Friday, November 11, 2011

മനസില്‍ നിറയുന്ന ദേവരാഗം

 കണ്ട സിനിമകളില്‍ മനസ്സില്‍  തങ്ങി നില്‍ക്കുന്ന കുറേ സിനിമകളുണ്ട്.പക്ഷെ ഒരിക്കല്‍ മാത്രമേ കണ്ടിട്ടുള്ളുവെങ്കിലും വേദനനിറഞ്ഞ ഒരോര്‍മ്മ പോലെയാണ് ദേവരാഗം എന്ന സിനിമ. 1996 ല്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിലെ ഓരോ ഗാനവും അതി മനോഹരമായിരുന്നു. ഈ ചിത്രത്തിന്  സംഗീതം പകര്‍ന്നത് എം എം കീരവാണിയാണ്. അരവിന്ദസ്വാമി ,ശ്രീദേവി , നെടുമുടിവേണു  തുടങ്ങിയവരായിരുന്നു മുഖ്യതാരങ്ങള്‍.
     പ്രണയത്തിന്‍റെ വിവിധ തലങ്ങളിലൂടെ കടന്നുപോയ സിനിമ. അരവിന്ദസ്വാമിയോട്  ഭയങ്കര ആരാധനയായിരുന്നു ഒരു കാലത്ത്. പ്രിയ നടന്‍ ഇന്ന്‍ ഒരു ബിസിനസുകാരനാണ്. സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുമെന്നും കേട്ടു. ...
ദേവരാഗം ഇന്നും മനസിലുണ്ട്. ആ മനോഹര ഗാനങ്ങളാണ് ആ ചിത്രത്തെ ഇത്രമാത്രം ഓര്‍മ്മിപ്പിക്കുന്നത്. ഇന്നും ആ മനോഹര പ്രണയത്തെ ഓര്‍മ്മിപ്പിക്കുന്നത് ......

Thursday, November 10, 2011

പനിനീര്‍പ്പൂക്കള്‍ ....

ഓര്‍മ്മയില്‍ വിരിഞ്ഞു നില്‍ക്കുന്ന പനിനീര്‍പ്പൂക്കള്‍ ....
ബാംഗ്ലൂര്‍ നഗരത്തിന്‍റെ നരച്ച ഓര്‍മ്മകള്‍ ...ഞാനെന്തിനാണ് ആ നഗരത്തില്‍ മാസങ്ങള്‍ ചെലവിട്ടതെന്ന്‍ ഓര്‍ത്തു പോവും .അവിടെ എനിക്കിന്ന്‍ പ്രിയപ്പെട്ടവര്‍ ആരുമില്ല. എങ്കിലും ചില ഓര്‍മ്മകള്‍ ആ നഗരവും എനിക്ക് സമ്മാനിച്ചിട്ടുണ്ട്. 
വേദന നിറഞ്ഞ ഒരോര്‍മ്മയാണ് ആ നഗരത്തിന്‍റെ തിരക്കുകള്‍ക്കിടയിലെ പൂക്കാരി സീത എനിക്ക് സമ്മാനിച്ചത്. ദിനവും ചുവന്ന റോസാപ്പൂക്കള്‍  അവള്‍ എനിക്ക് നേരെ നീട്ടുമായിരുന്നു.  സീത ദിവസവും അതി രാവിലെ വരും കൂടെ അവളുടെ മകനും ഒരു നായക്കുട്ടിയും കാണും. അവള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല എന്നറിഞ്ഞപ്പോള്‍ എനിക്ക് ദുഃഖം തോന്നി. അവള്‍ക്ക് സ്വന്തമായി ആരുമുണ്ടായിരുന്നില്ല. ആരോ സമ്മാനിച്ചതായിരുന്നു ആ കുഞ്ഞിനെ. സീത എനിക്ക് മുന്നില്‍ ഒരു ചോദ്യ ചിഹ്നമായിരുന്നു. ആരുമില്ലെങ്കിലും അവള്‍ ജീവിക്കുന്നു. വൈകല്യം മറന്നും തന്‍റെ    കുഞ്ഞിനെ പോറ്റുന്നു. അവളും അമ്മയാണ് ....അതിനുള്ള പ്രായമോ പക്വതയോ ഇല്ലെങ്കിലും . കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം സീത  വരാതെയായി. ഞാന്‍ ആ തെരുവില്‍ പലപ്പോഴും അവളെ തിരഞ്ഞു....... കണ്ടില്ല.......പിന്നീട് ഞാന്‍ തിരിച്ചു പോരുന്ന ദിവസവും അവളെപറ്റി അന്വേഷിച്ചു.ആര്‍ക്കും അറിയില്ലായിരുന്നു അവളെവിടെയെന്ന്....അല്ലെങ്കിലും ആ തിരക്കേറിയ നഗരത്തില്‍ ആര്‍ക്കാണ് അവളെപ്പോലെ ഒരു മിണ്ടാപ്രാണിയെ അന്വേഷിക്കാന്‍ സമയം ...?ഇന്നും ഞാന്‍ വെറുതെ ഓര്‍ക്കും സീത അന്ന്‍ എവിടെക്കാണ്‌ പോയത്......?അവള്‍ നീട്ടിയ പനിനീര്‍പ്പൂകള്‍  അപ്പോള്‍ വേദനയോടെ പുഞ്ചിരിക്കും ...

