Tuesday, December 20, 2011

വരവായി യേശുരാജന്‍...... ..... ....

ഉണ്ണിയേശുവിന്‍റെ സ്മരണകളുണര്‍ത്തി വീണ്ടുമൊരു ക്രിസ്തുമസ് കൂടി ആഗതമായിരിക്കുന്നു ...ലോകത്തില്‍ സമാധാനത്തിന്‍റെ സന്ദേശവുമായി വന്ന രാജരാജനെ ഒരു നിമിഷം ഭക്തി പൂര്‍വ്വം  സ്മരിക്കട്ടെ .....
  ബദ്ല ഹേമിലെ      കാലിത്തൊഴുത്തില്‍ പിറന്ന പൊന്നുണ്ണി ഇന്ന്‍ ലോകത്തെ എല്ലാ ഗൃഹങ്ങളിലും  പിറക്കുന്നു......എല്ലാ മനസുകളിലുമാവണം യേശുവിന്‍റെ ജനനം......നന്മ നിറഞ്ഞ ഹൃദയങ്ങള്‍ ദൈവത്തിന്‍റെ വാസസ്ഥലമാണ്.
            ക്രിസ്തുമസ് എന്നും മനസ്സില്‍ സുഖമുള്ള ഒരോര്‍മ്മയാണ് ......
ബാല്യകാലത്തെ മധുരമുള്ള ഓര്‍മ്മയാണ് ക്രിസ്തുമസ് കരോള്‍ . മൂന്നോ നാലോ പള്ളികളില്‍ നിന്നൊക്കെ കരോള്‍ വരും. കരോള്‍ വരുന്നതിന്‍റെ കൊട്ട് കേള്‍ക്കുമ്പോള്‍ തന്നെ മനസും തുടികൊട്ടും.പിന്നെ ഒരു കാത്തിരിപ്പാണ് .കരോള്‍ പാര്‍ട്ടി വീട്ടിലെത്തുമ്പോള്‍  മനസിലുള്ള വികാരം പറഞ്ഞറി യിക്കാനാവാത്തതാണ്.
                ' ഉണ്ണിയേശു പിറന്നു പുല്‍ക്കൂട്ടില്‍ ' ,'രാജന്‍ പിറന്നു യേശു രാജന്‍ പിറന്നു ' തുടങ്ങിയ ഗാനങ്ങള്‍ ആ കാലത്തിന്‍റെ ഓര്‍മ്മകളാണ് .ക്രിസ്തുമസ് അപ്പൂപ്പനെ കാണാന്‍ ഇഷ്ടമാണെങ്കിലും ഭയങ്കര പേടിയായിരുന്നു. ക്രിസ്തുമസ് അപ്പൂപ്പന്‍ പലപ്പോഴും നമുക്കറിയുന്ന ചേട്ടന്മാരാവും...അവര്‍ പേരു വിളിക്കുമ്പോള്‍ ഭയങ്കര അത്ഭുതമാണ്.സന്തോഷവും.പോവാന്‍ നേരം ചോക്ലേട്സൊക്കെ തരും.
                പുല്‍കൂട്ടിലെ ഉണ്ണീശോ അന്നത്തെ അത്ഭുതമായിരുന്നു...ഒരുപാടു നേരം ഞങ്ങള്‍ ഉണ്ണീശോയെ നോക്കി നില്‍ക്കുമായിരുന്നു. ക്രിസ്തുമസ് ഫ്രെണ്ടിനെ തിരഞ്ഞെടുക്കുന്നതും ഗിഫ്റ്റുകള്‍ നല്‍കുന്നതും പതിവായിരുന്നു.
             ഇന്നും ക്രിസ്തുമസ് രസകരമായ അനുഭവം തന്നെയാണ് .....വീട്ടില്‍ നിന്നും മാറി നില്‍ക്കുന്ന ആദ്യ ക്രിസ്തുമസാണിത്.അതുകൊണ്ട് തന്നെ കാത്തിരിക്കുകയാണ് ആ ദിവസത്തിനായി.

