എന്‍റെ മിഴികള്‍ നനയുന്നു -നിന്നെയോര്‍ത്ത്
നീയോ  .....ചന്തമുള്ള പൂവു തേടി എങ്ങോ അലയുന്നു
നീ എന്‍റെ മനസ് കണ്ടെന്നു കരുതിയ ഞാനാണ്‌ വിഡ്ഢി
സാരമില്ല  സുഹൃത്തേ...
നാം കണ്ട ലോകത്തിനപ്പുറം ശരിയുടെ മറ്റൊരു ലോകമുണ്ട്
അവിടെ ഞാന്‍ വിജയിക്കും എല്ലാവര്‍ക്കുമായി ഞാന്‍
എന്നെത്തന്നെ ത്യജിച്ചതിന്......
നിന്നോടെനിക്ക് പകയില്ല ....കാരണം നീയെന്നെ പ്രണയിച്ചില്ല
നിന്‍റെ  വാക്കുകളില്‍  പ്രണയം കല്‍പ്പിച്ച  ഞാന്‍ തന്നെയാണ് തെറ്റുകാരി
നിന്‍റെ വഴികളില്‍ നന്മ നിറയട്ടെ ....
ഈശ്വരന്‍ നിന്‍റെ വഴിയില്‍ പൂവിടര്‍ത്തട്ടെ
അകലെ നിന്ന് ആ നന്‍മകള്‍   കാണാന്‍ ഈശ്വരന്‍ എനിക്കും ഭാഗ്യം തരട്ടെ ....    

Monday, November 28, 2011

പ്രതീക്ഷ

പ്രണയം  മനസിന്‍റെ നഷ്ടമാണ്
ജീവിതത്തിന്‍റെ നേട്ടവും
ഇതാ നിനക്കായ്‌ ഒരു പനിനീര്‍ പൂവ്
അതില്‍ മുള്ളുകളില്ല അതെല്ലാം എന്‍റെ ഹൃദയത്തില്‍    തറച്ചുപോയി  
ഈ പുഷ്പത്തിന്‍റെ     ഇതളുകളില്‍    
തുളുമ്പി നില്‍ക്കുന്നത് ജലമല്ല എന്‍റെ ജീവരക്തമാണ്
നിന്നെ മറക്കാന്‍ ആവുന്നില്ല
നീയോ അടുത്ത് നില്‍ക്കുമ്പോഴും അന്യനായി നടിക്കുന്നു
എങ്കിലും പ്രിയാ നീ തന്ന നോവും സാന്ത്വന മാണെനിക്ക്
പുതിയ വസന്തങ്ങള്‍ എനിക്കായി വിടരുമ്പോഴും
നിന്നെ പ്രതീക്ഷിക്കുകയാണ് ഞാന്‍ ........ 

സായന്തനം

പ്രിയ സൂര്യാ നീയും വിടപറയുന്നുവോ
മറ്റൊരു ചന്ദ്രോദയത്തിനായി
ഉദയം അസ്തമയത്തിലേക്കുള്ള  വഴികാട്ടിയാണല്ലോ
വിടര്‍ന്ന പൂവും  പഴുത്തയിലയും  കൊഴിഞ്ഞല്ലേ മതിയാവൂ
ഇന്നീ ജീവിത സായന്തനത്തില്‍ ഞാനും
അസ്തമയ സൂര്യന്‍റെ വരവിനായി കാത്തിരിക്കുന്നു
അകലേക്ക്‌ മറയുന്ന ജീവിതത്തോണിയില്‍
കടന്നു പോകുന്നത്  എന്‍റെ ജന്മമാണ്
നിനവും നോവും ചേര്‍ന്നു വരച്ചിട്ട നരച്ച ചിത്രങ്ങള്‍ മറയുകയാണ്
എന്‍റെ ജന്മവും ഞാനും വിടചോല്ലുകയാണ്
നാളത്തെ ഉദയത്തില്‍ വീണ്ടും വിടരനായി
ഞാന്‍ ഇന്നു മറയുകയാണ് .........

Saturday, November 26, 2011

മഴപെയ്യുമ്പോള്‍ ......

മഴ എനിക്കെന്നും അത്ഭുതമാണ് ....എത്രകണ്ടാലും മതിയാവാത്ത അത്ഭുതം ....മഴ കാണുമ്പോള്‍ ഞാനൊരു കൊച്ചു കുട്ടിയായിപ്പോകുന്നു .എന്തിനെന്നറിയില്ല മഴയോട് വല്ലാത്ത സ്നേഹമാണെനിക്ക് ....പണ്ട് മഴയത്ത് സ്കൂളിലേക്ക് നടന്നു പോയതും മഴ നനഞ്ഞൊട്ടി ക്ലാസിലിരുന്നതും, രാത്രി മഴയുടെ പാട്ടുകേട്ട് വല്യമ്മച്ചിയോടൊട്ടിക്കിടന്നതും ഇന്നലെ കഴിഞ്ഞപോലെ ....ഇപ്പൊ തോന്നുന്നു എനിക്ക് ആരുമില്ലെന്ന്  ...ഈ നഗരത്തിലെ സുഹൃത്തുക്കളുടെ സമ്പന്നതയല്ലാതെ എനിക്കെന്താണ് ഇവിടെ സ്വന്തമായുള്ളത് ...?
                      പാടവും   പറമ്പുമില്ലാത്ത ഈ നഗരത്തിലെ മഴയ്ക്ക് നരച്ച നിറമാണ്‌. എങ്കിലും എന്‍റെ വര്‍ണ്ണാഭമായ ഓര്‍മ്മകളില്‍ ഞാന്‍ ഇവിടുത്തെ മഴക്കും നിറം പകരുകയാണ് .കഴിഞ്ഞു പോയ വഴികളിലൂടെ തിരിയെ നടക്കാനാവില്ലെന്ന സത്യം വേദനിപ്പിക്കുമ്പോഴും വരാനിരിക്കുന്ന ഒരു നല്ല നാളെ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തുന്നു. ചില സ്വപ്‌നങ്ങള്‍ ഞാനും കണ്ടു തുടങ്ങിയിരിക്കുന്നു .നടക്കുമോ ഇല്ലയോ എന്നറിയില്ലെങ്കിലും വെറുതെ ആ സ്വപ്നങ്ങളുടെ ബലത്തില്‍; ജീവിക്കുകയാണ് ഞാന്‍ ....
  ഈ മഴ പെയ്യുമ്പോള്‍ എന്‍റെ മോഹങ്ങളും ഉണരുകയാണ് ......ഭാവിയുടെ  സുവര്‍ണ്ണ വാതായനങ്ങള്‍ തുറക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഞാന്‍ ...... 