Wednesday, November 9, 2011

കരിഞ്ഞ സ്വപ്‌നങ്ങള്‍

കഴിഞ്ഞു പോയ വഴികളില്‍  വിടര്‍ന്നു നിന്ന 
സ്വപ്‌നങ്ങള്‍ ഇന്ന്‍ കരിഞ്ഞു പോയി 
അതിലല്‍പം പനിനീര്‍ തളിച്ച് 
ഉണര്‍ത്തിയത് നീയാണ് 
പിന്നെ നീയും യാത്രയായി നിന്‍റെ സ്വപ്‌നങ്ങള്‍ നേടാന്‍ 
ഞാന്‍ മാത്രം ഈ ഇടവഴിയില്‍ കാത്തുനില്‍ക്കുന്നു 
നിന്നെത്തിരഞ്ഞല്ല നിന്‍റെ കയ്യിലായിപ്പോയ എന്നെത്തിരഞ്ഞ് 

Friday, November 4, 2011

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍  മനസിന്‍റെ വിങ്ങലാണ് .......
ചിലപ്പോഴെങ്കിലും നമ്മെ ജീവിപ്പിക്കുന്നത് ആ ഓര്‍മ്മകളാണ് .....ജീവിതം തന്നെ തകര്‍ന്നെന്ന് തോന്നുമ്പോഴും    താങ്ങി  നിര്‍ത്തുന്നത് ആരൊക്കെയോ നമുക്കായി കാത്തിരിപ്പുണ്ടെന്ന തോന്നലാണ് ......
ഒന്നും തിരികെ പ്രതീക്ഷിക്കാത്ത നമ്മുടെ വീട്ടുകാരുടെ സ്നേഹവും അത് നല്‍കുന്ന പ്രതീക്ഷകളും ഏറെ  വലുതാണ് ...ആരൊക്കെ തള്ളിപ്പറഞ്ഞാലും ചേര്‍ത്തുപിടിക്കാന്‍ അമ്മയുണ്ടെങ്കില്‍ എന്തിനാണ് വേദന ...? മനസിന്‍റെ നോവ്‌ താങ്ങാനാകാതെ ആകാശത്തുനോക്കി നക്ഷത്രങ്ങളോട് പരിഭവം പറഞ്ഞ്,
കരഞ്ഞു തളര്‍ന്ന് അമ്മയുടെ ചൂട് പറ്റി ഉറങ്ങിയ ആ കാലം ഇന്നകലെയാണ് ....കണ്ണീരിനേക്കാള്‍ ഞാനിന്ന് പുഞ്ചിരിയെ ഇഷ്ടപ്പെടുന്നു ....കരയാന്‍ ആരും കൊതിക്കില്ലെങ്കിലും കരയുന്നവരോട് ഒന്നേ പറയാനുള്ളൂ ...വേദനയിലും ചിരിക്കാന്‍ പഠിക്കൂ ....അത് നമ്മളെ തങ്ങി നിര്‍ത്തും .....ഇന്ന് ഞാന്‍ നഷ്ടങ്ങളില്‍ കരയാറില്ല ...കൂടുതല്‍ നേട്ടങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കും ...കരയിപ്പിക്കുന്നവരെ സ്നേഹത്തിന്‍റെ ചിരികൊണ്ട് തോല്പിക്കും ......ഞാന്‍ കണ്ട സ്വപ്നത്തിലേക്ക് ഇനി അധിക ദൂരമില്ല.അത് ഒരു നിയോഗം പോലെ അതെന്നില്‍ വൈകാതെ വന്നു ചേരുമെന്ന്‍ മനസ് പറയുന്നു ....ഞാന്‍ കാത്തിരിക്കുകയാണ്‌ ആ നല്ല നാളുകള്‍ക്കായി .........