Monday, December 19, 2011

കാത്തുവച്ച ഹൃദയം

ഇന്നത്തെ  പത്രം തുറന്നപ്പോള്‍ ആദ്യം കണ്ടത് അര്‍ബുദ രോഗ ബാധിതനായി ചികിത്സയില്‍ കഴിയുന്ന അഴീക്കോട്‌ മാഷിനെ കാണാന്‍ വിലാസിനി ടീച്ചര്‍ വന്ന വാര്‍ത്തയാണ് ........      
        ഹൃദയത്തില്‍ മുള്ളു കൊള്ളുന്ന അനുഭവമായിരുന്നു അത്. പ്രായത്തിനോ രോഗത്തിനോ പ്രണയത്തെ തളര്‍ത്താനാവില്ല  എന്നു തെളിയിക്കുന്ന മുഹൂര്‍ത്തം. ഒരുമിച്ചു ജീവിക്കാമായിരുന്ന ഒരു ജന്മം പരസ്പരം കാണാതെ കഴിച്ചു കൂട്ടി . അടുത്ത കാലത്ത് മാധ്യമങ്ങളിലൂടെ വഴക്കിട്ടു. എങ്കിലും പ്രണയത്തിന്‍റെ മധുരം വിരഹത്തിന്‍റെ കയ്പ് നീക്കി ഒടുവില്‍ പുറത്ത് വന്നു.
         43 വര്‍ഷങ്ങള്‍  പിരിഞ്ഞിരുന്നവര്‍... ...ഒടുവില്‍ വീണ്ടും കണ്ടുമുട്ടിയത് ഈ അവസ്ഥയിലാണല്ലോ ...!ഇതും ദൈവ നിയോഗമാവാം .... പരസ്പരം സ്നേഹിച്ചിട്ടും നിസാര കാരണങ്ങള്‍ ഒരു ജന്മത്തെ തന്നയാണ് ബലികൊടുത്തത്. പറയാന്‍ ഏറെ ഉണ്ടായിട്ടും ഒന്നും പറയാതെ ഒരു ജന്മം .....
        ടീച്ചറോട് ബഹുമാനം തോന്നുന്നു ഒപ്പം സഹതാപവും ...സാഹിത്യത്തിലെ ഗര്‍ജ്ജിക്കുന്ന ഈ സിംഹത്തിനായി ഒരു ജന്മം മുഴുവന്‍ അവര്‍ പ്രണയത്തില്‍ ഹോമിച്ചു.  ഇപ്പോഴും പറയുന്നു അദ്ദേഹത്തിനായി ജീവന്‍ പോലും നല്‍കാമെന്ന്...യഥാര്‍ത്ഥ പ്രണയം ഒരു പ്രാര്‍ത്ഥന പോലെയാണ്  ...അത് ഒന്നും ആഗ്രഹിക്കുന്നില്ല. താന്‍ സ്നേഹിക്കുന്നയാളുടെ  നന്മ മാത്രമല്ലാതെ .........
         "നിബിടാന്ധകാരത്തില്‍ നിദ്ര കൊള്ളുമ്പോള്‍ പോലും എന്‍റെ സൂക്ഷ്മാണുക്കള്‍ നിന്നെ തിരിച്ചറിയും " ടീച്ചര്‍ക്ക് മാഷയച്ച കത്തിലെ വരികള്‍ ..................ഇതില്‍പരം ഒരു ഭാഗ്യം മറ്റെന്താണ് .....? താന്‍ പ്രണയിക്കുന്നയാള്‍ ഒരു നിമിഷമെങ്കിലും തിരിച്ചറിഞ്ഞത് ടീച്ചര്‍ക്ക് ലഭിച്ച ഭാഗ്യമാണ്. ഒരു പക്ഷേ ആ വരികളാവാം അവരെ ജീവിപ്പിച്ചത് ...............
              ടീച്ചര്‍ മാഷിനു നല്‍കിയ ചുവന്ന റോസാപ്പൂക്കള്‍ അവരുടെ  ജന്മം തന്നെയല്ലേ ...?പാദങ്ങളില്‍ സമര്‍പ്പിച്ചത് സ്വന്തം ജീവിതവും........
           ഇപ്പോഴും ടീച്ചര്‍ പറയുന്നു കൂടെ വന്നാല്‍ പോന്നു പോലെ നോക്കാമെന്ന്........അത് തന്നെയാണ് മരിക്കാത്ത പ്രണയം ...കളങ്കമില്ലാത്ത പ്രണയം........ഇനിയെങ്കിലും ടീച്ചറുടെ പ്രണയം സഫലമായെങ്കില്‍ ................