Friday, November 25, 2011

പൊന്‍ പൂക്കള്‍ ...

പൂക്കളും കൊച്ചു കുട്ടികളും ഒരുപോലെയാണ് ....
ഏറെ നിഷ്കളങ്കത ഉള്ളില്‍ പേറുന്നവ. കുഞ്ഞുങ്ങളുടെ  നിഷ്കളങ്കതയും പൂക്കളുടെ ചിരിയും ആര്‍ക്കാണ് കണ്ടുമതിയാവുക...? പൂക്കള്‍ കുഞ്ഞുങ്ങളെ പോലെയാണ് ....കുഞ്ഞുങ്ങള്‍ പൂക്കളെ പോലെയും ....
ആദ്യമായി സ്വന്തം കുഞ്ഞിന്‍റെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി ഏതമ്മയ്ക്കാണ് ആഹ്ലാദ മുണ്ടാക്കാത്തത്...? അല്ലെങ്കില്‍ തന്നെ ആ പുഞ്ചിരിയല്ലേ ഒരു സ്ത്രീയുടെ ജന്മം സഫലമാക്കുന്നത് ...? ജീവിതമാകുന്ന ചെടിയില്‍ വിരിഞ്ഞ കുസുമങ്ങളാണ് കുഞ്ഞുങ്ങള്‍ .....എന്തുകൊണ്ടോ പൂക്കളുടെയും കുഞ്ഞുങ്ങളുടെയും പുഞ്ചിരിയില്‍ ഞാന്‍ എന്‍റെ ദുഃഖങ്ങള്‍ മറന്നു പോവുന്നു  ....

Wednesday, November 23, 2011

അമ്മ

അമൃതമായെന്നില്‍ നിറയുമമ്മ
പുഴപോലെയെന്നില്‍ ഒഴുകുമമ്മ
മലര്‍പോലെയെന്നില്‍ വിരിയുമമ്മ
ഒരു കവിതപോലെന്നെ തഴുകുമമ്മ

കഥ കേട്ടുറങ്ങിയ ബാല്യത്തിലെന്‍
കണ്ണുനീര്‍ തുടച്ച കൈകളമ്മ
മാറിന്‍റെ  ചൂടില്‍ ചേര്‍ത്തെന്നുമെന്നെ
താലാട്ടിയുറക്കിയ കൈകളമ്മ

അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്നൊരമ്മ
എന്നിലറിവായ് വിളങ്ങും ദേവിയമ്മ
കടല്‍ പോലെയെന്നില്‍ നിറഞ്ഞു നില്‍ക്കും
കനിവിന്റെ സ്നേഹക്കടലുമമ്മ

ഒരു സ്നേഹ നിലാവു പോല്‍
                             ചിരിതൂകി നില്‍ക്കുന്ന
ആനന്ദപ്പൂനിലാവെന്‍റെയമ്മ
ഒരു മഴ പോലെന്നില്‍ പെയ്തിറങ്ങും
സ്നേഹത്തിന്‍ പൂമഴയെന്‍റെയമ്മ 

Tuesday, November 22, 2011

വിടചോല്ലുന്നുവോ നീ ....?





മൌനമായെന്നോട് വിട ചൊല്ലുന്നുവോ നീ
വിരഹാര്‍ദ്രായം തൃസന്ധ്യേ .....
മൌനമായീ രാവിന്‍റെ മാറില്‍
ചെരാനൊരുങ്ങുന്നുവോ...?

പാറിപ്പറക്കും പക്ഷി വൃന്ദമില്ല
താരാട്ടുവാന്‍ മന്ദ മാരുതനുമില്ല
ഇരുളുന്ന മാനവും കാര്‍മേഘ ജാലവും
പടുന്നുവേതോ വിരഹഗാനം ...

ഈ ഇരുള്‍ കാട്ടില്‍ ഞാനും തനിച്ചീ
രാവിനെ നോക്കിയിരിപ്പു മൂകം
ശൂന്യമാം ചിന്തയും മരവിച്ച ഹൃദയവും
എന്നോടു ചോദിപ്പു മൌനമെന്തേ ...?

നിറയാത്ത മിഴികളും വിറയാത്ത ചുണ്ടുമായ്
കരയാന്‍ മറന്നു ഞാന്‍ കാത്തിരിപ്പൂ
ഈ ഇരുള്‍ കടലിന്‍റെ അപ്പുറത്തെങ്ങോ
ഒരു നീലനിലാവുദിക്കുമെന്ന്




കിളിക്കൂട് ....

ഇരുളുന്നോരീരാവില്‍ വിരഹത്തിന്‍ ചൂടുമായ്
എവിടേക്കു പായുന്നു കൂടുതേടി ...?
തളരാത്ത ചിറകുകള്‍ വാനില്‍ വിരിച്ചു നീ
എവിടേക്കു പായുന്നു കൂടുതേടി

അകലെയാ മാവിന്‍റെ കൊമ്പിലെ കൂട്ടില്‍ നിന്‍
കുഞ്ഞുണ്ടോ കുഞ്ഞിനായ് തൊട്ടിലുണ്ടോ ...?
പറയാതെ പോവുന്നതെന്തേ നീ കിളി
എന്തിനായ് കാട്ടുന്നതീ തിടുക്കം ...?

കൊക്കുകള്‍ മെല്ലെ തുറന്നു നിന്‍ കുഞ്ഞിതാ
മെല്ലെ വിതുമ്പുന്നു ചൂട് തേടി
പ്രിയനവന്‍ എന്നോ പറന്നു പോയെങ്കിലും
കുഞ്ഞില്ലേ കുഞ്ഞിനായ് അമ്മയില്ലേ ...?

മെല്ലെ വീശും കാറ്റ് താരാട്ട് പാടുന്ന
ചന്ദ്രിക തൂകുന്ന നീല രാത്രി
അകലെയാ മാവിന്‍റെ കൊമ്പിലായ് എന്‍ കിളി
മെല്ലെ മയങ്ങുന്നു കുഞ്ഞുമായി


മാറുന്ന പ്രണയ സങ്കല്പങ്ങള്‍ ....

