Tuesday, November 29, 2011

നീയെന്നെ അറിയാഞ്ഞതെന്തേ ...?

ചിലരുടെ മിഴികള്‍ നനയാന്‍ മാത്രം വിധിക്കപ്പെട്ടതാണ്
ചിലരുടെ ഹൃദയങ്ങള്‍ നഷ്ടമറിയാന്‍   വിധിക്കപ്പെട്ടതും
എന്‍റെ സ്വപ്നങ്ങളും അങ്ങനെയാണ്
എന്തിനാണ് വൈരുധ്യങ്ങള്‍ മാത്രം നിറഞ്ഞ നിന്നെ ഞാന്‍
എന്‍റെ സ്വപ്നത്തിലെ നായകനാക്കിയത് ...?
സുഹൃത്തുക്കള്‍ പറഞ്ഞിട്ടോ ...? അല്ല
അവര്‍ അറിയുന്നതിനും എത്രയോ മുമ്പ്
നീ കുടിയിരുന്നതാണെന്നില്‍
ഒരു പക്ഷെ ജന്മങ്ങള്‍ക്ക് മുന്നേ .....
എന്നിട്ടും നീയെന്നെ അറിയാഞ്ഞതെന്തേ ...?
നനയില്ലെന്നു  ശബധം ചെയ്ത എന്‍റെ മിഴികള്‍ നനയുന്നു -നിന്നെയോര്‍ത്ത്
നീയോ  .....ചന്തമുള്ള പൂവു തേടി എങ്ങോ അലയുന്നു
നീ എന്‍റെ മനസ് കണ്ടെന്നു കരുതിയ ഞാനാണ്‌ വിഡ്ഢി
സാരമില്ല  സുഹൃത്തേ...
നാം കണ്ട ലോകത്തിനപ്പുറം ശരിയുടെ മറ്റൊരു ലോകമുണ്ട്
അവിടെ ഞാന്‍ വിജയിക്കും എല്ലാവര്‍ക്കുമായി ഞാന്‍
എന്നെത്തന്നെ ത്യജിച്ചതിന്......
നിന്നോടെനിക്ക് പകയില്ല ....കാരണം നീയെന്നെ പ്രണയിച്ചില്ല
നിന്‍റെ  വാക്കുകളില്‍  പ്രണയം കല്‍പ്പിച്ച  ഞാന്‍ തന്നെയാണ് തെറ്റുകാരി
നിന്‍റെ വഴികളില്‍ നന്മ നിറയട്ടെ ....
ഈശ്വരന്‍ നിന്‍റെ വഴിയില്‍ പൂവിടര്‍ത്തട്ടെ
അകലെ നിന്ന് ആ നന്‍മകള്‍   കാണാന്‍ ഈശ്വരന്‍ എനിക്കും ഭാഗ്യം തരട്ടെ ....    

Monday, November 28, 2011

പ്രതീക്ഷ

പ്രണയം  മനസിന്‍റെ നഷ്ടമാണ്
ജീവിതത്തിന്‍റെ നേട്ടവും
ഇതാ നിനക്കായ്‌ ഒരു പനിനീര്‍ പൂവ്
അതില്‍ മുള്ളുകളില്ല അതെല്ലാം എന്‍റെ ഹൃദയത്തില്‍    തറച്ചുപോയി  
ഈ പുഷ്പത്തിന്‍റെ     ഇതളുകളില്‍    
തുളുമ്പി നില്‍ക്കുന്നത് ജലമല്ല എന്‍റെ ജീവരക്തമാണ്
നിന്നെ മറക്കാന്‍ ആവുന്നില്ല
നീയോ അടുത്ത് നില്‍ക്കുമ്പോഴും അന്യനായി നടിക്കുന്നു
എങ്കിലും പ്രിയാ നീ തന്ന നോവും സാന്ത്വന മാണെനിക്ക്
പുതിയ വസന്തങ്ങള്‍ എനിക്കായി വിടരുമ്പോഴും
നിന്നെ പ്രതീക്ഷിക്കുകയാണ് ഞാന്‍ ........ 

