Wednesday, December 7, 2011

കണ്ണീരിന്‍റെ നനവുള്ള പുഞ്ചിരി

ബാല്യകാലം മനോഹരമാണ് ....ബാല്യകാല സ്മൃതികളും......
എന്‍റെ കാതുകുത്തിയത്  മറക്കാനാവാത്ത ഒരോര്‍മ്മയാണ് .വല്യമ്മച്ചിയും കിങ്ങിണിയമ്മയും കൂടിയാണ് എന്നെ തട്ടാന്‍റെ  അടുത്ത് കൊണ്ടുപോയത്. വല്യമ്മച്ചിയുടെ പേഴ്സില്‍ ഒരു റോസ് പൊതിയില്‍ രണ്ടു സ്വര്‍ണ്ണക്കമ്മലുകള്‍. .........."കൊച്ചിന്‍റെ   കാതുകുത്തിയിട്ട് ഇടാനാ ഇത് " വല്യമ്മച്ചി പറഞ്ഞു. പക്ഷേ കരയാതെ ഇരുന്നാലേ കമ്മലിടാന്‍ പറ്റൂ .....
                 തട്ടാന്‍ പറഞ്ഞു, കൊച്ചു മിടുക്കിയാ , കരയില്ല .വല്യമ്മച്ചിയും കിങ്ങിണിയമ്മയും തട്ടാന്‍റെ ഒപ്പം ചേര്‍ന്നു...ഇല്ല കൊച്ച് വീട്ടില്‍ പോലും കരയാറില്ല ...അവര്‍ പറയുന്നത് ശുദ്ധ നുണയാണെന്ന് അറിയാമായിരുന്നിട്ടും തട്ടാന്‍റെ മുന്നില്‍ എന്‍റെ വില കളയാതിരിക്കാന്‍ കരയാതെ എല്ലാ വേദനയും സഹിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
              തട്ടാന്‍ ഒരു സൂചി കയ്യിലെടുത്തു .ഞാന്‍ കണ്ണടച്ചു.അത് എന്‍റെ ഇടതു ചെവിയില്‍ തുളഞ്ഞിറങ്ങി .കണ്ണ് നിറഞ്ഞെങ്കിലും കരഞ്ഞില്ല. ആരെങ്കിലും ഒന്ന് നോക്കിയാല്‍ കരയുന്ന ഞാന്‍ കരയാതിരുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി . പിന്നത്തെ അഭിനന്ദന പ്രവാഹത്തിനിടയില്‍ ഞാന്‍ അടുത്ത കാതു   കുത്തിയ വേദന അറിഞ്ഞില്ല.
          കമ്മലിട്ട്  സുന്ദരിയാവാനുള്ള സ്വപ്നം പൂവണിയുകയാണ് ....ആ സന്തോഷം എന്നെ മറ്റൊരു ലോകത്താക്കി. ഭാഗ്യത്തിന് പലര്‍ക്കും സംഭവിക്കുന്ന പോലെ എന്‍റെ കാത് പഴുത്തില്ല. എങ്കിലും ചെറിയൊരു വേദന...ആ വേദനക്കിടയിലും ഞാന്‍ പുഞ്ചിരിച്ചു ...കാതില്‍ കിടക്കുന്ന സ്വര്‍ണ്ണക്കമ്മലിന്‍റെ തിളക്കത്തില്‍ എന്‍റെ കണ്ണുനീര്‍  മുത്തുകള്‍ തിളങ്ങി.....

No comments:

Post a Comment