ലോകം പുരോഗമിച്ചുവെന്നു വെറുതെ പറയുന്നതാണ്. ഒരു പക്ഷെ ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ഏറെ പുരോഗതി പ്രാപിച്ചിരിക്കാം. ഏതായാലും പ്രണയത്തിന്‍റെ കാര്യത്തില്‍ ആ പുരോഗതി കാണാനാവില്ല. രണ്ടു മതത്തില്‍ പെട്ടവര്‍ പ്രണയിച്ചാല്‍ അവര്‍ക്കുനേരെ വാളോങ്ങുന്ന സമൂഹമാണ്‌ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഉള്ളതെന്ന് പറഞ്ഞാല്‍ അത് ലജ്ജാവഹം തന്നെയാണ്. കഴിഞ്ഞ തലമുറ പ്രണയം വിജയിപ്പിക്കുന്ന കാര്യത്തില്‍ ഇന്നത്തെ തലമുറയെക്കാള്‍ ഏറെ മുന്നിലായിരുന്നുവെന്ന്‍ പറയാതെ വയ്യ.
                      ഇന്നത്തെ പ്രണയം ജാതിയും മതവും ജാതകവും വരെ നോക്കിയ  ശേഷമാണ് ആരംഭിക്കുന്നത്.പരിശുദ്ധ പ്രണയം എന്ന സങ്കല്‍പ്പത്തിന് ഇക്കാലത്ത്‌ സ്ഥാനമില്ലാതായിരിക്കുന്നു. ആരും കാണാതെ മനസ്സില്‍ കാക്കുന്ന പ്രണയമൊന്നും ഇക്കാലത്തില്ല. ഒരു പ്രണയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് എടുത്തു ചാടാന്‍ പുതിയ തലമുറക്ക് അധികം സമയവും വേണ്ട.
                     ജാതിയോ മതമോ ഇല്ലാത്ത ഒരു ലോകത്തെ ഞാന്‍ സ്വപ്നം കണ്ടിരുന്നു . മിശ്ര വിവാഹങ്ങളിലൂടെ മാത്രമേ അത് സാധിക്കൂ എന്ന് ഞാന്‍ കരുതി. എന്നാല്‍ എന്‍റെ തലമുറ  സ്വജാതിയില്‍ നിന്ന് മാത്രം വിവാഹംകഴിക്കാന്‍ ആഗ്രഹിക്കുന്നവരുടെതാണ് .ജാതിക്കും മതത്തിനും മാത്രമല്ല അന്ധവിശ്വാസത്തിനും ഇന്ന്‍ പ്രാധാന്യമേറുകയാണ്. മനുഷ്യര്‍ക്കിടയില്‍ മതങ്ങളുടെ വേലിക്കെട്ടുകള്‍ ഇല്ലാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ ...!ഇന്ന്‍ രാഷ്ട്രം ഭരിക്കുന്നത്‌ വരെ മതങ്ങളാണ്.
                      ജാതിയും മതവും ഇല്ലാതാവുന്ന ,എല്ലാവരും ഒരു കുടുംബമായിക്കഴിയുന്ന ഒരു ലോകത്തെ ഞാനിന്നും സ്വപ്നം കാണുന്നുണ്ട്. ഒരിക്കലും നടക്കില്ല എന്നറിയാമായിട്ടും വെറുതെ പ്രതീക്ഷിക്കുന്നുണ്ട് ......

Monday, November 21, 2011

ഞാന്‍ ....

ഞാനൊരു  പുഷ്പമാണ്‌
                                                                 നിനക്കായ്‌ മാത്രം വിരിഞ്ഞ പുഷ്പം 
                                                                 നിന്‍റെ വിപ്ലവങ്ങളെ എന്‍റെയുള്ളില്‍
                                                                                    പേറാനൊരുങ്ങുമ്പോഴും
                                                                 അറിഞ്ഞില്ല ഞാന്‍ നീ എന്‍റെ ശാന്തതയെ
                                                                                  പ്രണയിച്ചു തുടങ്ങിയെന്ന്

നിന്നെക്കുറിച്ച് ....

ഇടറാതെ ഞാന്‍ പാടും
                                 ഗാനങ്ങളൊക്കെയും
നിന്നെക്കുറിച്ചായിരുന്നുവല്ലോ
മൊഴിയാത്ത വാക്കിന്‍റെ
                                 നിശബ്ദദ യ്ക്കപ്പുറം
നീയെന്‍റെ സ്വരമായിരുന്നുവല്ലോ ...
മറ്റാരും കാണാതെ ഞാന്‍ കാത്ത മയില്‍‌പ്പീലി
നിനക്കായ് മാത്രമായിരുന്നുവല്ലോ ...
ഞാനെന്നുമെഴുതുന്നോരക്ഷരപ്പൂക്കളും
നിനക്കായ്‌ മാത്രമാണല്ലോ ...

തേന്മൊഴികള്‍ ...

നീയൊന്നും ചൊല്ലീല ഞാനും പറഞ്ഞില്ല
മൂകാനുരാഗത്തിന്‍ തേന്മൊഴികള്‍  ...Photos-of-spring-season-155771_wall.jpg
ഒടുവിലാരോടും മിണ്ടാതെ പോയൊരാ
നിശതന്‍ നോവും അറിഞ്ഞില്ല നാം

അകലെയാകാശത്ത് വിരിഞ്ഞൊരാ താരകം
വെറുതേ വന്നൊന്നെത്തിനോക്കി
മൂകമായ് ചോദിച്ചു എന്നോട് വെറുതേ
ഇനിയും മൌനമെന്തേ ...?

പറഞ്ഞില്ലയെങ്കിലും  പറയാത്ത വാക്കിന്
കാണാത്ത പൂവിന്‍ സുഗന്ധമുണ്ട്
വിരിയാതെ കൊഴിഞ്ഞാലും ഇനിയെന്‍റെ സ്വപ്നത്തി -
നായിരം വസന്തത്തിനഴകുമുണ്ട്

Saturday, November 19, 2011

മലയാളമേ നീയിന്ന്‍ അന്യയോ ...?

