Friday, December 16, 2011

ഓര്‍മ്മയിലെ വളപ്പൊട്ടുകള്‍ ....

 നിഷ്കളങ്കമായ ബാല്യത്തിന്‍റെ മുറ്റത്ത് വീണ്ടും ഒരിക്കല്‍  കൂടി നില്‍ക്കാന്‍ മനസ് കൊതിക്കുന്നു. സ്വപ്‌നങ്ങള്‍  അന്ന്ചിത്രശലഭങ്ങളെപ്പോലെമനോഹരങ്ങളായിരുന്നു . ബാല്യത്തിന്‍റെ      വളപ്പൊട്ടുകള്‍ ഇന്നും ഹൃദയത്തില്‍ കുത്തി മുറിപ്പെടുത്തുന്നു. ഒരു സുഖമുള്ള നോവായി അവ എന്നില്‍ പടരുന്നു.
                വളപ്പൊട്ടുകള്‍ സൂക്ഷിക്കുക അന്നത്തെ ഒരു ഹരമായിരുന്നു. മനോഹരമായ വളപ്പൊട്ടുകള്‍ ചേര്‍ത്ത് വക്കുമ്പോള്‍ ഞാന്‍ എന്‍റെ സമ്പന്നതയില്‍ അഹങ്കരിച്ചിരുന്നു. മറ്റാര്‍ക്കും സൂക്ഷിക്കാന്‍ കഴിയാത്തത്ര വളപ്പൊട്ടുകള്‍ എന്‍റെ പക്കലുള്ളപ്പോള്‍ ഞാന്‍ തന്നെയല്ലേ സമ്പന്ന ...?
                  ഒരു മയില്‍പ്പീലി  കിട്ടാന്‍ ഞാന്‍ എത്രമാത്രം കൊതിച്ചിരിക്കുന്നു ..?
പക്ഷേ ഒരു മയില്‍പ്പീലിയുടെ സമ്പന്നതയില്‍ അഹങ്കരിക്കാന്‍ എനിക്ക് യോഗമുണ്ടായില്ല .....പുസ്തകത്തിനിടയില്‍ മയില്‍‌പ്പീലി വച്ച കുട്ടികളോട് സ്വകാര്യമായ ഒരസൂയയും എനിക്കുണ്ടായിരുന്നു.
             ബാല്യകാലം കഴിഞ്ഞിട്ടും വളപ്പൊട്ട്‌ ശേഖരണം ഞാന്‍ തുടര്‍ന്നു. പക്ഷേ ഒരു ദിവസം അമ്മ അതെല്ലാം എടുത്ത് പറമ്പിലേക്ക് വലിച്ചെറിഞ്ഞു .എന്‍റെ ഹൃദയം തകര്‍ന്നു പോയി.....അന്ന് ഞാന്‍ കുറേ കരഞ്ഞു......
            പിന്നീട് ഒരിക്കലും ഞാന്‍ ബാല്യകാല വിനോദങ്ങളിലേക്ക്  തിരികെപ്പോയിട്ടില്ല. എങ്കിലും സുഖമുള്ള ഒരുപാടോര്‍മ്മകള്‍ ബാല്യകാലം എനിക്ക് സമ്മാനിച്ചിട്ടുണ്ട് .....എത്ര അകലെയായാലും മറക്കുവതെങ്ങനെ ആ സുവര്‍ണ്ണകാലത്തെ ....?

No comments:

Post a Comment