Friday, December 16, 2011

ഓര്‍മ്മയിലെ വളപ്പൊട്ടുകള്‍ ....

 നിഷ്കളങ്കമായ ബാല്യത്തിന്‍റെ മുറ്റത്ത് വീണ്ടും ഒരിക്കല്‍  കൂടി നില്‍ക്കാന്‍ മനസ് കൊതിക്കുന്നു. സ്വപ്‌നങ്ങള്‍  അന്ന്ചിത്രശലഭങ്ങളെപ്പോലെമനോഹരങ്ങളായിരുന്നു . ബാല്യത്തിന്‍റെ      വളപ്പൊട്ടുകള്‍ ഇന്നും ഹൃദയത്തില്‍ കുത്തി മുറിപ്പെടുത്തുന്നു. ഒരു സുഖമുള്ള നോവായി അവ എന്നില്‍ പടരുന്നു.
                വളപ്പൊട്ടുകള്‍ സൂക്ഷിക്കുക അന്നത്തെ ഒരു ഹരമായിരുന്നു. മനോഹരമായ വളപ്പൊട്ടുകള്‍ ചേര്‍ത്ത് വക്കുമ്പോള്‍ ഞാന്‍ എന്‍റെ സമ്പന്നതയില്‍ അഹങ്കരിച്ചിരുന്നു. മറ്റാര്‍ക്കും സൂക്ഷിക്കാന്‍ കഴിയാത്തത്ര വളപ്പൊട്ടുകള്‍ എന്‍റെ പക്കലുള്ളപ്പോള്‍ ഞാന്‍ തന്നെയല്ലേ സമ്പന്ന ...?
                  ഒരു മയില്‍പ്പീലി  കിട്ടാന്‍ ഞാന്‍ എത്രമാത്രം കൊതിച്ചിരിക്കുന്നു ..?
പക്ഷേ ഒരു മയില്‍പ്പീലിയുടെ സമ്പന്നതയില്‍ അഹങ്കരിക്കാന്‍ എനിക്ക് യോഗമുണ്ടായില്ല .....പുസ്തകത്തിനിടയില്‍ മയില്‍‌പ്പീലി വച്ച കുട്ടികളോട് സ്വകാര്യമായ ഒരസൂയയും എനിക്കുണ്ടായിരുന്നു.
             ബാല്യകാലം കഴിഞ്ഞിട്ടും വളപ്പൊട്ട്‌ ശേഖരണം ഞാന്‍ തുടര്‍ന്നു. പക്ഷേ ഒരു ദിവസം അമ്മ അതെല്ലാം എടുത്ത് പറമ്പിലേക്ക് വലിച്ചെറിഞ്ഞു .എന്‍റെ ഹൃദയം തകര്‍ന്നു പോയി.....അന്ന് ഞാന്‍ കുറേ കരഞ്ഞു......
            പിന്നീട് ഒരിക്കലും ഞാന്‍ ബാല്യകാല വിനോദങ്ങളിലേക്ക്  തിരികെപ്പോയിട്ടില്ല. എങ്കിലും സുഖമുള്ള ഒരുപാടോര്‍മ്മകള്‍ ബാല്യകാലം എനിക്ക് സമ്മാനിച്ചിട്ടുണ്ട് .....എത്ര അകലെയായാലും മറക്കുവതെങ്ങനെ ആ സുവര്‍ണ്ണകാലത്തെ ....?