കഴിഞ്ഞ ദിവസം ഹോസ്ടലില്‍ ഒരു സുഹൃത്ത് പറഞ്ഞതു കേട്ടപ്പോള്‍ ചിരിയാണ് വന്നത്. പുതിയതായി വന്നു ചേര്‍ന്ന അന്തേ വാസിയോട് അഭിമാന പൂര്‍വ്വം അവള്‍ പറഞ്ഞു, എനിക്ക് മലയാളം എഴുതാനറിയില്ല ,ഇംഗ്ലീഷേ അറിയൂ ....അതൊരു ശുദ്ധ നുണയാണെന്നു  ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു.എന്നാലും മലയാളമറിയില്ല എന്ന് പറയുന്നതില്‍ അഭിമാനം കാണുന്ന ആ സ്ത്രീയോട് പറയാന്‍ എനിക്ക് വാക്കുകളൊന്നും കിട്ടിയില്ല. മാതൃഭാഷക്ക് പെറ്റമ്മയുടെ സ്ഥാനമാണുള്ളത്. ആദ്യം അമ്മയെന്ന് വിളിച്ചത്, ആദ്യമായി ഒരു പൂര്‍ണ്ണ വാചകം പറഞ്ഞത്, പരിഭവിച്ചത്, സ്നേഹിച്ചത് എല്ലാം മാതൃഭാഷയിലൂടെയാണ് .ഒരിക്കല്‍ പെറ്റമ്മയെയും തള്ളിപ്പറയുമെന്ന്  തെളിയിക്കുകയാണ് പുതിയ തലമുറ.അമ്മയെ മാറ്റിനിര്‍ത്തി വിരുന്നുകാരിക്ക് ഇടം കൊടുക്കുകയാണ് നാം. ഒരു ഭാഷയും നന്നായി അറിയാത്ത അവസ്ഥയിലാണ് പുതിയ തലമുറയെന്നു പറയാതെ വയ്യ.   മലയാളമേ എന്നും നീ വിജയിക്കട്ടെ .......

Friday, November 18, 2011

ഉണ്ടായിരിക്കാം ...

നീലാകാശത്തിനപ്പുറം മറ്റൊരു
                                     നീലിമയുണ്ടായിരിക്കാം
ഈയിളം കാറ്റിന്നപ്പുറം നിന്നുടെ
                                     നിശ്വാസമുണ്ടായിരിക്കാം
ഏഴ് കടലിനുമപ്പുറം  മറ്റൊരു
                                      മഹാനദി ഉണ്ടായിരിക്കാം
ഒരുപാടു മോഹങ്ങള്‍ക്കൊടുവില്‍
                                     മോഹഭംഗങ്ങളുണ്ടായിരിക്കാം
കാര്‍മേഘ ജാലത്തിന്നപ്പുറമൊരു
                                    വെണ്‍മേഘമുണ്ടായിരിക്കാം
ഇരുട്ടിന്നാഴത്തിലെങ്ങോ നമുക്കായ്
                                   ഒരു ദീപമുണ്ടായിരിക്കാം
ഒരുപാടു മറവികള്‍ക്കിടയില്‍
                    നിന്നെക്കുറിച്ചുള്ളോരോര്‍മ്മകളുണ്ടായിരിക്കാം
ഒരുപാടു നോവുകള്‍ക്കിടയില്‍ ചിരിയുടെ
                                          മണ്‍ചിരാതുണ്ടായിരിക്കാം
ഈ വിരഹത്തിനപ്പുറം മറ്റൊരു
                                          സംഗമമുണ്ടായിരിക്കം

Thursday, November 17, 2011

യാത്ര ......

നിന്നെ ആരോ
              നട്ടുവച്ചതാണെന്നില്‍
വേരുറച്ചു പോയി
              പറിച്ചുനീക്കാനാവുന്നില്ല ....
ഹൃദയത്തിന്‍റെ ആഴങ്ങളിലേക്ക്
                                        നീ  ആഴ്ന്നിറങ്ങുമ്പോഴും
തടഞ്ഞില്ല ഞാന്‍
നീയെന്നെ  കഠിന ഹൃദയയെന്നു വിളിച്ചു
പക്ഷേ ഞാനതല്ലയിരുന്നു
നീ എന്‍റെ മോഹങ്ങള്‍ കണ്ടില്ല -പകരം
നിന്‍റെ മോഹങ്ങള്‍   കാട്ടിത്തന്നു
നീ ചിരിച്ചു ; ഞാനും
                        വിഷാദം പുരണ്ട ചിരി 
എന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞു
നിന്‍റെ ചിരിയില്‍ വിഷമുണ്ടെന്ന്
എന്നാല്‍ ഞാന്‍ പറഞ്ഞു അത് വിഷമല്ല പനിനീരാണെന്ന്‍
എന്‍റെ മോഹങ്ങളെ നിന്നിലൂടെ
                                           ഞാന്‍ നേടാന്‍ കൊതിച്ചു
എന്‍റെ സ്വപ്നങ്ങളെ നിന്‍റെ
                           കണ്ണുകളില്‍ ഞാന്‍  ദര്‍ശിച്ചു
എന്നാല്‍ നീ നിന്‍റെ പ്രണയ പുസ്തകത്തില്‍
എന്‍റെ പേരെഴുതിയില്ല
മറ്റാരുടെയോ   പേരുകള്‍ കുറിച്ചിട്ട താളുകള്‍
ഒരു മരണ പുസ്തകം പോലെ
                                        ഞാന്‍ മറിച്ചു നോക്കി   
എന്‍റെ സ്നേഹത്തിനായി നീ വാശിപിടിക്കുമ്പോള്‍   
അത് പ്രണയമാണെന്ന്      ഞാന്‍ തെറ്റിദ്ധരിച്ചതായിരുന്നു
"മിണ്ടാപ്പൂച്ച കലമുടയ്ക്കും "
                ആരോ  ഒരിക്കല്‍ പറഞ്ഞത് കേട്ടതാണ്
ഞാനും ആ കലം ഉടച്ചേനെ  
പക്ഷേ നീ എനിക്ക് അവസരം തന്നില്ല
പ്രിയപ്പെട്ടവര്‍ക്കു മുന്നില്‍ നിനക്കായ്
                                                          ഞാന്‍ വാദിച്ചു
നിന്‍റെ പ്രണയത്തിനായ്‌ എന്തും
                                            ത്യജിക്കുമെന്ന്‍ പറഞ്ഞു
തിരികെ വന്ന എന്‍റെ മുഖത്തു നോക്കി
                                             നീ പറഞ്ഞു
പ്രിയ സഹോദരീ യാത്ര ..........
    