സായന്തനം

പ്രിയ സൂര്യാ നീയും വിടപറയുന്നുവോ
മറ്റൊരു ചന്ദ്രോദയത്തിനായി
ഉദയം അസ്തമയത്തിലേക്കുള്ള  വഴികാട്ടിയാണല്ലോ
വിടര്‍ന്ന പൂവും  പഴുത്തയിലയും  കൊഴിഞ്ഞല്ലേ മതിയാവൂ
ഇന്നീ ജീവിത സായന്തനത്തില്‍ ഞാനും
അസ്തമയ സൂര്യന്‍റെ വരവിനായി കാത്തിരിക്കുന്നു
അകലേക്ക്‌ മറയുന്ന ജീവിതത്തോണിയില്‍
കടന്നു പോകുന്നത്  എന്‍റെ ജന്മമാണ്
നിനവും നോവും ചേര്‍ന്നു വരച്ചിട്ട നരച്ച ചിത്രങ്ങള്‍ മറയുകയാണ്
എന്‍റെ ജന്മവും ഞാനും വിടചോല്ലുകയാണ്
നാളത്തെ ഉദയത്തില്‍ വീണ്ടും വിടരനായി
ഞാന്‍ ഇന്നു മറയുകയാണ് .........

Saturday, November 26, 2011

മഴപെയ്യുമ്പോള്‍ ......

മഴ എനിക്കെന്നും അത്ഭുതമാണ് ....എത്രകണ്ടാലും മതിയാവാത്ത അത്ഭുതം ....മഴ കാണുമ്പോള്‍ ഞാനൊരു കൊച്ചു കുട്ടിയായിപ്പോകുന്നു .എന്തിനെന്നറിയില്ല മഴയോട് വല്ലാത്ത സ്നേഹമാണെനിക്ക് ....പണ്ട് മഴയത്ത് സ്കൂളിലേക്ക് നടന്നു പോയതും മഴ നനഞ്ഞൊട്ടി ക്ലാസിലിരുന്നതും, രാത്രി മഴയുടെ പാട്ടുകേട്ട് വല്യമ്മച്ചിയോടൊട്ടിക്കിടന്നതും ഇന്നലെ കഴിഞ്ഞപോലെ ....ഇപ്പൊ തോന്നുന്നു എനിക്ക് ആരുമില്ലെന്ന്  ...ഈ നഗരത്തിലെ സുഹൃത്തുക്കളുടെ സമ്പന്നതയല്ലാതെ എനിക്കെന്താണ് ഇവിടെ സ്വന്തമായുള്ളത് ...?
                      പാടവും   പറമ്പുമില്ലാത്ത ഈ നഗരത്തിലെ മഴയ്ക്ക് നരച്ച നിറമാണ്‌. എങ്കിലും എന്‍റെ വര്‍ണ്ണാഭമായ ഓര്‍മ്മകളില്‍ ഞാന്‍ ഇവിടുത്തെ മഴക്കും നിറം പകരുകയാണ് .കഴിഞ്ഞു പോയ വഴികളിലൂടെ തിരിയെ നടക്കാനാവില്ലെന്ന സത്യം വേദനിപ്പിക്കുമ്പോഴും വരാനിരിക്കുന്ന ഒരു നല്ല നാളെ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തുന്നു. ചില സ്വപ്‌നങ്ങള്‍ ഞാനും കണ്ടു തുടങ്ങിയിരിക്കുന്നു .നടക്കുമോ ഇല്ലയോ എന്നറിയില്ലെങ്കിലും വെറുതെ ആ സ്വപ്നങ്ങളുടെ ബലത്തില്‍; ജീവിക്കുകയാണ് ഞാന്‍ ....
  ഈ മഴ പെയ്യുമ്പോള്‍ എന്‍റെ മോഹങ്ങളും ഉണരുകയാണ് ......ഭാവിയുടെ  സുവര്‍ണ്ണ വാതായനങ്ങള്‍ തുറക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഞാന്‍ ...... 

Friday, November 25, 2011

പൊന്‍ പൂക്കള്‍ ...