Thursday, December 15, 2011

അച്ഛന്‍

അമ്മയുടെ സ്നേഹത്തെപറ്റി വാചാല രാവുന്നതിനിടയില്‍ പലപ്പോഴും നാം അച്ഛനെപറ്റി എഴുതാന്‍  മറന്നു പോവുന്നു .....ഞാന്‍ എന്‍റെ അച്ഛനെപറ്റി എഴുതിയില്ലെങ്കില്‍ എനിക്ക് ഒന്നിനെപ്പറ്റിയും എഴുതാന്‍ അര്‍ഹതയില്ല .
               സാന്ത്വനം എന്ന വാക്കിന് എന്‍റെ ജീവിതത്തില്‍ ഒരര്‍ത്ഥമുണ്ടെങ്കില്‍ അത് അച്ഛന്‍ എന്നാണ്. ഓര്‍മ്മ വച്ച കാലം മുതല്‍ ഒരു താരാട്ടു പോലെ എനിക്ക് സാന്ത്വനമാണ് എന്‍റെ അച്ഛന്‍ .അച്ഛന് ഏറെ സ്വപ്‌നങ്ങള്‍ ഒന്നുമില്ല. സമാധാനമുള്ള ഒരു ജീവിതം മാത്രമേ അച്ഛന്‍ ആഗ്രഹിച്ചുള്ളു .പണത്തിന്‌ അച്ഛന്‍റെ ജീവിതത്തില്‍ യാതൊരു പ്രാധാന്യവും ഇല്ലായിരുന്നു.
          ആരോടും അസൂയയോ പകയോ ഇല്ലാത്ത അച്ഛന്‍റെ സ്വഭാവം അദ്ദേഹത്തെ എന്നും വ്യത്യസ്തനാക്കി . അച്ഛന്‍ ദേഷ്യപ്പെടുന്നത് വളരെ വിരളമായേ കണ്ടിട്ടുള്ളു .ചിരിയും തമാശയും അച്ഛന്‍റെ കൂടപ്പിറപ്പുകളായിരുന്നു .അച്ഛന്‍ പറയും;എല്ലാവരെയും ചിരിപ്പിക്കാന്‍ നമുക്ക് കഴിയണമെന്ന്‍.
          ഏത് പ്രശ്നവും ചിരിച്ചുകൊണ്ട് കൈകാര്യം ചെയ്യാന്‍ അച്ഛന് കഴിയും. അച്ഛന്മാര്‍ക്ക് പെണ്‍ മക്കളോടാണ് സ്നേഹക്കൂടുതല്‍ എന്ന്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അതിന്‍റെ ബലത്തില്‍ ഞാന്‍ അച്ഛനോട് ചോദിച്ചു ,അച്ചക്ക് അവന്മാരെക്കാള്‍ സ്നേഹം എന്നോടല്ലേ ...?
          അച്ച ചിരിച്ചു ,എനിക്ക് ആരോടും പ്രത്യേക സ്നേഹമില്ല ...മൂന്നു മക്കളും ഒരുപോലെതന്നെ ...
          എനിക്ക് ചെറിയൊരു നിരാശ തോന്നാതിരുന്നില്ല . എന്നാലും എനിക്കറിയാം അച്ഛന് എന്നോടൊരു പ്രത്യേക സ്നേഹമുണ്ടെന്ന്  ...അച്ഛന്‍റെ മൂത്തമകള്‍ ,ഒരേയൊരു പെണ്‍കുട്ടി ,മൂത്തതെങ്കിലും ഇളയവരേക്കാള്‍  ചെറുതെന്ന മട്ടിലുള്ള സ്വഭാവം ,ഇതെല്ലാം അച്ഛന് എന്നോട് സ്നേഹം കൂടാന്‍ മതിയായ കാരണങ്ങളാണെന്നു ഞാന്‍ സ്വയം കരുതി .
         അച്ഛനാണ് എന്‍റെ ബെസ്റ്റ് ഫ്രെണ്ട് .എനിക്ക് എന്ത് കാര്യവും അച്ഛനോട് പറയാം. അതൊരു വല്ലാത്ത സ്വാതന്ത്ര്യമാണ് ..ഒപ്പം ഒരു ധൈര്യവും . ഇന്നുവരെ എന്‍റെ മേല്‍ ഒരു നിയന്ത്രണം അച്ഛന്‍ ഏര്‍പ്പെടുത്തിയിട്ടില്ല. എന്‍റെ ജീവിതത്തിലെ വഴികളെല്ലാം ഇതുവരെ തിരഞ്ഞെടുത്തത് ഞാനാണ് .അതിനു ഒരു കൂട്ടുകാരനായി അച്ഛനും കൂടെയുണ്ടായിരുന്നു .
          ഇനിയൊരു ജന്മം പിറന്നാലും എന്‍റെ അച്ഛന്‍റെ മോളാവണം. ആ വാത്സല്യം എന്നും ഒരു നിലാവായി എന്‍റെ കൂടെവേണം .