പൊട്ടുന്ന താലിച്ചരടുകള്‍.....

കേരളത്തില്‍ വിവാഹ മോചനങ്ങള്‍ വര്‍ദ്ധിക്കുകയാണ്‌.....
കുടുംബ കോടതികള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്നത് കുട്ടികളാണ്. ദയയില്ലാതെ പിരിയുന്ന മാതാപിതാക്കളില്‍  ആരുടെ കൂടെ പോവണമെന്നറിയാതെ പ്രതിസന്ധിയിലാവുന്ന കുഞ്ഞുങ്ങളുടെ വേദന കാണാതെ മാതാപിതാക്കള്‍ ഇരുവഴിക്കു പിരിയുന്നു. പലപ്പോഴും നിസ്സാരപ്രശ്നങ്ങളാണ് ദമ്പതികളെ കോടതി മുറികളില്‍ എത്തിക്കുന്നത് .
                  ഇന്ന്‍ സ്ത്രീയും പുരുഷനും സാമ്പത്തികമായി സ്വതന്ത്രരാണ്.അതുകൊണ്ടു തന്നെ പരസ്പരം ആശ്രയിക്കേണ്ടി വരുന്നില്ല.ആരുമില്ലെങ്കിലും ജീവിക്കാനറിയാം എന്ന ധാര്‍ഷ്ട്യമാണ് ഈ വികാരത്തിന് പിന്നില്‍.പരസ്പരം സ്നേഹിക്കാനോ ക്ഷമിക്കാനോ ആരും തയ്യാറല്ല.അവനവനെത്തന്നെയാണ് എല്ലാവരും സ്നേഹിക്കുന്നത്.
                ഭാരതസ്ത്രീകള്‍   ജീവനേക്കാള്‍ വില നല്‍കിയിരുന്നത് താലിക്കാണ്. അത് പൊട്ടുന്നത് ഒരിക്കലും സഹിക്കാനും ആവുമായിരുന്നില്ല. സതി ഒരു ദുരാചാരമായിരുന്നെങ്കില്‍ക്കൂടി  അത് വെളിവാക്കുന്നത് ഭര്‍തൃ സ്നേഹമാണ്. അത്തരം സ്നേഹം ഇന്നാവശ്യമില്ലെങ്കില്‍ക്കൂടി ദാമ്പത്യത്തില്‍ സ്നേഹത്തിന് ഏറെ പ്രാധാന്യമുണ്ട്.
               ഭര്‍ത്താവിന്‍റെ വീട്ടുകാരെ പലപ്പോഴും വധു അന്യരായി കണക്കാക്കുന്നു . മരുമകളെ അന്യയായിക്കാണുന്ന ഭര്‍തൃ വീട്ടുകാരും കുറവല്ല. ഇത് കുടുംബത്തില്‍ നിരന്തര പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുന്നു. സ്നേഹമില്ലാത്ത കുടുംബാന്തരീക്ഷം കുടുംബത്തിലെ വെളിച്ചം തല്ലിക്കെടുത്തുന്നു .
                വിവാഹമോചനങ്ങള്‍ പെരുകുന്ന ഈ കാലഘട്ടത്തെ നാം ആശങ്കയോടെ കാണേണ്ടിയിരിക്കുന്നു. പൊരുത്തം നോക്കി നടത്തിയ വിവാഹങ്ങള്‍ പൊരുത്തമില്ലാതെ പിരിയുന്നു. ജാതക പൊരുത്തത്തിനപ്പുറം മനപ്പൊരുത്തമാവട്ടെ പ്രധാനം. പ്രണയ വിവാഹങ്ങളും പരാജയത്തിന്‍റെ രുചി നുകരുമ്പോള്‍ ആശങ്കയിലാവുന്നത് യുവജനതയാണ്. അവരാണെങ്കില്‍ ലിവിംഗ് ടുഗദറിനെപ്പറ്റിപ്പോലും  ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.കേരളത്തിന്‍റെ സംസ്കാരത്തിനു തന്നെ അപചയം വന്നിരിക്കുന്നു. വിലപിക്കേണ്ടതിനപ്പുറം ഇതിനൊരു പരിഹാരം കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Wednesday, November 16, 2011

എന്തിനാണ് ...?

നോവിക്കാനാണെങ്കില്‍    എന്തിനാണ്
നീ എന്നില്‍ പ്രണയമായ് പെയ്തിറങ്ങിയത്....?
പ്രണയത്തിന്‍റെ കനലില്‍ വേവിക്കാനോ അതോ
വിരഹത്തിന്‍റെ കണ്ണീര്‍ മഴയില്‍ നനയിക്കാനോ ..?
നീ ഇന്നും എന്നില്‍ ജീവിക്കുന്നു ഒരു നേര്‍ത്ത വിങ്ങലായി
ഓരോ നിമിഷവും ഞാന്‍ കാത്തിരിക്കുന്നു
നിന്നില്‍ നിന്നും ഒരു വാക്കിനായി
നീ ഒരിക്കലും പറയില്ലെന്നറിഞ്ഞിട്ടും
വെറുതെ കാത്തിരിക്കുന്നു ഇഷ്ടമാണെന്നൊരു വാക്കിനായ്‌
എന്‍റെ മോഹങ്ങള്‍ക്ക് ഇന്ന്‍ നരച്ച നിറമാണ്
നീ വന്നാല്‍ മാത്രം വിടരനായ് കാത്തു നില്‍ക്കുന്ന വസന്തമാണ്‌ ഞാന്‍
നിനക്കായ്‌ മാത്രമാണ് ഇന്നും എന്‍റെ ഹൃദയം തുടിക്കുന്നത്
നീ മൊഴിഞ്ഞ വാക്കുകള്‍ മാത്രമാണ് ഇന്നുമെന്‍റെ കാതില്‍
വിരഹമാണ് പ്രണയമെങ്കില്‍ ഞാനിപ്പോള്‍ പ്രണയത്തിലാണ്
ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് എന്നെ തള്ളിയിടുന്നതും
നിന്‍റെ പ്രണയം തന്നെയാണ് .........

Tuesday, November 15, 2011

മൌനമെന്തേ ...?


 മായുന്ന പകലിനും
മറയുന്ന സന്ധ്യയ്ക്കും
കൊഴിയുന്ന പൂവിനും
മൌനമെന്തേ ...?