പ്രിയാ നിനക്കായ് .......

നീ അറിയാതെപോയഎന്‍റെ സ്നേഹത്തിന് 
പകരം നല്‍കാന്‍ നിന്‍റെ കയ്യില്‍ ഒന്നുമില്ലെന്ന്‍ എനിക്കറിയാം 
മറ്റേതോ ദേവിയെ മനസ്സില്‍ പൂജിച്ച 
                                                                 നിന്‍റെ മുന്നില്‍ 
പ്രേമ ഭിക്ഷ തേടി വന്ന ഞാനാണ് വിഡ്ഢി
കരളില്ലാത്ത നിന്നെ പ്രണയിച്ച എന്നെ നീ 
ഒരു സുഹൃത്തായി മാത്രമാണോ കണ്ടത്....?
കണ്ണുനീരുകൊണ്ട്  നനഞ്ഞ എന്‍റെ കവിളില്‍ നീ 
എന്തിനാണ് ഒരു കാറ്റായ് വന്നു തലോടി കടന്നു പോയത് ...?
ഒരുനാളും പൂവണിയാത്ത എന്‍റെ മോഹങ്ങള്‍ 
കണ്ണീരില്‍ അലിയിച്ചു കളയുകയാണ് ഞാന്‍ 
പരിശുദ്ധമായ എന്‍റെ മനസ്സില്‍ ഒരു നഷ്ട പ്രണയത്തിന്‍റെ
പാഴ്കിനാവ് വേണ്ട 
തകര്‍ന്ന മോഹങ്ങളെ കെട്ടിപ്പൊക്കുകയും വേണ്ട 
നിന്നോടുള്ള എന്‍റെ സൗഹൃദം ദൈവികമായിരുന്നു 
ജന്മ നിയോഗമായാണ് നമ്മള്‍ തമ്മില്‍ കണ്ടതെന്ന് 
കരുതാനാണിഷ്ടം 
പക്ഷെ സുഹൃത്തെ നിന്‍റെ സൗഹൃദം ഒരു വാടാത്ത പൂപോലെ 
മനസ്സില്‍ കാത്തു വയ്ക്കാം ഞാന്‍ 
ഈ ജന്മം എരിഞ്ഞടങ്ങുമ്പോഴും എന്‍റെ മനസിന്‌ തണലാവാന്‍ 
നിന്‍റെയോര്‍മ്മകള്‍  കൂട്ടായെത്തട്ടെ.....
എന്നെങ്കിലും നിന്നെ ഞാന്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പ്
നിന്‍റെ മനസ്സില്‍ ഞാനില്ലയെങ്കിലും പ്രിയാ
നിനക്കെന്‍റെ ഹൃദയം നിറഞ്ഞ മംഗളങ്ങള്‍ 

Wednesday, November 2, 2011

നീയൊന്നും മിണ്ടീല്ല

നീയൊന്നും മിണ്ടീല്ല ഞാനും പറഞ്ഞില്ല 
മൂകാനുരാഗത്തിന്‍ തെന്മോഴികള്‍ 
ഒടുവിലാരോടും മിണ്ടാതെ പോയൊരാ
നിശതന്‍ നോവും അറിഞ്ഞില്ല നാം ....