Tuesday, December 13, 2011

നീയാരാണ്‌...?

നീയെന്‍റെ ആരാണു സുഹൃത്തേ....?
സൗഹൃദത്തിനപ്പുറം  മറ്റേതോ  ബന്ധം 
നമ്മളെ ബന്ധിച്ചിട്ടില്ലേ...?
നമ്മുടെ ഭ്രാന്തുകള്‍ക്കിടയില്‍ പരസ്പരം നാം അറിയാത്തതാണോ ...?
അതോ എന്നെ നീ അറിഞ്ഞില്ലെന്നു നടിക്കുകയാണോ  ...?
പക്ഷേ ഒരിക്കല്‍ എന്‍റെ കറയില്ലാത്ത സ്നേഹം നീ തിരിച്ചറിയും
അന്നൊരുപക്ഷേ ഞാന്‍ ഏറെ  അകലെയായിരിക്കും
നിനക്ക് കാണാനാവാത്തത്ര അകലെ
ചിലപ്പോള്‍ നീലാകാശത്തിനപ്പുറംFlowers Flowers
ചിലപ്പോള്‍ കടലിനെക്കാലാഴത്തില്‍
അതുമല്ലെങ്കില്‍ ജീവിതമെന്ന പാരാവാരത്തിന്‍റെ
ഏതെങ്കിലും  ഒരറ്റത്ത്
എങ്കിലും സുഹൃത്തേ നിനക്കായ് നന്മയുടെ പൂക്കള്‍ വിടരട്ടെ
ഒരിക്കല്‍ ആ പൂക്കളുടെ സുഗന്ധത്തില്‍ നീ
എന്‍റെ നന്മയും തിരിച്ചറിയും ...
അന്നൊരുപക്ഷേ ഞാന്‍ നിനക്കൊരു നഷ്ടമാവില്ല
എങ്കിലും ഒരു നേര്‍ത്ത ഓര്‍മ്മയായെങ്കിലും നിന്നില്‍
കടന്നു വരാനായാല്‍ അതും സുകൃതം ....  

Wednesday, December 7, 2011

കണ്ണീരിന്‍റെ നനവുള്ള പുഞ്ചിരി

ബാല്യകാലം മനോഹരമാണ് ....ബാല്യകാല സ്മൃതികളും......
എന്‍റെ കാതുകുത്തിയത്  മറക്കാനാവാത്ത ഒരോര്‍മ്മയാണ് .വല്യമ്മച്ചിയും കിങ്ങിണിയമ്മയും കൂടിയാണ് എന്നെ തട്ടാന്‍റെ  അടുത്ത് കൊണ്ടുപോയത്. വല്യമ്മച്ചിയുടെ പേഴ്സില്‍ ഒരു റോസ് പൊതിയില്‍ രണ്ടു സ്വര്‍ണ്ണക്കമ്മലുകള്‍. .........."കൊച്ചിന്‍റെ   കാതുകുത്തിയിട്ട് ഇടാനാ ഇത് " വല്യമ്മച്ചി പറഞ്ഞു. പക്ഷേ കരയാതെ ഇരുന്നാലേ കമ്മലിടാന്‍ പറ്റൂ .....
                 തട്ടാന്‍ പറഞ്ഞു, കൊച്ചു മിടുക്കിയാ , കരയില്ല .വല്യമ്മച്ചിയും കിങ്ങിണിയമ്മയും തട്ടാന്‍റെ ഒപ്പം ചേര്‍ന്നു...ഇല്ല കൊച്ച് വീട്ടില്‍ പോലും കരയാറില്ല ...അവര്‍ പറയുന്നത് ശുദ്ധ നുണയാണെന്ന് അറിയാമായിരുന്നിട്ടും തട്ടാന്‍റെ മുന്നില്‍ എന്‍റെ വില കളയാതിരിക്കാന്‍ കരയാതെ എല്ലാ വേദനയും സഹിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
              തട്ടാന്‍ ഒരു സൂചി കയ്യിലെടുത്തു .ഞാന്‍ കണ്ണടച്ചു.അത് എന്‍റെ ഇടതു ചെവിയില്‍ തുളഞ്ഞിറങ്ങി .കണ്ണ് നിറഞ്ഞെങ്കിലും കരഞ്ഞില്ല. ആരെങ്കിലും ഒന്ന് നോക്കിയാല്‍ കരയുന്ന ഞാന്‍ കരയാതിരുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി . പിന്നത്തെ അഭിനന്ദന പ്രവാഹത്തിനിടയില്‍ ഞാന്‍ അടുത്ത കാതു   കുത്തിയ വേദന അറിഞ്ഞില്ല.
          കമ്മലിട്ട്  സുന്ദരിയാവാനുള്ള സ്വപ്നം പൂവണിയുകയാണ് ....ആ സന്തോഷം എന്നെ മറ്റൊരു ലോകത്താക്കി. ഭാഗ്യത്തിന് പലര്‍ക്കും സംഭവിക്കുന്ന പോലെ എന്‍റെ കാത് പഴുത്തില്ല. എങ്കിലും ചെറിയൊരു വേദന...ആ വേദനക്കിടയിലും ഞാന്‍ പുഞ്ചിരിച്ചു ...കാതില്‍ കിടക്കുന്ന സ്വര്‍ണ്ണക്കമ്മലിന്‍റെ തിളക്കത്തില്‍ എന്‍റെ കണ്ണുനീര്‍  മുത്തുകള്‍ തിളങ്ങി.....