ഇടറുന്ന നെഞ്ചിനും
മിഴിയിലെ നീരിനും
കരളിലെ നോവിനും
മൌനമെന്തേ ...?

അടരുന്ന രാവിനും
പറയാത്ത വാക്കിനും
ഈ നിലാകാറ്റിനും
മൌനമെന്തേ ..?

എന്‍റെ മോഹങ്ങള്‍ക്കും
നിന്‍റെ സ്നേഹസ്പര്‍ശങ്ങള്‍ക്കും
വിട പറയുന്ന നേരവും
മൌനമെന്തേ ..?

ഇന്നെന്‍റെ നോവുകള്‍ ചിരിക്കുമ്പോള്‍
ഞാന്‍ ഞാനല്ലാതെയാവുമ്പോള്‍
ഞാനെന്നോടു ചോദിക്കുന്നു
നിനക്കു മൌനമെന്തേ ..?

ഭവാനി

ഞാന്‍ ഭവാനിയാണ്‌ ...
കിഴക്കോട്ടൊഴുകുന്ന ഭവാനി
കദനത്തിന്‍റെ  ഇരമ്പലുകള്‍ ഉള്ളില്‍ നിറയുമ്പോഴും
ശാന്തയായൊഴുകുന്ന ഭവാനി
 മല്ലീ ശ്വരന്‍റെ പാദങ്ങള്‍ പുല്‍കി
ജന്മ നിര്‍വൃതി തേടുന്ന ഭവാനി
കാടിന്‍റെ മക്കള്‍ക്ക് ദാഹം തീര്‍ക്കാന്‍
കനിവോടെയവരെ തഴുകിയുറക്കാന്‍
സ്നേഹത്തിന്‍റെ അമൃത് പകരാന്‍ ഞാന്‍ ഭവാനി
നോവുന്ന ഹൃത്തടം തെളിനീരാല്‍ മറച്ച്
വേവുന്ന ചിന്ത പേറുന്ന ഭവാനി
കനലെരിയുന്ന മനസുമാ യൊഴുകുമ്പോഴും
തെളിനീരു പകരുന്ന ഭവാനി
ഞാന്‍ വേദനയാണ് നിലക്കാത്ത ദീനരോദനമാണ്
നോവുവിങ്ങുന്ന മൌനമാണ്
കാടിന്‍റെ പിടച്ചിലിന്‍ സാക്ഷിയാണ്
ഇനിയുമീ നെറികെട്ട ലോകത്ത്
എന്തിനൊഴുകുന്നെന്നറിയാതെ-
ദിശതേടിയലയാതെ ഒഴുകുകയാണ് ഞാന്‍ കിഴക്കുനോക്കി
ഉദയസൂര്യന്‍റെ പ്രഭതേടിയലയുകയാണു ഞാന്‍ ഭവാനി

Monday, November 14, 2011

കൃഷ്ണാ നീയെനിക്കാരാണ് ...?

കൃഷ്ണഭക്തി എന്ന് മുതലാണ് എന്നില്‍ കടന്നുവന്നത് ..? അറിയില്ല ...ഒരുപക്ഷേ ഞാന്‍ ജനിച്ച മാത്രയില്‍ തന്നെയാവാം .ഗുരുവായൂരപ്പന്  വല്യമ്മച്ചി നേര്‍ച്ച  പറഞ്ഞിട്ട് കിട്ടിയതാണ് ഞാനെന്ന്‍ കേട്ടിട്ടുണ്ട് .അതുകൊണ്ടാണോ ആ അഗാധ ഭക്തിയെന്ന്‍ അറിയില്ല. ചെറുപ്പത്തില്‍ ഉണ്ണികൃഷ്ണനും ഉണ്ണീശ്ശോയും ഒരാളാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. ദൈവങ്ങളെല്ലാം ഒന്നുതന്നെയെന്ന് അന്നേ ചിന്തിപ്പിച്ച ദൈവത്തിനു നന്ദി.
      കൃഷ്ണനോട് ഞാന്‍ കൂടുതല്‍ അടുത്തത് എന്‍റെ കൗമാര കാലത്താണ്. കൃഷ്നോട് പ്രണയം തുടങ്ങിയത് പെട്ടെന്നായിരുന്നു. കഥകളിലെ രാധ ഞാനാണെന്ന് വെറുതെ തോന്നി.ഒരുപക്ഷേ കൃഷ്ണനെ പ്രണയിച്ചാല്‍ ഒരിക്കലും നഷ്ടപ്പെടില്ല എന്നു കരുതിയാവാം മനസ്സില്‍ അങ്ങനെ തോന്നിയത്. ലോകത്ത് ആളുകള്‍ പ്രണയിക്കുന്ന ഒരേയൊരു ദൈവമാവം കൃഷ്ണന്‍.
  എന്‍റെ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം  പറഞ്ഞിരുന്നത് കൃഷ്ണനോടാണ്.  ഹോസ്ടല്‍ ജീവിതം തുടങ്ങിയപ്പോള്‍ കൃഷ്ണനോട് മിണ്ടാന്‍ സമയമില്ലാതായി. എങ്കിലും ഞാന്‍ എഴുതുന്നതും പറയുന്നതുമെല്ലാം എന്‍റെ കൃഷ്ണനെപറ്റിയാണ്. മനസിലെ കൃഷ്ണഭക്തി മായാതിരിക്കട്ടെ. ജീവിതത്തില്‍ എന്തു വേദനയും താങ്ങാന്‍ എന്‍റെ കൃഷ്ണന്‍ എനിക്ക് കൂട്ടാവട്ടെ.കൃഷ്ണന്‍ എന്‍റെ വേദനയില്‍ കൂട്ടാവുമെങ്കില്‍ വേദനിക്കാനാണെനിക്കിഷ്ടം.....എന്നും എന്‍റെ കൂട്ടായി എന്‍റെ ഉണ്ണിക്കണ്ണന്‍ ഉണ്ടായിരിക്കട്ടെ .....എന്‍റെ മകനായും , കാമുകനായും , സുഹൃത്തായും, ഗുരുനാഥനായുമെല്ലാം  എന്‍റെ കൃഷ്ണന്‍ എന്നും കൂടെയുണ്ടാവട്ടെ ......... 