പൂക്കളും കൊച്ചു കുട്ടികളും ഒരുപോലെയാണ് ....
ഏറെ നിഷ്കളങ്കത ഉള്ളില്‍ പേറുന്നവ. കുഞ്ഞുങ്ങളുടെ  നിഷ്കളങ്കതയും പൂക്കളുടെ ചിരിയും ആര്‍ക്കാണ് കണ്ടുമതിയാവുക...? പൂക്കള്‍ കുഞ്ഞുങ്ങളെ പോലെയാണ് ....കുഞ്ഞുങ്ങള്‍ പൂക്കളെ പോലെയും ....
ആദ്യമായി സ്വന്തം കുഞ്ഞിന്‍റെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി ഏതമ്മയ്ക്കാണ് ആഹ്ലാദ മുണ്ടാക്കാത്തത്...? അല്ലെങ്കില്‍ തന്നെ ആ പുഞ്ചിരിയല്ലേ ഒരു സ്ത്രീയുടെ ജന്മം സഫലമാക്കുന്നത് ...? ജീവിതമാകുന്ന ചെടിയില്‍ വിരിഞ്ഞ കുസുമങ്ങളാണ് കുഞ്ഞുങ്ങള്‍ .....എന്തുകൊണ്ടോ പൂക്കളുടെയും കുഞ്ഞുങ്ങളുടെയും പുഞ്ചിരിയില്‍ ഞാന്‍ എന്‍റെ ദുഃഖങ്ങള്‍ മറന്നു പോവുന്നു  ....

Wednesday, November 23, 2011

അമ്മ

അമൃതമായെന്നില്‍ നിറയുമമ്മ
പുഴപോലെയെന്നില്‍ ഒഴുകുമമ്മ
മലര്‍പോലെയെന്നില്‍ വിരിയുമമ്മ
ഒരു കവിതപോലെന്നെ തഴുകുമമ്മ

കഥ കേട്ടുറങ്ങിയ ബാല്യത്തിലെന്‍
കണ്ണുനീര്‍ തുടച്ച കൈകളമ്മ
മാറിന്‍റെ  ചൂടില്‍ ചേര്‍ത്തെന്നുമെന്നെ
താലാട്ടിയുറക്കിയ കൈകളമ്മ

അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്നൊരമ്മ
എന്നിലറിവായ് വിളങ്ങും ദേവിയമ്മ
കടല്‍ പോലെയെന്നില്‍ നിറഞ്ഞു നില്‍ക്കും
കനിവിന്റെ സ്നേഹക്കടലുമമ്മ

ഒരു സ്നേഹ നിലാവു പോല്‍
                             ചിരിതൂകി നില്‍ക്കുന്ന
ആനന്ദപ്പൂനിലാവെന്‍റെയമ്മ
ഒരു മഴ പോലെന്നില്‍ പെയ്തിറങ്ങും
സ്നേഹത്തിന്‍ പൂമഴയെന്‍റെയമ്മ 

Tuesday, November 22, 2011

വിടചോല്ലുന്നുവോ നീ ....?





മൌനമായെന്നോട് വിട ചൊല്ലുന്നുവോ നീ
വിരഹാര്‍ദ്രായം തൃസന്ധ്യേ .....
മൌനമായീ രാവിന്‍റെ മാറില്‍
ചെരാനൊരുങ്ങുന്നുവോ...?

പാറിപ്പറക്കും പക്ഷി വൃന്ദമില്ല
താരാട്ടുവാന്‍ മന്ദ മാരുതനുമില്ല
ഇരുളുന്ന മാനവും കാര്‍മേഘ ജാലവും
പടുന്നുവേതോ വിരഹഗാനം ...

ഈ ഇരുള്‍ കാട്ടില്‍ ഞാനും തനിച്ചീ
രാവിനെ നോക്കിയിരിപ്പു മൂകം
ശൂന്യമാം ചിന്തയും മരവിച്ച ഹൃദയവും
എന്നോടു ചോദിപ്പു മൌനമെന്തേ ...?

നിറയാത്ത മിഴികളും വിറയാത്ത ചുണ്ടുമായ്
കരയാന്‍ മറന്നു ഞാന്‍ കാത്തിരിപ്പൂ
ഈ ഇരുള്‍ കടലിന്‍റെ അപ്പുറത്തെങ്ങോ
ഒരു നീലനിലാവുദിക്കുമെന്ന്