അകലെയാകാശത്ത് വിരിഞ്ഞൊര താരകം 
വെറുതേ വന്നൊന്നെത്തി നോക്കി 
മൂകമായ് ചോദിച്ചു എന്നോട് വെറുതേ 
ഇനിയും മൌനമെന്തേ ......?

പറഞ്ഞില്ലയെങ്കിലും പറയാത്ത വാക്കിന് 
കാണാത്ത പൂവിന്‍ സുഗന്ധമുണ്ട് 
വിരിയാതെ കൊഴിഞ്ഞാലും ഇന്നെന്‍റെ
സ്വപ്നതിനായിരം വസന്തത്തിനഴകുമുണ്ട് 


Saturday, October 29, 2011

മുല്ലപ്പൂക്കള്‍

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൂക്കളില്‍ ഒന്നാണ് മുല്ലപ്പൂ .....അതെന്‍റെ ബാല്യകാലത്തിന്‍റെ ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്. അന്നൊക്കെ  മുല്ലപ്പൂക്കള്‍ പറിച്ചെടുക്കാനും മാല കെട്ടാനുമെല്ലാം ഭയങ്കര ഇഷ്ടമായിരുന്നു. ഇന്നും ആ കാലം ഓര്‍മ്മകളില്‍ സുഗന്ധം പരത്തുന്നു.......
            ഞങ്ങളുടെ തറവാടിനു മുറ്റത്തെ ആ മുല്ലചെടികള്‍ ഇന്നില്ല. പുതിയ വീട് പണിതപ്പോള്‍ അതെല്ലാം കളയേണ്ടി വന്നു.ഞങ്ങളുടെ വീട്ടിലെ  മുല്ലപ്പൂ പോരാഞ്ഞിട്ട് കിങ്ങിണിയമ്മയുടെ  വീട്ടിലും പുളിക്കല്‍ക്കാരുടെ വീട്ടിലുമെല്ലാം പോയി മുല്ലമൊട്ട് പറിക്കും. പൂജാമുറിയിലെ ഫോട്ടോകളില്‍ വച്ചതിന്‍റെ ബാക്കി സ്കൂളില്‍ ടീച്ചര്‍മാര്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെ കൊണ്ടുപോയി കൊടുക്കും.
      അതൊക്കെ ഒരു രസമായിരുന്നു. ഇന്ന്‍ മുല്ലപ്പൂ കെട്ടാനും ചൂടാനുമൊന്നും നേരമില്ല. മാത്രമല്ല മുല്ലപ്പൂ വക്കുന്നതൊക്കെ ഇന്ന്‍  ഇഷ്ടമല്ലാതായിരിക്കുന്നു. കാലത്തിനു നമ്മുടെ ഇഷ്ടങ്ങളില്‍ ഒരുപാടു മാറ്റം വരുത്താനാകും.  
     അന്നത്തെ സ്വപ്നം കല്യാണപ്പെണ്ണാകുന്നതായിരുന്നു .ഇന്നതൊക്കെയോര്‍ത്താല്‍ ചിരി വരും.കാലങ്ങള്‍ കടന്നു പോകുമ്പോള്‍ ഇന്നത്തെ ഇഷ്ടങ്ങളും ഇല്ലാതാവുമായിരിക്കും. എങ്കിലും ഒന്നുറപ്പാണ് അന്നും കാണും ഒരുപാടിഷ്ടങ്ങള്‍.......ഇഷ്ടങ്ങളില്ലാതെ  എങ്ങനെ ജീവിക്കാന്‍ ...?