എന്‍റെ സ്വപ്ന നായിക

വലുതാവുമ്പോള്‍  ആരാവണം എന്ന്‍ ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ ഉടനെ ഞാന്‍ പറയുമായിരുന്നു ....ശോഭന .എന്താണെന്നറിയില്ല അന്നേ അവരെ എനിക്ക് വല്യ ഇഷ്ടമായിരുന്നു. ശോഭന അഭിനയിച്ച ഓരോ സിനിമയും കണ്ടതാണെങ്കിലും വീണ്ടും കാണും. പപ്പായുടെ സ്വന്തം അപ്പൂസാണ് എന്‍റെ മനസ്സില്‍ തങ്ങി നിന്ന ആദ്യ ശോഭന ചിത്രം. പിന്നീട് മിന്നാരം.
                  എന്‍റെ കുട്ടിക്കാലത്ത് അച്ഛന്‍ മിക്ക സിനിമകള്‍ക്കും ഞങ്ങളെയും കൊണ്ട് പോകുമായിരുന്നു. ശോഭന ഉണ്ടെങ്കില്‍ ആ സിനിമ കാണാന്‍ പോവാന്‍ എനിക്ക് ഭയങ്കര താത്പര്യമായിരുന്നു . ശോഭനയോടുള്ള  എന്‍റെ ഇഷ്ടത്തിനു മറ്റൊരു കാരണം കൂടിയുണ്ട്. എന്‍റെ അച്ഛന്‍റെ പെങ്ങള്‍ കിങ്ങിണിയമ്മയുടെ ഒരേ ഒരു മകള്‍ ,എന്‍റെ പ്രിയപ്പെട്ട ചേച്ചിയുടെ പേര് ശോഭന എന്നാണ് . അതുകൊണ്ടാവം കുട്ടിക്കാലത്ത് എനിക്ക് ശോഭനയോട്  അത്ര ഇഷ്ടമായത്. 
                     വളര്‍ന്നപ്പോഴും എന്‍റെ മനസ്സില്‍ അവരാണ് ഏറ്റവും മികച്ച നടി. മണിച്ചിത്രതാഴ് എന്ന ഒരു സിനിമയിലെ അഭിനയം മാത്രം മതി ആ നടിയുടെ അഭിനയ മികവ് വിളിച്ചോതാന്‍. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ അഭിനയവും നൃത്തവും ശോഭനയുടെ ജീവിതം മറ്റൊന്നാക്കി. ലോകം അറിയപ്പെടുന്ന നര്‍ത്തകിയായി അവര്‍ വളര്‍ന്നു. നൃത്തം അവരുടെ ജീവിതമായി . 
                   ഒരു നടിയോടും ആരാധന തോന്നിയിട്ടില്ല. ശോഭനയെ  ഇഷ്ടമാണ് .ഒരുപാട് ...അവരുടെ നൃത്ത വേദികളിലും ജീവിത വീഥികളിലും ഈശ്വരന്‍ തുണയാവട്ടെ.......