Friday, November 11, 2011

മനസില്‍ നിറയുന്ന ദേവരാഗം

 കണ്ട സിനിമകളില്‍ മനസ്സില്‍  തങ്ങി നില്‍ക്കുന്ന കുറേ സിനിമകളുണ്ട്.പക്ഷെ ഒരിക്കല്‍ മാത്രമേ കണ്ടിട്ടുള്ളുവെങ്കിലും വേദനനിറഞ്ഞ ഒരോര്‍മ്മ പോലെയാണ് ദേവരാഗം എന്ന സിനിമ. 1996 ല്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിലെ ഓരോ ഗാനവും അതി മനോഹരമായിരുന്നു. ഈ ചിത്രത്തിന്  സംഗീതം പകര്‍ന്നത് എം എം കീരവാണിയാണ്. അരവിന്ദസ്വാമി ,ശ്രീദേവി , നെടുമുടിവേണു  തുടങ്ങിയവരായിരുന്നു മുഖ്യതാരങ്ങള്‍.
     പ്രണയത്തിന്‍റെ വിവിധ തലങ്ങളിലൂടെ കടന്നുപോയ സിനിമ. അരവിന്ദസ്വാമിയോട്  ഭയങ്കര ആരാധനയായിരുന്നു ഒരു കാലത്ത്. പ്രിയ നടന്‍ ഇന്ന്‍ ഒരു ബിസിനസുകാരനാണ്. സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുമെന്നും കേട്ടു. ...
ദേവരാഗം ഇന്നും മനസിലുണ്ട്. ആ മനോഹര ഗാനങ്ങളാണ് ആ ചിത്രത്തെ ഇത്രമാത്രം ഓര്‍മ്മിപ്പിക്കുന്നത്. ഇന്നും ആ മനോഹര പ്രണയത്തെ ഓര്‍മ്മിപ്പിക്കുന്നത് ......

Thursday, November 10, 2011

പനിനീര്‍പ്പൂക്കള്‍ ....

ഓര്‍മ്മയില്‍ വിരിഞ്ഞു നില്‍ക്കുന്ന പനിനീര്‍പ്പൂക്കള്‍ ....
ബാംഗ്ലൂര്‍ നഗരത്തിന്‍റെ നരച്ച ഓര്‍മ്മകള്‍ ...ഞാനെന്തിനാണ് ആ നഗരത്തില്‍ മാസങ്ങള്‍ ചെലവിട്ടതെന്ന്‍ ഓര്‍ത്തു പോവും .അവിടെ എനിക്കിന്ന്‍ പ്രിയപ്പെട്ടവര്‍ ആരുമില്ല. എങ്കിലും ചില ഓര്‍മ്മകള്‍ ആ നഗരവും എനിക്ക് സമ്മാനിച്ചിട്ടുണ്ട്. 
വേദന നിറഞ്ഞ ഒരോര്‍മ്മയാണ് ആ നഗരത്തിന്‍റെ തിരക്കുകള്‍ക്കിടയിലെ പൂക്കാരി സീത എനിക്ക് സമ്മാനിച്ചത്. ദിനവും ചുവന്ന റോസാപ്പൂക്കള്‍  അവള്‍ എനിക്ക് നേരെ നീട്ടുമായിരുന്നു.  സീത ദിവസവും അതി രാവിലെ വരും കൂടെ അവളുടെ മകനും ഒരു നായക്കുട്ടിയും കാണും. അവള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല എന്നറിഞ്ഞപ്പോള്‍ എനിക്ക് ദുഃഖം തോന്നി. അവള്‍ക്ക് സ്വന്തമായി ആരുമുണ്ടായിരുന്നില്ല. ആരോ സമ്മാനിച്ചതായിരുന്നു ആ കുഞ്ഞിനെ. സീത എനിക്ക് മുന്നില്‍ ഒരു ചോദ്യ ചിഹ്നമായിരുന്നു. ആരുമില്ലെങ്കിലും അവള്‍ ജീവിക്കുന്നു. വൈകല്യം മറന്നും തന്‍റെ    കുഞ്ഞിനെ പോറ്റുന്നു. അവളും അമ്മയാണ് ....അതിനുള്ള പ്രായമോ പക്വതയോ ഇല്ലെങ്കിലും . കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം സീത  വരാതെയായി. ഞാന്‍ ആ തെരുവില്‍ പലപ്പോഴും അവളെ തിരഞ്ഞു....... കണ്ടില്ല.......പിന്നീട് ഞാന്‍ തിരിച്ചു പോരുന്ന ദിവസവും അവളെപറ്റി അന്വേഷിച്ചു.ആര്‍ക്കും അറിയില്ലായിരുന്നു അവളെവിടെയെന്ന്....അല്ലെങ്കിലും ആ തിരക്കേറിയ നഗരത്തില്‍ ആര്‍ക്കാണ് അവളെപ്പോലെ ഒരു മിണ്ടാപ്രാണിയെ അന്വേഷിക്കാന്‍ സമയം ...?ഇന്നും ഞാന്‍ വെറുതെ ഓര്‍ക്കും സീത അന്ന്‍ എവിടെക്കാണ്‌ പോയത്......?അവള്‍ നീട്ടിയ പനിനീര്‍പ്പൂകള്‍  അപ്പോള്‍ വേദനയോടെ പുഞ്ചിരിക്കും ...

Wednesday, November 9, 2011

കരിഞ്ഞ സ്വപ്‌നങ്ങള്‍

കഴിഞ്ഞു പോയ വഴികളില്‍  വിടര്‍ന്നു നിന്ന 
സ്വപ്‌നങ്ങള്‍ ഇന്ന്‍ കരിഞ്ഞു പോയി 
അതിലല്‍പം പനിനീര്‍ തളിച്ച് 
ഉണര്‍ത്തിയത് നീയാണ് 
പിന്നെ നീയും യാത്രയായി നിന്‍റെ സ്വപ്‌നങ്ങള്‍ നേടാന്‍ 
ഞാന്‍ മാത്രം ഈ ഇടവഴിയില്‍ കാത്തുനില്‍ക്കുന്നു 
നിന്നെത്തിരഞ്ഞല്ല നിന്‍റെ കയ്യിലായിപ്പോയ എന്നെത്തിരഞ്ഞ് 

Friday, November 4, 2011

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍  മനസിന്‍റെ വിങ്ങലാണ് .......
ചിലപ്പോഴെങ്കിലും നമ്മെ ജീവിപ്പിക്കുന്നത് ആ ഓര്‍മ്മകളാണ് .....ജീവിതം തന്നെ തകര്‍ന്നെന്ന് തോന്നുമ്പോഴും    താങ്ങി  നിര്‍ത്തുന്നത് ആരൊക്കെയോ നമുക്കായി കാത്തിരിപ്പുണ്ടെന്ന തോന്നലാണ് ......
ഒന്നും തിരികെ പ്രതീക്ഷിക്കാത്ത നമ്മുടെ വീട്ടുകാരുടെ സ്നേഹവും അത് നല്‍കുന്ന പ്രതീക്ഷകളും ഏറെ  വലുതാണ് ...ആരൊക്കെ തള്ളിപ്പറഞ്ഞാലും ചേര്‍ത്തുപിടിക്കാന്‍ അമ്മയുണ്ടെങ്കില്‍ എന്തിനാണ് വേദന ...? മനസിന്‍റെ നോവ്‌ താങ്ങാനാകാതെ ആകാശത്തുനോക്കി നക്ഷത്രങ്ങളോട് പരിഭവം പറഞ്ഞ്,
കരഞ്ഞു തളര്‍ന്ന് അമ്മയുടെ ചൂട് പറ്റി ഉറങ്ങിയ ആ കാലം ഇന്നകലെയാണ് ....കണ്ണീരിനേക്കാള്‍ ഞാനിന്ന് പുഞ്ചിരിയെ ഇഷ്ടപ്പെടുന്നു ....കരയാന്‍ ആരും കൊതിക്കില്ലെങ്കിലും കരയുന്നവരോട് ഒന്നേ പറയാനുള്ളൂ ...വേദനയിലും ചിരിക്കാന്‍ പഠിക്കൂ ....അത് നമ്മളെ തങ്ങി നിര്‍ത്തും .....ഇന്ന് ഞാന്‍ നഷ്ടങ്ങളില്‍ കരയാറില്ല ...കൂടുതല്‍ നേട്ടങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കും ...കരയിപ്പിക്കുന്നവരെ സ്നേഹത്തിന്‍റെ ചിരികൊണ്ട് തോല്പിക്കും ......ഞാന്‍ കണ്ട സ്വപ്നത്തിലേക്ക് ഇനി അധിക ദൂരമില്ല.അത് ഒരു നിയോഗം പോലെ അതെന്നില്‍ വൈകാതെ വന്നു ചേരുമെന്ന്‍ മനസ് പറയുന്നു ....ഞാന്‍ കാത്തിരിക്കുകയാണ്‌ ആ നല്ല നാളുകള്‍ക്കായി .........

പ്രിയാ നിനക്കായ് .......

നീ അറിയാതെപോയഎന്‍റെ സ്നേഹത്തിന് 
പകരം നല്‍കാന്‍ നിന്‍റെ കയ്യില്‍ ഒന്നുമില്ലെന്ന്‍ എനിക്കറിയാം 
മറ്റേതോ ദേവിയെ മനസ്സില്‍ പൂജിച്ച 
                                                                 നിന്‍റെ മുന്നില്‍ 
പ്രേമ ഭിക്ഷ തേടി വന്ന ഞാനാണ് വിഡ്ഢി
കരളില്ലാത്ത നിന്നെ പ്രണയിച്ച എന്നെ നീ 
ഒരു സുഹൃത്തായി മാത്രമാണോ കണ്ടത്....?
കണ്ണുനീരുകൊണ്ട്  നനഞ്ഞ എന്‍റെ കവിളില്‍ നീ 
എന്തിനാണ് ഒരു കാറ്റായ് വന്നു തലോടി കടന്നു പോയത് ...?
ഒരുനാളും പൂവണിയാത്ത എന്‍റെ മോഹങ്ങള്‍ 
കണ്ണീരില്‍ അലിയിച്ചു കളയുകയാണ് ഞാന്‍ 
പരിശുദ്ധമായ എന്‍റെ മനസ്സില്‍ ഒരു നഷ്ട പ്രണയത്തിന്‍റെ
പാഴ്കിനാവ് വേണ്ട 
തകര്‍ന്ന മോഹങ്ങളെ കെട്ടിപ്പൊക്കുകയും വേണ്ട 
നിന്നോടുള്ള എന്‍റെ സൗഹൃദം ദൈവികമായിരുന്നു 
ജന്മ നിയോഗമായാണ് നമ്മള്‍ തമ്മില്‍ കണ്ടതെന്ന് 
കരുതാനാണിഷ്ടം 
പക്ഷെ സുഹൃത്തെ നിന്‍റെ സൗഹൃദം ഒരു വാടാത്ത പൂപോലെ 
മനസ്സില്‍ കാത്തു വയ്ക്കാം ഞാന്‍ 
ഈ ജന്മം എരിഞ്ഞടങ്ങുമ്പോഴും എന്‍റെ മനസിന്‌ തണലാവാന്‍ 
നിന്‍റെയോര്‍മ്മകള്‍  കൂട്ടായെത്തട്ടെ.....
എന്നെങ്കിലും നിന്നെ ഞാന്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പ്
നിന്‍റെ മനസ്സില്‍ ഞാനില്ലയെങ്കിലും പ്രിയാ
നിനക്കെന്‍റെ ഹൃദയം നിറഞ്ഞ മംഗളങ്ങള്‍ 

Wednesday, November 2, 2011

നീയൊന്നും മിണ്ടീല്ല

നീയൊന്നും മിണ്ടീല്ല ഞാനും പറഞ്ഞില്ല 
മൂകാനുരാഗത്തിന്‍ തെന്മോഴികള്‍ 
ഒടുവിലാരോടും മിണ്ടാതെ പോയൊരാ
നിശതന്‍ നോവും അറിഞ്ഞില്ല നാം ....

അകലെയാകാശത്ത് വിരിഞ്ഞൊര താരകം 
വെറുതേ വന്നൊന്നെത്തി നോക്കി 
മൂകമായ് ചോദിച്ചു എന്നോട് വെറുതേ 
ഇനിയും മൌനമെന്തേ ......?

പറഞ്ഞില്ലയെങ്കിലും പറയാത്ത വാക്കിന് 
കാണാത്ത പൂവിന്‍ സുഗന്ധമുണ്ട് 
വിരിയാതെ കൊഴിഞ്ഞാലും ഇന്നെന്‍റെ
സ്വപ്നതിനായിരം വസന്തത്തിനഴകുമുണ്ട്